Strike | ജീവനക്കാരുടെയു അധ്യാപകരുടെയും പണിമുടക്ക് ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവർത്തനങ്ങളെ ബാധിച്ചു; കാസർകോട് കലക്ട്രേറ്റിൽ പകുതിയിലധികം കസേരകളും കാലി

● സിവിൽ സ്റ്റേഷനിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
● കാസർകോട് കലക്ടറേറ്റിൽ 143 ജീവനക്കാരിൽ 77 പേർ പണിമുടക്കി.
● പ്രിൻസിപ്പൽ കൃഷി ഓഫീസിൽ 64 പേരിൽ 40 പേർ പണിമുടക്കി.
● ബിജെപി അനുകൂല എൻജിഒ സംഘ് വ്യാഴാഴ്ച പ്രതിഷേധം നടത്തും.
കാസർകോട്: (KasargodVartha) സർകാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സൂചനാ പണിമുടക്ക് കാസർകോട്ടെ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചു. കോൺഗ്രസ് അനുകൂല സംഘടനകളും ഭരണകക്ഷിയായ സിപിഐയുടെ ജോയിന്റ് കൗൺസിലും പണിമുടക്കിൽ പങ്കെടുത്തു. സിപിഎം അനുകൂല സർവീസ് സംഘടന പണിമുടക്കിൽ നിന്ന് വിട്ടുനിന്നു.
സർകാർ പ്രഖ്യാപിച്ച ഡയസ്‌നോൺ ഉത്തരവ് അവഗണിച്ചുകൊണ്ട് നിരവധി ജീവനക്കാർ പണിമുടക്കിൽ പങ്കാളികളായി. കാസർകോട് കലക്ടറേറ്റിൽ ആകെയുള്ള 143 ജീവനക്കാരിൽ 77 പേരും പണിമുടക്കിയപ്പോൾ 46 പേർ മാത്രമാണ് ജോലിക്കെത്തിയത്. ഒമ്പത് പേർ കാഷ്വൽ ലീവ് എടുത്തു. പ്രിൻസിപ്പൽ കൃഷി ഓഫീസിൽ 64 പേരിൽ 40 പേരും, ആർ.ഡി.ഒ ഓഫീസിൽ 10 പേരും, പി.ഡബ്ല്യൂ.ഡി റോഡ് ഡിവിഷനിൽ 10 പേരും പണിമുടക്കി.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നയങ്ങൾക്കെതിരെ ആയിരക്കണക്കിന് പേർ പങ്കെടുത്തതായി സമരസമിതി അറിയിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്തയും ശമ്പള പരിഷ്കരണ കുടിശ്ശികയും അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്.
സമരസമിതിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനങ്ങൾ നടന്നു. വിദ്യാനഗർ സിവിൽ സ്റ്റേഷനിൽ നടന്ന യോഗത്തിൽ സമരസമിതി ചെയർമാൻ സുനിൽകുമാർ കരിച്ചേരി അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ. ഇ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പ്രസാദ് കരുവളം, ജി. സുരേഷ് ബാബു, കെ.ടി. രമേശ് തുടങ്ങിയവർ പ്രസംഗിച്ചു.
കാസർകോട് താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന പൊതുയോഗം കെ.വി. രാജൻ്റെ അധ്യക്ഷതയിൽ ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് ഇ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ നടന്ന ആഹ്ലാദ പ്രകടനം എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം ജോയിൻ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ പണിമുടക്ക് വൻ വിജയമാക്കിയ അധ്യാപകരെയും ജീവനക്കാരെയും ജോയിൻ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. പത്മനാഭൻ, കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ. ഇ. ചന്ദ്രബാബു, സമരസമിതി ചെയർമാൻ സുനിൽകുമാർ കരിച്ചേരി, സമരസമിതി കൺവീനർ സി.കെ. ബിജുരാജ് തുടങ്ങിയവർ അഭിനന്ദിച്ചു. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി അനുകൂല എൻ.ജി.ഒ സംഘ് വ്യാഴാഴ്ച പ്രതിഷേധ പ്രകടനവും യോഗവും നടത്തും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
A joint strike by government employees and teachers in Kasaragod significantly disrupted the functioning of offices and schools. Many employees participated in the strike defying the government's dies non order.
#KasaragodStrike #GovtEmployeesStrike #TeachersStrike #KeralaProtest #DiesNon #PensionProtest