city-gold-ad-for-blogger

സര്‍ക്കാര്‍ അറിയിപ്പുകള്‍ 15.05.2013

ഉജംപാടി കോളനിയില്‍ ജില്ലാകളക്ടറുടെ അദാലത്ത്

ജില്ലയിലെ പട്ടികവിഭാഗം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ജില്ലാകളക്ടര്‍ വിവിധ കോളനികളില്‍ അദാലത്ത് നടത്തുന്നു. പ്രഥമ അദാലത്ത് മെയ് 16 രാവിലെ 10.30ന് ദേലംപാടി ഗ്രാമപഞ്ചായത്തിലെ ഉജംപാടി പട്ടികജാതി കോളനിയില്‍ നടക്കും.

ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ വിവിധ പരാതികളില്‍തീര്‍പ്പ് കല്‍പ്പിക്കും. ഇതോടൊപ്പം സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. റവന്യൂ, ഹെല്‍ത്ത്, പൊതുവിതരണം, പഞ്ചായത്ത് പട്ടികജാതി വികസനം, കൃഷി, ജലസേചനം, വൈദ്യുതി തുടങ്ങി 15 ഓളം വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംബന്ധിക്കും.

എഞ്ചിനീയറിംഗ് ഓറിയന്റേഷന്‍ ക്ലാസ്

കാസര്‍കോട് എല്‍. ബി. എസ് എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തില്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കായി എഞ്ചിനീയറിംഗ് ബ്രാഞ്ചുകള്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ബോധവല്‍ക്കരണ ക്ലാസ് മേയ് 19ന് രാവിലെ 10ന് നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നടത്തുന്നു. താല്‍പര്യമുളളവര്‍ 9446271225, 9995401430 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

സ്‌ക്കൂള്‍ വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരാക്കണം


സ്‌ക്കൂള്‍ വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുളള വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിലേക്കായി മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന ഒരു പ്രീ മണ്‍സൂണ്‍ പരിശോധന കാസര്‍കോട്, കാഞ്ഞങ്ങാട് ആര്‍.ടി ഓഫീസുകളില്‍ ഈ മാസം എല്ലാ ബുധനാഴ്ചകളിലും നടത്തുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഒരു വര്‍ഷത്തിനുമേല്‍ പഴക്കമുളള എല്ലാ സ്‌ക്കൂള്‍ ബസുകളും അറ്റകുറ്റപണികള്‍ തീര്‍ത്ത് സ്പീഡ് ഗവര്‍ണര്‍, സൈഡ് കര്‍ട്ടണുകള്‍, ലൈറ്റുകള്‍, സീറ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കി പരിശോധനയ്ക്കായി കൊണ്ടുവരേണ്ടതാണ്. മുന്‍ ഗ്ലാസ്സുകളില്‍ നിര്‍ദിഷ്ട സ്റ്റിക്കറുകള്‍ പതിപ്പിക്കേണ്ടതാണ്.

ഓട്ടോ മീറ്ററുകള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ 2000 രൂപ പിഴ

ജില്ലയില്‍ ഓടുന്ന എല്ലാ ഓട്ടോറിക്ഷകളിലും പഞ്ചായത്തുകളടക്കം നിര്‍ബന്ധമായും ഫെയര്‍ മീറ്ററുകള്‍
സര്‍ക്കാര്‍ അറിയിപ്പുകള്‍ 15.05.2013
പ്രവര്‍ത്തിപ്പിക്കേണ്ടതും നിര്‍ദിഷ്ട യാത്രാ നിരക്ക് കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കേണ്ടതുമാണെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഇതിനു വിരുദ്ധമായി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് ആദ്യത്തെ നടപടി എന്ന നിലയ്ക്ക് 2000 രൂപ പിഴ ഈടാക്കുന്നതും വീണ്ടും പിടിക്കപ്പെട്ടാല്‍ പെര്‍മിറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കല്‍ അടക്കമുളള നടപടികള്‍ സ്വീകരിക്കുന്നതുമാണ്. അമിത യാത്രാക്കൂലി ഈടാക്കുന്നതിനായി പരാതി ലഭിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദുചെയ്യുന്നതാണെന്നും ആര്‍.ടി.ഒ അറിയിച്ചു.

പ്രോഗ്രാമിങ്ങ് കോഴ്‌സ്

ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സി-ഡിറ്റ് കാസര്‍കോട് ജില്ലാ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഒരുമാസത്തെ സി, സി ഡബ്ബിള്‍പ്ലസ് പ്രോഗ്രാമിങ്ങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ മേയ് 22നകം സി-ഡിറ്റ് പഠന കേന്ദ്രം, ഇന്ത്യന്‍ കോഫ് ഹൗസിന് എതിര്‍വശം, പുതിയ ബസ് സ്റ്റാന്‍ഡ് കാസര്‍കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 9747001588.

പിജിഡിസിഎ, ഡിസിഎ കോഴ്‌സ്

സി-ഡിറ്റ് ജില്ലാ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന അംഗീകൃത പിജിഡിസിഎ, ഡിസിഎ കോഴ്‌സിന്റെ റെഗുലര്‍ സണ്‍ഡേ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഫീസിളവ് ലഭിക്കും. സി-ഡിറ്റ് പഠനകേന്ദ്രം ഇന്ത്യന്‍ കോഫ് ഹൗസിന് എതിര്‍വശം, പുതിയ ബസ്റ്റാന്‍ഡ്, കാസര്‍കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 9747001588. പൂരിപ്പിച്ച അപേക്ഷ മേയ് 25വരെ സ്വീകരിക്കും.

ഡിഗ്രി പ്രവേശനം അപേക്ഷ 25വരെ

ഐഎച്ച്ആര്‍ഡിയുടെ നീലേശ്വരം മടിക്കൈ മോഡല്‍ കോളേജില്‍ ബി എസ് സി ഇലക്‌ട്രോണിക്‌സ്, ബി.എ.ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് തുടങ്ങിയ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ഫോറം വിതരണം തുടങ്ങി. മടിക്കൈ മേക്കാട്ടുളള കോളേജ് ഓഫീസില്‍ മേയ് 25നകം പൂരിപ്പിച്ച അപേക്ഷകള്‍ സര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പ്ലസ്ടു ക്ലാസ് 20ന് തുടങ്ങും


ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്ലസ്ടു ക്ലാസ് മേയ് 20ന് രാവിലെ 9.30ന് തുടങ്ങുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഇശല്‍ പെരുമയില്‍ പങ്കെടുക്കാം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മാപ്പിള കലയുടേയും കലാകാരന്‍മാരുടേയും ഉന്നമനം ലക്ഷ്യമാക്കി മേയ് 23, 24, 25 തീയതികളില്‍ മലപ്പുറത്തു വെച്ച് ഇശല്‍ പെരുമ-2013 സംഘടിപ്പിക്കുന്നു. പ്രതിനിധി ക്യാമ്പ്, മാപ്പിളഗാനമേള, സാംസ്‌ക്കാരിക സമ്മേളനം, മാപ്പിള കലാരംഗത്തെ പ്രശസ്തരെ ആദരിക്കല്‍, മാപ്പിള കലാരൂപ പ്രദര്‍ശനങ്ങള്‍, ഇശല്‍ സന്ധ്യ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തും. പ്രതിനിധി ക്യാമ്പില്‍ മാപ്പിള കലാരംഗവുമായി ബന്ധപ്പെട്ട സംസ്ഥാനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്ക് അവസരം ലഭിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ അപേക്ഷ, ഫോട്ടോ പതിച്ച ബയോഡാറ്റ, മാപ്പിളകലാരംഗത്തെ അംഗീകാര പത്രം എന്നിവ സഹിതം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജനകേന്ദ്രം, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാപഞ്ചായത്ത് ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന്‍,വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് എന്ന വിലാസത്തില്‍ മേയ്18നകം അപേക്ഷിക്കണം. ഫോണ്‍-04994-256219, 9567779879, 9995797296 ഇ-മെയില്‍ ksgd123@youthkerala.org.

ഉദുമ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവേശനം

ടൂറിസം വകുപ്പിന്റെ കീഴിലുളള ഉദുമ ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ 2013-14 അദ്ധ്യയന വര്‍ഷത്തേക്ക് പ്രവേശനത്തിനുളള അപേക്ഷകള്‍ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബീവറേജ് സര്‍വീസ്, ഫ്രണ്ട്‌സ് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കൊമൊഡേഷന്‍, ഓപ്പറേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. ഒരു വര്‍ഷത്തെ കോഴ്‌സില്‍ എസ് എസ് എല്‍ സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രോസ്‌പെക്ടസും, അപേക്ഷാഫോറവും ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും 50 രൂപ അടച്ചാല്‍ ലഭിക്കും. എസ് സി, എസ് ടി വിഭാഗക്കാര്‍ 25 രൂപ അടച്ചാല്‍ മതി. ഫോണ്‍ 0467 2236347, 9446085004. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 3നകം ലഭിക്കണം.

സൗഹൃദ ക്രിക്കറ്റ് മത്സരം 19ന്

നാടാകെ ക്രിക്കറ്റ് ലഹരിയില്‍ മുഴുകുന്ന സാഹചര്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട് പ്രസ്‌ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും മാറ്റുരക്കുന്ന ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് മേയ് 19ന് രാവിലെ 8ന് കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ്‌സഗീര്‍ നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരും ജില്ലാപോലീസ് മേധാവി എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് ടീമും പ്രസ്‌ക്ലബ് സെക്രട്ടറി മുഹമ്മദ്ഹാഷിമിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരും നാലുടീമുകളായി സൗഹൃദ മത്സരത്തില്‍ മാറ്റുരയ്ക്കും.

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്


അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളില്‍ കിഴക്ക് ദിശയില്‍ നിന്നും 45 കി.മീ മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

സൈബര്‍ശ്രീയില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ

ആന്‍ട്രോയ്ഡ് മൊബൈല്‍ ടെക്‌നോളജി, വിഷ്വല്‍ ഇഫക്ട് ആന്റ് 3ഡി ആനിമേഷന്‍, അഡ്വാന്‍സ് നെറ്റ് വര്‍ക്കിംഗ് ടെക്‌നോളജീസ്, സോഫ്റ്റ് സ്‌കില്‍ എന്നീ മേഖലകളില്‍ ആധുനിക പരിശീലനം നല്‍കുന്നതിലേക്ക് 22നും 26നും മദ്ധ്യേ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പെട്ടവരെ തെരഞ്ഞെടുക്കുന്നു. പ്രതിമാസം 4000 രൂപ സ്റ്റൈപന്റ് ലഭിക്കും.

ആന്‍ട്രോയ്ഡ് മൊബൈല്‍ ടെക്‌നോളജിയില്‍ എഞ്ചിനീയറിംഗ്, ഡിപ്ലോമ ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഇവയിലേതെങ്കിലും പാസായവരായിരിക്കണം. വിഷ്വല്‍ ഇഫക്ട് ആന്റ് 3ഡി ആനിമേഷന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവരായിരിക്കണം. ബിഎഫ് എ ഉളളവര്‍ക്കും പങ്കെടുക്കാം.

അഡ്വാന്‍സ് നെറ്റ് വര്‍ക്കിംഗ് ടെക്‌നോളജീസ് ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രമെന്റേഷന്‍ ഇവയിലേതിലെങ്കിലും ബിരുദം, ഡിപ്ലോമ പാസായവര്‍ക്കും, എംസിഎ, എം.എസ്‌സി, ബി.ടെക് പാസായവര്‍ക്കും പങ്കെടുക്കാം. മൂന്നു കോഴ്‌സുകള്‍ക്കും ആറുമാസമാണ് പരിശീലനം. സോഫ്റ്റ് സ്‌കില്ലിനുളള യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം, അല്ലെങ്കില്‍ ഡിപ്ലോമ. പരിശീലന കാലാവധി മൂന്നു മാസം. വിശദവിവരങ്ങള്‍ www.cybersri.org, www.cdit.org എന്നീ വെബ് സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. താല്‍പര്യമുളളവര്‍ വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം മേയ് 18ന് സൈബര്‍ശ്രീ, സി-ഡിറ്റ്, ടി.സി 26/847, പ്രകാശ് വിആര്‍എ-ഡി7, വിമന്‍സ് കോളേജ് റോഡ്, തൈക്കാട്,തിരുവനന്തപുരം-695014 തിരുവനന്തപുരം തൈക്കാടുളള വിമന്‍സ് കോളേജ് റോഡിലെ സൈബര്‍ശ്രീ ഓഫീസില്‍ രാവിലെ9.30ന ് എത്തിച്ചേരണം. ഫോണ്‍ 0471-2323949.

എന്‍ ഡി ആര്‍ എഫ് സംഘം എത്തും


പ്രകൃതിക്ഷോഭ പ്രദേശങ്ങളില്‍ ആധുനിക രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന നാഷണല്‍ ഡിഫന്‍സ് റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ 22 സംഘം മേയ് 19ന് കാസര്‍കോട്ടെത്തും. മേയ് 20ന് കാസര്‍കോട്ടും, 21നു കാഞ്ഞങ്ങാട്ടും സംഘം രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളുടെ പ്രവര്‍ത്തന-പ്രദര്‍ശന ക്യാമ്പുകളും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിക്കും. സംഘത്തിന്റെ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ മേയ്17ന് മൂന്നു മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരും.

എക്‌സാമിനേഴ്‌സ് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ഐടിഐ 2013 ജൂലൈയില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന്റെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് എക്‌സാമിനേഴ്‌സ് ആയി നിയോഗിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സാങ്കേതിക യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ കാസര്‍കോട് ഐടിഐ പ്രിന്‍സിപ്പാളുമായി മേയ് 20നകം ബന്ധപ്പെടണം. ഫോണ്‍ 04994-256990.

വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സ്

ആറന്‍മുളയില്‍ വാസ്തുവിദ്യാഗുരുകുലം വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിന്റെ കാലദൈര്‍ഘ്യം ഒരു വര്‍ഷം. അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. സിവില്‍, ആര്‍ക്കിടെക്ചര്‍, ക്വാണ്ടിറ്റിസര്‍വേയിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റില്‍ പോളിടെക്‌നിക്ക് ഡിപ്ലോമ ഉളളവരേയും പരിഗണിക്കും. 300 സീറ്റുകളാണുളളത്. കോഴ്‌സ് ഫീസ് 7500 രൂപ.

പ്രോസ്‌പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കുന്നതിന് ആറന്‍മുള പോസ്റ്റോഫീസില്‍ മാറാവുന്ന 100 രൂപയുടെ പോസ്റ്റല്‍ ഒര്‍ഡറോ മണിയോര്‍ഡറോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്‍മുള പിന്‍ 689533 പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കണം. www.vastuvidyagurukulam.com എന്ന വെബ് സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ ആവശ്യമുളള രേഖകളും 100 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറും സഹിതം അയക്കാം. പൂരിപ്പിച്ച അപേക്ഷ ജൂലൈ 20നകം ലഭിക്കണം.

യുവജന ക്ലബ്ബുകളുടെ യോഗം 20ന്

കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് കാസര്‍കോട് ജില്ലാ യുവജനകേന്ദ്രത്തില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകളുടെ യോഗം മേയ്20ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നു. യോഗത്തില്‍ ജില്ലാ യുവജനകേന്ദ്രത്തില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകളുടെ ഭാരവാഹികള്‍ പങ്കെടുക്കണമെന്ന് യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04994-256219, 9995797296.


പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ ബങ്കളം ആണ്‍കുട്ടികളുടെ പ്രീ-മെട്രിക്ക് ഹോസ്റ്റലിലും ചെമ്മട്ടംവയല്‍ പെണ്‍കുട്ടികളുടെ പ്രീ-മെട്രിക്ക് ഹോസ്റ്റലിലും 2013-14 വര്‍ഷത്തിലെ നിലവിലുളള ഒഴിവുകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ജാതി, ജനനതീയതി, 2012-2013 വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് എന്നിവ ഹാജരാക്കണം. അഞ്ച് മുതല്‍ പത്താം തരം വരെയുളള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. പട്ടികജാതി വിഭാഗക്കാരായ അപേക്ഷകരുടെ അഭാവത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകരെയും പരിഗണിക്കും. മൊത്തം സീറ്റുകളുടെ 10 ശതമാനം മറ്റര്‍ഹ, പിന്നോക്ക, മുന്നോക്ക വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്നതാണ്. ഈ വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ ഫോറവും വിശദ വിവരങ്ങളും കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ മെയ് 25 നകം ലഭിക്കണം.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനധനസഹായം നല്‍കുന്നു

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി, പി.ജി., പ്രൊഫഷണല്‍ കോഴ്‌സുകള്‍ തുടങ്ങിയ പരീക്ഷകളില്‍ ജില്ലയില്‍ സ്ഥാപനങ്ങളില്‍ നിന്നും ഒന്നാം ക്ലാസ്, ഡിസ്റ്റിംഗ്ഷനോടു കൂടി പാസാകുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം നല്‍കുന്നതിന് ജില്ലാ പട്ടികജാതി വികസന ആഫീസര്‍ അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാഫലം ഗ്രേഡിംങ്ങ് സമ്പ്രദായപ്രകാരമായതിനാല്‍ എസ്.എസ്.എല്‍.സിക്ക് ആറ് എ ഗ്രേഡും നാല് ബി ഗ്രേഡും ഹയര്‍ സെക്കന്‍ഡറിക്ക് നാല് എ ഗ്രേഡും രണ്ട് ബി ഗ്രേഡും ലഭിച്ചവര്‍ക്ക് ഡിസ്റ്റിംഗ്ഷന് സമാനവും എസ്.എസ്.എല്‍.സിക്ക് ആറ് എ, ബി ഗ്രേഡുകളും നാല് സി ഗ്രേഡും ഹയര്‍സെക്കന്ററിക്ക് നാല് എ ബി ഗ്രേഡും രണ്ട് സി ഗ്രേഡുകളും ലഭിച്ചവര്‍ക്ക് ഫസ്റ്റ് ക്ലാസ്സിന് സമാനമായും ധനസഹായം അനുവദിക്കുന്നതാണ്.

രക്ഷിതാവിന്റെ പേര് മേല്‍വിലാസം ജാതി,മതം, പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്, ഗ്രേഡ് പഠിച്ചിരുന്ന സ്ഥാപനത്തിന്റെ പേര്, പരീക്ഷ സെന്റര്‍, ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനം എന്നിവ ഉള്‍പ്പെടുത്തി വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാപട്ടികജാതി വികസന ആഫീസര്‍ക്ക് പരീക്ഷാഫലം പ്രഖ്യാപിച്ച തീയതിമുതല്‍ ഒരു മാസത്തിനകം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ജാതി, പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്, ഗ്രേഡ് തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പ് എന്നിവ ഉളളടക്കം ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളില്‍ നിന്നും ലഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 04994 256162 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടാം.

Keywords: Announcements, Government, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia