city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 21.01.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 21.01.2013
ഗാര്‍ഹിക പീഡന നിരോധന നിയമം: അവലോകനയോഗവും പരിശീലന പരിപാടിയും

സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗാര്‍ഹിക പീഡന നിയമം സംബന്ധിച്ച് പ്രവര്‍ത്തന പങ്കാളികളുടെ ഏകദിന ജില്ലാതല അവലോകന യോഗം ജനുവരി 22നും, സര്‍ക്കാരിന്റെ സാമുഹ്യക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലയിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓറിയന്റേഷന്‍ പരിശീലന പരിപാടി ജനുവരി 23നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ജനുവരി 22ന് രാവിലെ 10നു നടക്കുന്ന അവലോകനയോഗം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് അദ്ധ്യക്ഷ ഡോ.ഖമറുന്നിസ അദ്ധ്യക്ഷം വഹിക്കും. ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍, എസ്.പി. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ജനുവരി 23ന് രാവിലെ 10മണിക്ക് സന്നദ്ധസംഘടനകള്‍ക്കുള്ള ഏകദിന ഓറിയന്റേഷന്‍ ട്രെയ്‌നിംഗ് പ്രോഗ്രാം സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് അദ്ധ്യക്ഷ ഡോ.ഖമറുന്നിസ അന്‍വര്‍ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ ക്ഷേമ ബോര്‍ഡ് സെക്രട്ടറി ക്ലിന്നീസ്.ജെ.മാത്യൂസ് അദ്ധ്യക്ഷം വഹിക്കും.
ജനുവരി 22,23 തീയതികളില്‍ വൈദ്യുതി മുടങ്ങും

ജില്ലയിലെ വിവിധ 11കെ.വി.ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജനുവരി 22,23 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കാസര്‍കോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജനുവരി 22ന് ബായാര്‍ 11കെ.വി. ഫീഡറിനു കീഴിലുള്ള ജോഡ്ക്കല്‍, അട്ടഗോളി, പൈവളിക, ബായാര്‍, കുരടപദവ്, പെര്‍മുദെ, കമ്പാര്‍ തുടങ്ങിയ സ്ഥലങ്ങളിലും മഞ്ചേശ്വരം 11കെ.വി. ഫീഡറിനു കീഴിലുള്ള മഞ്ചേശ്വരം, കണ്വതീര്‍ത്ഥ, ഹൊസങ്കടി, അങ്ങാടിപ്പടവ്, മജിബയല്‍ തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി വിതരണം മുടങ്ങും. ജനുവരി 23ന് കുറ്റിക്കോല്‍, ഉദുമ, ചട്ടഞ്ചാല്‍, ബദിയഡുക്ക, മുള്ളേരിയ, കാസര്‍കോട,് ചെര്‍ക്കള, നെല്ലിക്കുന്ന്, കുമ്പള സെക്ഷന്‍ പരിധിയിലും ഉപ്പള 11കെ.വി.ഫീഡറുനു കീഴിലുള്ള കൈക്കമ്പ, ഉപ്പള ടൗണ്‍, കുബത്തൂര്‍, മണിമുണ്ട, ഉപ്പള ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിലും കുഞ്ചത്തൂര്‍ 11കെ.വി.ഫീഡറിനു കീഴിലുള്ള പൊസോട്ട്, ഉദ്യാവാര്‍, കുഞ്ചത്തൂര്‍, തുമിനാട്, തലപ്പാടി തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി വിതരണം മുടങ്ങുന്നതാണ്.

കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ നടപ്പിലാക്കുന്ന മഹിളാ കിസാന്‍ സശാക്തീക്കരണ പരിയോജനയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റര്‍ കര്‍ഷകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കാസര്‍കോട് കൃഷി വിജ്ഞാന്‍ കേന്ദ്ര, പിലിക്കോട് പ്രദേശിക ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലായി 1500-ഓളം മഹിളാകര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കിയത്. ജില്ലയിലെ തരിശുഭൂമി കൃഷിയുത്കമാക്കി ഭക്ഷ്യ സുരക്ഷ ഉറപ്പുവരത്തുന്നതാണ് പ്രധാന ലക്ഷ്യം. തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റര്‍ കര്‍ഷകരിലൂടെ സംഘകൃഷി ഗ്രൂപ്പുകളുടെ കാര്യശേഷി വര്‍ദ്ധിപ്പിച്ചു കൃഷി സജീവമാക്കും. ഡോ. മനോജ്, ഡോ.ലീന, ഡോ.സന്തോഷ്, ഇല്യാസ്.കെ.പി, നാരായണ ഭട്ട്, അനില്‍, ഡോ.മുരളി, ഡോ.സച്ചിന്ദ്രന്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റല്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു.

ക്രഷ് തുടങ്ങാന്‍ സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് ക്രഷ് പ്രോഗ്രം നടത്തുവാനായി അര്‍ഹരായ സന്നദ്ധ സംധടനകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. സംഘടനകള്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുമായിരിക്കണം. അപേക്ഷകര്‍ ചെയര്‍പേഴ്‌സണ്‍, സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ്, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ജനുവരി 30നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2722258 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

എല്‍.ഡി.ടൈപ്പിസ്റ്റ്: സര്‍ട്ടിഫിക്കറ്റ് പരിശോധന

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് (വികലാംഗര്‍ക്കായുള്ള പ്രത്യേക നിയമനം) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അസ്സല്‍ പ്രമാണ പരിശോധനയും അര്‍ഹതാനിര്‍ണ്ണയ ഇന്റര്‍വ്യൂവും ജനുവരി 25 രാവിലെ 9ന് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസില്‍ (ടൈഗര്‍ ഹില്‍സ്, മിനിസിപ്പല്‍ ഓഫീസ് റോഡ്, പുലിക്കുന്ന്, കാസര്‍കോട്) നടത്തും. ഇതു സംബന്ധിച്ച വ്യക്തിഗത മെമ്മോയില്‍ പറയുന്ന രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം. ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.

സമ്മതിദായക ദിനം 25ന്: തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും

ജനുവരി 22ന് (ഇന്ന്) ജില്ലയില്‍ ദേശീയ സമ്മതിദായക ദിനമായി ആചരിക്കും. ജില്ലാതല ദേശീയ സമ്മതിദായകദിനാചരണം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പകല്‍ 11 മണിക്ക് പ്രമുഖ എഴുത്തുകാരന്‍ ടി.എന്‍.പ്രകാശ് ഉദ്ഘാടനം ചെയ്യും. കാസര്‍കോട് അസംബ്ലി മണഡലത്തിലെ 75,76,77 ബൂത്തുകളിലെ വോട്ടര്‍മാര്‍ക്ക് ചടങ്ങില്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതാണ്. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ജനുവരി 25ന് അതാത് പോളിംഗ് സ്റ്റേഷന്‍ ലൊക്കേഷനുകളില്‍ വിതരണം ചെയ്യുന്നതാണ്.

സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ 

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും ഏഴ്, എട്ട് ക്ലാസ്സുകളില്‍ (ഇപ്പോള്‍ ആറ്, ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക്) ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് കായിക പ്രതിഭകളെ തെരഞ്ഞെടുക്കുന്നു. കായിക താരങ്ങള്‍ 14 വയസ്സിന് താഴെ പ്രായമുള്ളവരായിരിക്കണം (1.1.99ന് ശേഷം ജനിച്ചവര്‍). ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും സമ്മാനം നേയിടവര്‍ക്കും 9,10 ക്ലാസ്സുകളില്‍ പ്രവേശനം അനുവദിക്കും.
അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളീബോള്‍, ഹാന്‍ഡ്‌ബോള്‍, ഫുട്‌ബോള്‍, നീന്തല്‍, ബോക്‌സിംഗ്, കബഡി, ഖൊ.ഖൊ, തയ്ഖ്യാണ്‍ഡോ, ജൂഡോ, ഫെന്‍സിംഗ്, ആര്‍ച്ചറി, വെയ്റ്റ്‌ലിഫ്റ്റിംഗ്, സൈക്ലിംഗ് എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷന്‍. ജില്ലയിലെ കായികതാരങ്ങളുടെ പ്രാഥമിക സെലക്ഷന്‍ ഇന്നും നാളെയും നടക്കും. 22ന് രാവിലെ ഒമ്പത് മണി മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലും 23ന് രാവിലെ ഒമ്പത് മണി മുതല്‍ നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലുമാണ് സെലക്ഷന്‍. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പായി സ്‌പോര്‍ട്‌സ് കിറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തിച്ചേരണം.

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യതാ പട്ടിക

വികലാംഗര്‍ക്കായുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പ്രകാരം ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്കുള്ള (കാസര്‍കോട് ജില്ല) സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പരിശോധനയ്ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും.

വില്ലേജ്മാന്‍: സര്‍ട്ടിഫിക്കറ്റ് പരിശോധന

ജില്ലയില്‍ റവന്യൂ വകുപ്പില്‍ വില്ലേജ്മാന്‍ തസ്തികയ്ക്ക് ജനുവരി 24ന് നടത്താന്‍ നിശ്ചയിച്ചുരുന്ന വികലാംഗ ഉദ്യോഗാര്‍ത്ഥികളുടെ അസ്സല്‍ പ്രമാണ പരിശോധനയും അര്‍ഹതാ നിര്‍ണ്ണയവും ജനുവരി 25ന് രാവിലെ 8ന് ജില്ലാ പി.എസ്.സി. ഓഫീസില്‍ (ടൈഗര്‍ ഹില്‍സ്, മിനിസിപ്പല്‍ ഓഫീസ് റോഡ്, പുലിക്കുന്ന്, കാസര്‍കോട്) നടത്തും. ഇത് സംബന്ധിച്ച വ്യക്തിഗത മെമ്മോ വീണ്ടും അയക്കുന്നതല്ല.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ സമഗ്ര നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ള ഒരു ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും.

കാര്‍ വാങ്ങുന്നതിന് ടെണ്ടര്‍

കാസര്‍കോട് ചിഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉപയോഗത്തിനായി പുതിയ മാരുതി സ്വിഫ്റ്റ് ഡിസയര്‍കാര്‍ വാങ്ങുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 31ന് രണ്ട് മണിവരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദാംശങ്ങള്‍ വിദ്യാനഗറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഓഫീസില്‍ നിന്ന് ലഭിക്കും.

രണ്ടു വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്

ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ നം.19 ചെമ്പരിക്ക വാര്‍ഡിലേക്കും തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ നം.03 തൃക്കരിപ്പൂര്‍ ടൗണ്‍ വാര്‍ഡിലേക്കും നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ കാര്യപരിപാടി പ്രസ്താവിച്ചു. ഫെബ്രുവരി 19നാണ് വോട്ടെടുപ്പ്. ജനുവരി 30വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഫെബ്രുവരി 20ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

ഗാത്ര വനിതാ ശില്‍പശാല: സംഘാടക സമിതി രൂപീകരിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം ബളാല്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ ജനുവരി 25,26,27 തീയതികളിലായി സംഘടിപ്പിക്കുന്ന ഗോത്രമൊഴി-ഗോത്രവനിതാ ശില്‍പശാലയുടെ സംഘാടകസമിതി രൂപീകരിച്ചു. ചെയര്‍മാനായി ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം, കണ്‍വീനറായി രഞ്ജിത്ത് മാമ്പ്രത്ത്, വര്‍ക്കിംഗ് ചെയര്‍മാനായി ജില്ലാ പഞ്ചായത്തംഗം ഹരീഷ്.പി.നായര്‍, ഓര്‍ഗനൈസിംഗ് കണ്‍വീനറായി ഉണ്ണി എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ യുവശക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍, എസ്.ടി.പ്രമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

എല്‍.ഡി.ടൈപ്പിസ്റ്റ് സാധ്യതാ പട്ടിക

വിവിധ വകുപ്പുകളില്‍ എല്‍.ഡി.ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്, ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് നിയമനത്തിനായി വികലാംഗര്‍ക്കുവേണ്ടിയുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പ്രകാരം തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പരിശോധനയ്ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും.

മത്സര പരീക്ഷകള്‍ക്ക് പരിശീലനം

മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളേജില്‍ നടപ്പിലാക്കുന്ന കോച്ചിങ്ങ് ക്ലാസ്സസ്സ് ഫോര്‍ എന്‍ട്രി സര്‍വീസസിന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീയതി ഫെബ്രുവരി 1ലേക്ക് നീട്ടി. പട്ടികവര്‍ഗ്ഗം മറ്റ് പിന്നോക്ക വിഭാഗം (നോണ്‍ ക്രിമിലയര്‍), സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന ജനറല്‍ വിഭാഗം എന്നിവയില്‍ നിന്നും യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി മത്സര പരീക്ഷകള്‍ക്കുവേണ്ടിയുള്ള പരിശീലനം നല്‍കും. അഖിലേന്ത്യ സിവില്‍ സര്‍വീസസ്, ബാങ്ക് ഓഫീസര്‍, ബാങ്ക് ക്ലര്‍ക്ക്, കേരള പി.എസ്.സി യു.പി.എസ്.സി യു.ജി,സി ലക്ചറര്‍ഷിപ്പ് പരീക്ഷകള്‍ക്കായുള്ള സൗജന്യ പരിശീലന ക്ലാസ്സുകളാണ് നടത്തുക. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ഒന്നിന് മുന്‍പ് അപേക്ഷിക്കണം. അപേക്ഷകള്‍ കോളേജ് ഓഫീസില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 04998 272670 (കോളേജ്), 9496281982 (കോര്‍ഡിനേറ്റര്‍).

Keywords: Announcements, Government, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia