city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പ്

കര്‍ഷകര്‍ പെര്‍മിറ്റ് കൈപ്പറ്റണം  

കാസര്‍കോട്: (www.kasargodvartha.com 31.07.2014) ചെങ്കള ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണ പദ്ധതി പ്രകാരം  കവുങ്ങ്കൃഷിക്കുളള തുരിശിനും നീറ്റുകക്കയ്ക്കും അപേക്ഷ നല്‍കിയ കര്‍ഷകര്‍  ആഗസ്റ്റ്  അഞ്ചിനകം  പെര്‍മിറ്റുകള്‍ കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. അത്യുല്‍പ്പാദനശേഷിയുളള ടി ഃ ഡി തെങ്ങിന്‍തൈകളും  പരപ്പനങ്ങാടി നാടന്‍ തെങ്ങിന്‍തൈകളും  വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്. ഓഫീസുമായി ബന്ധപ്പെടണം.
71.30 ലക്ഷം കാര്‍ഷിക കടാശ്വാസം അനുവദിച്ചു 

കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ പുറപ്പെടുവിച്ച  അവാര്‍ഡുകള്‍ പ്രകാരം  ജില്ലയിലെ സഹകരണ സംഘങ്ങളില്‍ നിന്നും  ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുളള വായ്പകള്‍ക്ക് കടാശ്വാസം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.  ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത 459 ഗുണഭോക്താക്കള്‍ക്കായി 7130365  രൂപ അനുവദിച്ചതായി  സഹകരണ സംഘം  ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ പേരും വിലാസവും സഹകരണബാങ്കുകളിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. ഗുണഭോക്താക്കള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
     
സാക്ഷരതാ സംസ്ഥാനതല പ്രബന്ധ മത്സരം 

ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സാക്ഷരതാമിഷന്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പ്രേരക്മാര്‍, തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പത്താംതരം തുല്യതാ പഠിതാക്കള്‍ എന്നിവരെ ഉള്‍ക്കൊളളിച്ച് സംസ്ഥാന തല പ്രബന്ധ മത്സരം  നടത്തും. പ്രബന്ധം മലയാളത്തിലാകണം.  2500 വാക്കുകളില്‍ കവിയരുത്. എ4 സൈസ് പേപ്പറില്‍ ഒരു പുറത്ത് മാത്രം എഴുതണം.

പേരും വിലാസവും മൊബൈല്‍ നമ്പറും പ്രത്യേകം പേപ്പറില്‍ എഴുതി പ്രബന്ധത്തോടൊപ്പം പിന്‍ ചെയ്ത് ചേര്‍ക്കണം. പ്രബന്ധത്തില്‍ പേരോ മേല്‍വിലാസമോ എഴുതാന്‍ പാടില്ല. ഓരോ വിഭാഗത്തിനും ഒന്നാം സമ്മാനം 5000 രൂപയും  സര്‍ട്ടിഫിക്കറ്റും രണ്ടാം സമ്മാനം 3000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. പ്രബന്ധങ്ങള്‍  ഡയറക്ടര്‍, കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, ബൃന്ദാവന്‍, ഗാന്ധാരി അമ്മന്‍കോവില്‍ സ്ട്രീറ്റ്, പുത്തന്‍ചന്ത, തിരുവനന്തപുരം 695001  എന്ന വിലാസത്തില്‍ ആഗസ്റ്റ് 16നകം സമര്‍പ്പിക്കണം.

ഗ്രൂപ്പ്, വിഷയം ചുവടെ ക്രമത്തില്‍. കോളേജ് വിദ്യാര്‍ത്ഥികള്‍ - സാക്ഷരതാ, തുടര്‍വിദ്യാഭ്യാസമെച്ചപ്പെടുത്തുന്നതില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എന്ത് ചെയ്യാം, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ - സാക്ഷരതാ, തുടര്‍വിദ്യാഭ്യാസത്തിന് ഗ്രാമങ്ങളെ  ദത്തെടുക്കല്‍ സ്‌കൂളുകളുടെ പങ്ക്,  സ്‌കൂള്‍ അധ്യാപകര്‍- സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക്  സാക്ഷരതാ, തുടര്‍വിദ്യാഭ്യാസം എങ്ങനെ പ്രാപ്യമാക്കാം,  ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍- സാക്ഷരതാ, തുടര്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള പങ്ക് തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകര്‍- തുടര്‍വിദ്യാഭ്യാസം ശാക്തീകരിക്കുന്നതില്‍ നൂതന തന്ത്രങ്ങള്‍ എങ്ങിനെ സ്വീകരിക്കാം, പത്താംതരം തുല്യതാ പഠിതാക്കള്‍-  തുടര്‍വിദ്യാഭ്യാസ പരിപാടികളില്‍ പങ്കെടുത്തതിലൂടെ ജീവിതത്തില്‍ ഉണ്ടായ മാറ്റം.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളിലെ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം സഹിതവും  കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ അതത് സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍, വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം സഹിതവും പ്രേരക്ക്, തുല്യതാ പഠിതാക്കള്‍ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ ജില്ലാ സാക്ഷരതാമിഷന്‍ കോഡിനേറ്ററുടെ  സാക്ഷ്യപത്രം സഹിതവുമായാണ്  പ്രബന്ധങ്ങള്‍ അയയ്‌ക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് 04994 255507 , 9846301355.


വാഹനം വാടകയ്ക്ക് വേണം


ഉദുമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് ഉപയോഗത്തിനായി പ്രതിമാസം 1000 കി.മീ വരെ 15000 രൂപ എന്ന നിരക്കില്‍വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുവാന്‍ തയ്യാറുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വര്‍ഷത്തില
ധികം  പഴക്കം ഉണ്ടാകാന്‍ പാടില്ല.  ടാക്‌സി പെര്‍മിറ്റ് ഉള്‍പ്പെടെ നിയമം അനുശാസിക്കുന്ന മുഴുവന്‍ രേഖകളും  ഉണ്ടായിരിക്കണം.  എല്ലാ ചെലവുകളും കരാറുകാരന്‍ വഹിക്കണം. ടെണ്ടര്‍ ആഗസ്റ്റ് 14 വരെ സ്വീകരിക്കും.


കാറ്റടിക്കാന്‍ സാധ്യത  

അടുത്ത 48 മണിക്കൂറിനുളളില്‍  കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്നും മണിക്കൂറില്‍ 45-55കി.മീ വേഗതയില്‍ കാറ്റടിക്കാന്‍  സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍   ജാഗ്രത പാലിക്കണമെന്നും ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.
     
ഹൈപ്പോസോലൂഷന്‍ നീക്കം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു 

കാഞ്ഞങ്ങാട്  ജില്ലാ ആശുപത്രിയില്‍ എക്‌സറേ വിഭാഗത്തിലുളള 250 ലിറ്റര്‍ ഉപയോഗിച്ച ഹൈപ്പോ സൊലൂഷന്‍ ഏറ്റെടുത്ത് നീക്കം  ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ആഗസ്റ്റ് 26ന് രാവിലെ 11 നകം ക്വട്ടേഷന്‍ സൂപ്രണ്ട് , ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്, പി.ഒ. ബല്ല- 671331 എന്ന വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2217018.
മാഹി കമ്മ്യൂണിറ്റി കോളേജില്‍ അപേക്ഷിക്കാം 

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി  മാഹിയില്‍ ഈ വര്‍ഷം ആരംഭിക്കുന്ന കമ്മ്യൂണിറ്റി കോളേജിലെ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക്  അപേക്ഷിക്കാനുളള  തീയതി ആഗസ്ത് 11 വരെ  നീട്ടി.  റേഡിയോഗ്രാഫി ആന്റ് ഇമേജിക്ക് ടെക്‌നോളജി, ടൂറിസം മാനേജ്‌മെന്റ്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി, വീഡിയോ പ്രൊഡക്ഷന്‍സ് ആന്റ് എഡിറ്റിങ്ങ് എന്നീ ഡിഗ്രി കോഴ്‌സുകള്‍ക്കും ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആന്റ് ലേബര്‍ ലോസ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, പ്രോഫഷണല്‍ കമ്മ്യൂണിക്കേഷന്‍ ഇന്‍ ഇംഗ്ലീഷ് , സ്റ്റാറ്റിസ്റ്റിക്കല്‍ ആന്റ് റിസേര്‍ച്ച്  മെത്തേര്‍ഡ്‌സ്, ടി.വി പ്രൊഡക്ഷന്‍, മീഡിയാ ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍സ് എന്നീ പിജി ഡിപ്ലോമ കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക്  യു.ജി  കോഴ്‌സുകളിലേക്ക്  അപേക്ഷിക്കാം. പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രായപരിധി ഇല്ല. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക്  പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. മാഹിയിലുളളവര്‍ക്ക് പുറമെ കേരളീയര്‍ക്കും  അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04902332622.                


ഗ്രാമസഭ മാറ്റിവെച്ചു 

ദേലംപാടി ഗ്രാമപഞ്ചായത്തില്‍ ഇന്ന് (ആഗസ്റ്റ്1) നടത്താന്‍ നിശ്ചയിച്ചിരുന്ന 1,16 വാര്‍ഡുകളിലെ  വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തെരെഞ്ഞെടുപ്പ് ഗ്രാമസഭകള്‍ ഒന്നാം വാര്‍ഡില്‍ ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്കും 16-ാം വാര്‍ഡില്‍ ആറിന് രാവിലെ പത്ത് മണിക്കും നടത്താനായി മാറ്റിവെച്ചതായി  സെക്രട്ടറി അറിയിച്ചു.  


പിജിഡിസിഎ അപേക്ഷ ക്ഷണിച്ചു 

അംഗീകൃത സി-ഡിറ്റ് പിജിഡിസിഎ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും  വിഷയത്തില്‍ ബിരുദധാരികളായവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി, എസ്ടി,ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഫീസിളവ് ലഭിക്കും.  അപേക്ഷ ആഗസ്റ്റ് 11നകം സി-ഡിറ്റ്  സിഇപി, ഇന്‍ഡ്യന്‍ കോഫീ ഹൗസിന് എതിര്‍വശം, പുതിയ ബസ്സ്റ്റാന്റ് , കാസര്‍കോട്  എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 9747001588.                          
പിഡി ടീച്ചര്‍ താത്ക്കാലിക നിയമനം 

ഉദുമ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ യു.പി വിഭാഗത്തില്‍ പി.ഡി.ടീച്ചര്‍ (മലയാളം) തസ്തികയില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക്  ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ തെരെഞ്ഞെടുക്കാനുളള  അഭിമുഖം ആഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04672238012.


അധ്യാപകര്‍ക്കുളള ക്ലസ്റ്റര്‍ പരിശീലനം നാളെ 

ജില്ലയിലെ എല്‍.പി.യു.പി അധ്യാപകര്‍ക്കുളള ഏകദിന  ക്ലസ്റ്റര്‍ പരിശീലനം നാളെ (ആഗസ്റ്റ് 2) ജില്ലയിലെ വിവിധ ബി.ആര്‍.സി കള്‍ കേന്ദ്രീകരിച്ച് നടക്കും. എല്‍.പി വിഭാഗത്തില്‍ ക്ലാസ്സടിസ്ഥാനത്തിലും യു.പി വിഭാഗത്തില്‍ വിഷയാടിസ്ഥാനത്തിലുമാണ്  പരിശീലനം. എല്‍.പി, യു.പി വിഭാഗങ്ങളിലെ പരിശീലനത്തില്‍ അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണം. പി.എസ്.സി  പ്ലസ്ടു പരീക്ഷകള്‍ നടക്കുന്ന വിദ്യാലയങ്ങളില്‍ പരീക്ഷ സംബന്ധിച്ച  ചുമതലകള്‍  ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകരെ ഏല്‍പ്പിച്ച് പ്രൈമറി അധ്യാപകരെ പരിശീലനങ്ങളില്‍ പങ്കെടുപ്പിക്കാനുളള  ക്രമീകരണങ്ങള്‍  പ്രഥമാധ്യാപകര്‍ നടത്തണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍  അറിയിച്ചു.


മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി

മത്സ്യത്തൊഴിലാളി  കടാശ്വാസ  കമ്മീഷന്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍  സിറ്റിംഗ്  നടത്തി. വിവിധ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും എടുത്ത കടം എഴുതി തളളാന്‍  അപേക്ഷ നല്‍കിയ 190  പേരില്‍  നിന്നും കമ്മീഷന്‍ തെളിവെടുത്തു.  മഞ്ചേശ്വരം മുതല്‍ ബേക്കല്‍ വരെയുളള പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് സിറ്റിംഗില്‍ എത്തിയത്. 2007 വരെ  എടുത്ത 75000 രൂപ വരെയുളള കടങ്ങളാണ് എഴുതി തളളാന്‍ പരിഗണനയ്ക്ക് എടുത്തത്.  കമ്മീഷന്‍ ചെയര്‍മാന്‍  ജസ്റ്റിസ് ഹരിഹരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗങ്ങളായ ആര്‍. ഗംഗാധരന്‍, കൂട്ടായി ബഷീര്‍, എ.വി ഖാലിദ് മാസ്റ്റര്‍, കമ്മീഷന് സെക്രട്ടറി ബി.വി. സത്യനാരായണ ഭട്ട് , ഉദ്യോഗസ്ഥന്‍മാരായ  വി. നാഗേന്ദ്രന്‍, കെ.വിനോദ് എന്നിവര്‍ പങ്കെടുത്തു.  

റെഡ്‌ക്രോസ് നേഴ്‌സ് ദിനാചരണം 

റെഡ്‌ക്രോസ് നേഴ്‌സ് ദിനാഘോഷം കാഞ്ഞങ്ങാട് കുശവന്‍കുന്ന് റെഡ്‌ക്രോസ് ഓഫീസില്‍  ഡെപ്യൂട്ടി ഡി.എം.ഒ  ഇ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.  ഡോ. കെ.ജി.പൈ, ഇ.വി പത്മനാഭന്‍ മാസ്റ്റര്‍, എം. വിനോദ്കുമാര്‍,  ടി.വി ഭാസ്‌ക്കരന്‍, ശോഭനാശശിധരന്‍, കെ.കണ്ണന്‍, അനിത തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി എച്ച്.എസ് ഭട്ട് സ്വാഗതവും  വൈസ് ചെയര്‍മാന്‍  എച്ച്.കെ മോഹന്‍ദാസ്  നന്ദിയും പറഞ്ഞു.

കുളമ്പുരോഗനിര്‍മ്മാര്‍ജ്ജന ജില്ലാതല ഉദ്ഘാടനം 

സര്‍ക്കാര്‍ അറിയിപ്പ്ജന്തുക്കളെ ബാധിക്കുന്ന കുളമ്പ് രോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ  ജില്ലാതല ഉദ്ഘാടനം  ഇന്ന് (ഓഗസ്റ്റ്1) രാവിലെ 10 മണിക്ക് കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ നെടുമ്പ ക്ഷീരസഹകരണ സംഘത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാദേവി നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍  ഡോ. നരേന്ദ്രന്‍  നായര്‍ പങ്കെടുക്കും കുളമ്പു രോഗത്തിനെതിരെ അടുത്ത 21 ദിവസക്കാലം  കുത്തിവെയ്പ്പ്  ക്യാമ്പുകള്‍ നടത്തും.  




ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia