city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 04.10.12

സര്‍ക്കാര്‍ അറിയിപ്പുകള്‍ 04.10.12
വികലാംഗരുടെ അവകാശ സംരക്ഷണ ശില്പശാല 12ന്

മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പ് വരുത്തുന്ന നാഷണല്‍ ട്രസ്റ്റ് നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒക്‌ടോബര്‍ 12ന് പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ശില്പശാല സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍ അറിയിച്ചു.

ബുദ്ധിപരവും വളര്‍ച സംബന്ധവുമായ വൈകല്യങ്ങള്‍ നേരിടുന്നവരുടെ രക്ഷിതാക്കളുടെ ദേശീയ സംഘടനയായ പരിവാറിന്റെ സഹായത്തോടെയാണ് പുതിയ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി നടത്തുന്നത്. 18 വയസ്സ് പൂര്‍ത്തിയായ എല്ലാ വികലാംഗര്‍ക്കും സാധാരണ പൗരന് ലഭിക്കുന്ന സാമുഹികമായ അംഗീകാരവും ഭരണഘടന നല്‍കുന്ന അവകാശങ്ങളും ഉറപ്പ് വരുത്തുന്നതാണ് പുതിയ നിയമം. ശില്പശാലയില്‍ വിദ്യാഭ്യാസ, ആരോഗ്യ, നിയമ, മനശ്ശാസ്ത്ര മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കും.

സാഹസിക ടൂറിസം: സൈക്കിള്‍ റാലി 11ന് ആരംഭിക്കും

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സൈക്‌ളിംഗ് അസോസിയേഷന്‍, ഒളിംപിക് അസോസിയേഷന്‍ തുടങ്ങിയ വിവിധ സംഘടനകളുടെ സഹകരണത്തോടെ കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് സാഹസിക വിനോദ സഞ്ചാര സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. റാലി ഒക്‌ടോബര്‍ 11ന് ബേക്കല്‍ കോട്ടയില്‍ ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍ കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

യുവാക്കളില്‍ സാഹസിക ടൂറിസത്തിന്റെ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. ബേക്കലില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും നൂറുകണക്കിന് യുവാക്കള്‍ റാലിയില്‍ അണിചേരും. 11-ാം തീയ്യതി ബേക്കലില്‍ നിന്നും പുറപ്പെടുന്ന റാലി കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, കരിവെള്ളൂര്‍, വെള്ളൂര്‍, പെരുമ്പ, ഏഴിലോട്, പിലാത്തറ, പരിയാരം മെഡിക്കല്‍ കോളേജ്, തളിപ്പറമ്പ്, ധര്‍മ്മശാല, പാപ്പിനിശ്ശേരി, പുതിയതെരുവ് വഴി കണ്ണൂര്‍ സ്റ്റേഡിയത്തിലെത്തും. തുടര്‍ന്ന് വിവിധ ജില്ലകളില്‍ പര്യടനം നടത്തി ഒക്‌ടോബര്‍ 17ന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന പരിപാടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

പൈക്ക കബഡി, ഖൊ-ഖൊ മത്സരം 13ന്

പൈക്ക വനിതാ കായികമേളയുടെ ഭാഗമായി കബഡി, ഖൊ-ഖൊ മത്സരങ്ങള്‍ ഒക്‌ടോബര്‍ 13ന് ചെറുവത്തൂര്‍ കാരി-കുണ്ടുപടന്നയില്‍ നടക്കും. രാവിലെ 12 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ഉദ്ഘാടന പരിപാടി, കലാപരിപാടികള്‍, ജിമ്മിജോര്‍ജ്ജ് അനുസ്മരണം എന്നീ പരിപാടികള്‍ക്ക് ശേഷം രാത്രി എട്ട് മണിക്ക് കബഡി, ഖൊ-ഖൊ മത്സരങ്ങള്‍ തുടരും. 14ന് ആറുമണിക്ക് വോളിബോള്‍ മത്സരങ്ങള്‍ നടക്കും. നാലുമണിക്കുള്ള സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

വാഹനം ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്‌സ്മാന്റെ ഉപയോഗത്തിനായി കരാറടിസ്ഥാനത്തില്‍ മാസ വാടകയ്ക്ക് ഒരു വാഹനം (കാര്‍) ലഭ്യമാക്കാന്‍ താല്‍പ്പര്യമുള്ള വാഹന ഉടമകള്‍, ഡ്രൈവര്‍ എന്നിവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 17ന് മൂന്ന് മണിക്കകം ക്വട്ടേഷന്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ 04994-255944 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കുന്നതാണ്.

പട്ടികജാതിക്കാരുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് രജിസ്‌ട്രേഷന്‍

സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിന്‍ കീഴില്‍ ജില്ലയിലെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങളുടെയും രജിസ്‌ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ആരംഭിച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ്, കുടുംബത്തിലെ ഏതെങ്കിലും ഒരംഗത്തിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്‌ടോബര്‍ 16നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സൗജന്യമായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നവരുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ 2013 ഏപ്രില്‍ മാസം മുതല്‍ ലഭ്യമാകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്.സി.പ്രൊമോട്ടര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.

മൊബൈല്‍ കണ്ണ് പരിശോധനാ ക്യാമ്പുകള്‍

ജില്ലാ ആസ്പത്രിയുടെ ജില്ലാ മൊബൈല്‍ കണ്ണ് പരിശോധനാ യൂണിറ്റ് ഒക്‌ടോബര്‍ മാസത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കണ്ണ് പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഒക്‌ടോബര്‍ എട്ടിന് കരിച്ചേരി പി.എച്ച്.സി, ഒന്‍പതിന് പനത്തടി സി.എച്ച്.സി, 11ന് വെള്ളിക്കോത്ത് സീനിയര്‍ സിറ്റിസെന്‍സ് ഫോറം, 15ന് പടന്ന പി.എച്ച്.സി, 16ന് മുളിയാര്‍ പി.എച്ച്.സി, 18ന് ബന്തടുക്ക പി.എച്ച്.സി, 25ന് അജാനൂര്‍ വിവേകാനന്ദ സ്‌കൂള്‍, 29ന് നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍, 30ന് പി.എച്ച്.സി ചിറ്റാരിക്കല്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടത്തുക.

ഇംഹാന്‍സ് മെഡിക്കല്‍ ക്യാമ്പ്

ഇംഹാന്‍സ് സാമൂഹിക മാനസീകാരോഗ്യ പരിപാടിയുടെ ഭാഗമായി ഒക്‌ടോബര്‍ മാസത്തില്‍ പ്രത്യേക മെഡിക്കല്‍ ടീം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ രോഗികളെ പരിശോധന നടത്തി ചികിത്സ നല്‍കുന്നതാണ്. ഒക്‌ടോബര്‍ 6, 20, 27 തീയ്യതികളില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി, അഞ്ചിന് ചിറ്റാരിക്കല്‍ പിഎച്ച്‌സി, 9ന് ബേഡഡുക്ക, 10ന് ബദിയടുക്ക, 11ന് മംഗല്‍പ്പാടി, 12ന് പനത്തടി, 16ന് മഞ്ചേശ്വരം, 18ന് കുമ്പള, 19ന് നീലേശ്വരം, 30ന് പെരിയ, 31ന് തൃക്കരിപ്പൂര്‍, 25ന് മുളിയാര്‍, 26ന് ചെറുവത്തൂര്‍ എന്നീ കേന്ദ്രങ്ങളിലാണ് മെഡിക്കല്‍ സംഘം രോഗികളെ പരിശോധിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745708655 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

നിയമസഭാ സമിതി സിറ്റിംഗ് മാറ്റി

കേരള നിയമസഭയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി ഒക്‌ടോബര്‍ 10ന് രാവിലെ 10.30ന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാന്‍ നിശ്ചയിച്ച തെളിവെടുപ്പ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി.

സ്ഥലം ലേലം ചെയ്യുന്നു

ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ പനത്തടി വില്ലേജില്‍ റി.സ.നം.313/5ബി യില്‍പ്പെട്ട 0.07 ഏക്കര്‍ സ്ഥലം ഒക്‌ടോബര്‍ 29ന് 11 മണിക്ക് പനത്തടി വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൊസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

അംഗന്‍വാടി ഹെല്‍പ്പര്‍ നിയമനം

മുളിയാര്‍, ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളിലെ അംഗന്‍വാടികളില്‍ അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായവരും 18നും 46നും മദ്ധ്യേ പ്രായമുള്ളവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എഴുതുവാനും വായിക്കാനും കഴിവുമുള്ളവരും എസ്.എസ്.എല്‍.സി പാസ്സാകാത്തവരും 18നും 46നും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. സ്ത്രീകള്‍ മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പാടുള്ളൂ. അപേക്ഷാ ഫോറവും വിശദവിവരങ്ങളും കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഒക്‌ടോബര്‍ 20.

എല്‍.ബി.എസ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. പ്രസ്തുത വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തരബിരുദം നേടിയ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 10ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-250290.
ടൂറിസം കേന്ദ്രങ്ങളിലെ ശുചീകരണം തുടങ്ങി

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നതിനായി കേരളാ ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച കീപ്പ് കേരള ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ബേക്കല്‍ ബീച്ച്, ബേക്കല്‍ ഫോര്‍ട്ട് എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടന്ന പരിപാടി പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ.യു.അബ്ദുര്‍ റഹിമാന്‍, കെ.ഇ.എ.ബക്കര്‍, അഹമ്മദ് മൗവ്വല്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി നാഗേഷ് തെരുവത്ത്, മാലിനി എന്നിവര്‍ സംസാരിച്ചു.

വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കും ഹ്രസ്വകാല കോഴ്‌സുകള്‍
ജില്ലയിലെ വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കും സ്വയം തൊഴിലിനുതകുന്ന ഡാറ്റാ എന്‍ട്രി ഓപ്പറേഷന്‍ ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സ് നടത്തുന്നു. എല്‍.ബി.എസ് സെന്ററിലാണ് പരിശീലനം. വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ കവിയാത്ത, നേരത്തെ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് അപേക്ഷിക്കാം. സീറ്റുകള്‍ പരിമിതം. പത്ത് ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. കഴിഞ്ഞവര്‍ഷം അപേക്ഷ നല്‍കിയവരും പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 04994-256860.

വിമുക്ത ഭടന്മാര്‍ക്ക് സാമ്പത്തിക സഹായം

വിമുക്ത ഭടന്മാര്‍ക്കും, വിമുക്തഭട വിധവകള്‍ക്കും, രണ്ടാം ലോക മഹായുദ്ധ സേനാനികള്‍ക്കും വിധവകള്‍ക്കും സാമ്പത്തിക സഹായത്തിന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം 30,000 (മുപ്പതിനായിരം) രൂപയില്‍ കവിയരുത്. അര്‍ഹരായവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ്, എക്‌സ് സര്‍വ്വീസ്‌മെന്‍ തിരിച്ചറിയല്‍ കാര്‍ഡ്/വിമുക്തഭട വിധവാ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ലഭിക്കുന്ന ഡിഡി-40 (അപേക്ഷാഫോറം - അനക്‌സര്‍ ബി) യും പൂരിപ്പിച്ച് ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷാ ഒക്‌ടോബര്‍ 25 വരെ കാസര്‍കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 04994-256860 നമ്പറില്‍ ബന്ധപ്പെടുക.

ബാലമുകുളം പദ്ധതി ഉദ്ഘാടനം 6ന്

സംസ്ഥാന സര്‍ക്കാരും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബാലമുകുളം സ്‌കൂള്‍ ആരോഗ്യപദ്ധതി ഒക്‌ടോബര്‍ 6ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പെര്‍ഡാല ജി.ബി.യു.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യും. യു.പി ക്ലാസുകളിലെ 500 കുട്ടികളാണ് ബാലമുകുളം പദ്ധതിയുടെ ഗുണഭോക്താക്കള്‍. കുട്ടികളുടെ ശാരീരിക-മാനസികാരോഗ്യം ഉറപ്പുവരുത്തുന്ന പരിപാടികള്‍ ആവിഷ്‌കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാജയറാം, ഡോ.എ.വി.സുരേഷ്, ഡോ.ടി.കെ.വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഗസ്റ്റ് ലക്ചറര്‍ നിയമനം

എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കാസര്‍കോട് ഉപകേന്ദ്രത്തിലേക്ക് ഗസ്റ്റ് ലക്ചററെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ 6 ന് 11 മണിക്ക് പ്രസ്തുത കേന്ദ്രത്തില്‍ നടത്തുന്നു. യോഗ്യത എം.സി.എ. ബി.ടെക്ക്., പി.ജി.ഡി.സി.എ. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04994221011

അലങ്കാര മത്സ്യകൃഷി: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വനിതകള്‍ക്കായി പട്ടികജാതി വികസന വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന അലങ്കാര മത്സ്യ ഉല്പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിനായി സ്വയം സഹായ സംഘങ്ങളില്‍ അംഗത്വമുള്ള പട്ടികജാതി വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ജലസ്രോതസ്സുള്ള അഞ്ച് സെന്റ് സ്ഥലം സ്വന്തമായുള്ളവരായിരിക്കണം അപേക്ഷകര്‍. ജാതി, വരുമാനം എന്നീ സാക്ഷ്യപത്രങ്ങള്‍ സഹിതം അപേക്ഷകള്‍ ബ്ലോക്ക് പട്ടികജാതി വികസന ആഫീസില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുത്ത യൂണിറ്റിന് 50,000 രൂപ സബ്‌സിഡിയും പദ്ധതി നിര്‍വ്വഹണത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലഭ്യമാക്കും. ഒക്‌ടോബര്‍ 10നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-256162.

സ്ഥലം ലേലം ചെയ്യുന്നു

റവന്യൂ റിക്കവറി കുടിശ്ശിക പിരിക്കുന്നതുമായി ബന്ധപ്പെട്ട് ബായാര്‍ പോട്ടറി വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടില്‍ നിന്ന് ജപ്തി ചെയ്ത കുമ്പഡാജെ വില്ലേജിലെ 3/6ബി സര്‍വ്വെ നമ്പറില്‍പ്പെട്ട 0.78 ഏക്കര്‍ സ്ഥലത്തിന്റെ ലേലം ഒക്‌ടോബര്‍ 29ന് രാവിലെ 11 മണിക്ക് കുമ്പഡാജെ വില്ലേജ് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍ഗോഡ് റവന്യൂ റിക്കവറി ഓഫീസുമായോ കുമ്പഡാജെ വില്ലേജ് ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

എന്‍.പി.ആര്‍.പി.ഡി യില്‍ പ്രോജക്ട് അസിസ്റ്റന്റ്

ജില്ലാ പഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതി (എന്‍.പി.ആര്‍.പി.ഡി) ജില്ലാ ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനേയും നീലേശ്വരം സഗരസഭയില്‍ മള്‍ട്ടി പര്‍പ്പസ് റിഹാബിലിറ്റേഷന്‍ വര്‍ക്കറേയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.ആര്‍.ഡബ്ല്യൂവിന് അടിസ്ഥാന യോഗ്യത ബിരുദവും (സയന്‍സ് ഗ്രൂപ്പിന് മുന്‍ഗണന) പ്രോജക്ട് അസിസ്റ്റന്റിന്റെ യോഗ്യത പ്ലസ്ടുവുമാണ്. 40 വയസ്സ് കവയാന്‍ പാടില്ല. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ എട്ടിന് രാവിലെ 10 മണിക്ക് യോഗ്യത, വയസ്സ്, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ പഞ്ചായത്ത് എന്‍.പി.ആര്‍.പി.ഡി ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.

Keywords: Government, Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia