Criticism | സമൂഹത്തിൽ ഏറ്റവും വിഷമിക്കുന്ന ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങളിൽ സർക്കാർ അലംഭാവം കാണിക്കുന്നതായി മാഹിൻ കേളോട്ട്
ചെർക്കള: (KasargodVartha) സമൂഹത്തിൽ ഏറ്റവും വിഷമിക്കുന്ന ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങളിൽ സർക്കാർ അലംഭാവം കാണിക്കുന്നതായി മുസ്‌ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട് ആരോപിച്ചു. ഇവരുടെ അനുകൂല്യങ്ങളും ക്ഷേമ പെൻഷൻ കുടിശ്ശികയും എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗിന്റെ അനുബന്ധ സംഘടനയായ ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡി.എ.പി.എൽ) മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഡി.എ.പി.എൽ ജില്ലാ പ്രസിഡന്റ് ബേബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ച ചടങ്ങിൽ, മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ടി.എം ഇഖ്‌ബാൽ സ്വാഗതം പറഞ്ഞു. ഡി.എ.പി.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുല്ല കൊളവയൽ, നാസർ ചായിന്റടി, നാസർ ചെർക്കളം, ഇഖ്ബാൽ ചേരൂർ, അബൂബക്കർ ബേവിഞ്ച, ഹനീഫ് പാറ, ഇ.കെ. നാസർ, ജാബിർ ശിബിൽ, മൻസൂർ ബേവിഞ്ച, ഹമീദ് ചെർക്കള, അഷ്‌റഫ് ചെർക്കള, റഫീഖ് ചെർക്കള, ഹമീദ് പുണ്ടൂർ എന്നിവർ സംസാരിച്ചു.