Bridge Delay | സർക്കാർ ഫണ്ടില്ല; കുമ്പള കഞ്ചിക്കട്ട-കൊടിയമ്മ പാലത്തിന് നാട്ടുകാർ ഇനിയും കാത്തിരിക്കണം

● കാലപ്പഴക്കം മൂലം പാലം ജീർണാവസ്ഥയിലാണ്.
● പാലം അടച്ചിട്ടതിനാൽ യാത്രക്കാർ വലഞ്ഞു.
● വിദ്യാർത്ഥികൾക്ക് അടക്കം യാത്രാക്ലേശം രൂക്ഷം.
● നാട്ടുകാർ സമരപരിപാടികളുമായി മുന്നോട്ട്.
കുമ്പള: (KasargodVartha) ഏറെപ്പേർ ആശ്രയിക്കുന്ന കുമ്പള കഞ്ചിക്കട്ട-കൊടിയമ്മ പാലം നവീകരണത്തിന് 27 കോടിയുടെ പദ്ധതി നബാർഡിന്റെ പരിഗണനയിലെന്ന് ചെറുകിട ജലസേചന വകുപ്പ് പറയുമ്പോഴും സംസ്ഥാന ബജറ്റിൽ ഫണ്ട് നീക്കി വെക്കാത്തത് മൂലം പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് ഇനിയും വർഷങ്ങളോളം നീളുമെന്ന് ആശങ്ക.
കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ചതിനെത്തുടർന്നാണ് ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റിയുടെ നിർദേശപ്രകാരം ഒരു വർഷമായി റോഡ് അടച്ചിട്ടിരിക്കുന്നത്. ഇതുമൂലം വിദ്യാർത്ഥികൾ അടക്കമുള്ള പ്രദേശവാസികളും യാത്രക്കാരും വലിയ പ്രയാസമാണ് നേരിടുന്നത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ളതാണ് കഞ്ചിക്കട്ട-കൊടിയമ്മ വിസിബി കം ബ്രിഡ്ജ്.
പാലം അടച്ചിട്ടപ്പോൾ തന്നെ പുതിയ പാലത്തിനുള്ള ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കുകയും, ഡിസൈൻ ലഭ്യമാക്കുകയും ചെയ്തിരുന്നു.എന്നാൽ അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലലഭ്യത തടസ്സം സൃഷ്ടിച്ചത് തുടർനടപടികൾ വൈകാനിടയായിരുന്നു. തുടർന്ന് എകെഎം അഷ്റഫ് എംഎൽഎയും, ജനകീയ ആക്ഷൻ കമ്മിറ്റിയും, കുമ്പള ഗ്രാമപഞ്ചായത്തും ചേർന്ന് കഴിഞ്ഞ മാസം സ്ഥലലഭ്യത ഉറപ്പുവരുത്തി. ഇതോടെ പദ്ധതിക്കായുള്ള ഡിപിആർ തയ്യാറാക്കി ഡിപിആർ നബാർഡിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് പണ്ട് അനുവദിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. പാലം പുനർനിർമാണം ആവശ്യപ്പെട്ട് നാട്ടുകാരും ജനകീയ ആക്ഷൻ കമ്മിറ്റിയും കലക്ടറേറ്റ് ധർണയടക്കം ഒരുപാട് സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. സർക്കാർ ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തിൽ വീണ്ടും പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
The long-awaited renovation of the Kumbala Kanchikatta-Kodiyamma bridge is delayed due to lack of government funds, causing trouble for locals.
#KumbalaBridge #Infrastructure #KasargodNews #BridgeRenovation #LocalStruggles #GovernmentFunds