city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 27.10.12

സര്‍ക്കാര്‍ അറിയിപ്പുകള്‍ 27.10.12
ഡ്രൈവര്‍ പ്രായോഗിക പരീക്ഷ

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ (എച്ച്ഡിവി) തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ഏകീകൃത ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയും, ശാരീരിക അളവെടുപ്പ് പരിശോധനയും, ഡ്രൈവിംഗ് പ്രായോഗിക പരീക്ഷയും (എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ്) ഒക്‌ടോബര്‍ 30, 31 നവംബര്‍ ഒന്ന് എന്നീ തീയ്യതികളില്‍ വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അവരവര്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിവസങ്ങളില്‍ രാവിലെ അറുമണിക്ക് ആവശ്യമായ പ്രമാണങ്ങളുടെ അസ്സലും പകര്‍പ്പും സഹിതം മുനിസിപ്പല്‍ സ്റ്റേഡിയം പവലിയനില്‍ എത്തിച്ചേരണം. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇത് സംബന്ധിച്ച മെമ്മോ ഇതിനകം അയച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 24നകം മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.

ജനസംഖ്യാ രജിസ്റ്റര്‍: നഗരസഭയില്‍ ഫോട്ടോയെടുക്കുന്നു

കാസര്‍കോട് മുനിസിപ്പല്‍ പ്രദേശത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ബയോമെട്രിക് ഫോട്ടോയെടുപ്പിനായി സ്ലിപ്പു ലഭിച്ചിട്ടുള്ള അഞ്ച് വയസ്സിനു മേല്‍ പ്രായമുള്ള എല്ലാ പൗരന്മാരും ലഭിച്ച സ്ലിപ്പും പൂരിപ്പിച്ച കെ.വൈ.ആര്‍ ഫോറവുമായി നിര്‍ദ്ദേശിച്ചിരിക്കുന്ന ഫോട്ടോയെടുപ്പു കേന്ദ്രങ്ങളില്‍ അതാത് തീയ്യതികളില്‍ രാവിലെ ഒന്‍പതിനും വൈകുന്നേരം അഞ്ചുമണിക്കുമിടയില്‍ ഹാജരാകണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഭാവിയില്‍ എല്ലാ സര്‍ക്കാര്‍ സര്‍ക്കാരിതര ആനുകൂല്യങ്ങള്‍, പെന്‍ഷനുകള്‍ മുതലായവ ലഭ്യമാക്കാനുള്ള ആധികാരിക രേഖയാകുന്നതിനാലും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡാകാനും സാധ്യത ഉള്ളതിനാല്‍ നിര്‍ബന്ധമായും ക്യാമ്പില്‍ ഹാജരാകേണ്ടതാണ്. ആധാര്‍ കാര്‍ഡ് ലഭിച്ചവര്‍ ആധാര്‍ കാര്‍ഡോ അതിനുപകരമായി ലഭിച്ച സ്ലിപ്പുമായോ ഹാജരാകേണ്ടതാണ്.

സെന്‍സസ് ബ്ലോക്ക് നം.56, 57, 58, 60ല്‍പ്പെട്ടവര്‍ ഒക്‌ടോബര്‍ 29, 30, 31 തീയ്യതികളിലും, ബ്ലോക്ക് നമ്പര്‍ 59, 61, 62ല്‍പ്പെട്ടവര്‍ നവംബര്‍ 1, 2, 3 തീയ്യതികളിലും തളങ്കര പള്ളിക്കല്‍ മുഹിസ്സുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂളില്‍ എത്തിച്ചേരണം. ബ്ലോക്ക് നമ്പര്‍ 45, 46, 47ല്‍പ്പെട്ടവര്‍ ഒക്‌ടോബര്‍ 29, 30, 31 തീയ്യതികളില്‍ നുള്ളിപ്പാടി ജി.എല്‍.പി.സ്‌കൂളിലും, ബ്ലോക്ക് നമ്പര്‍ 48, 49, 50ല്‍പ്പെട്ടവര്‍ നവംബര്‍ 1, 2, 3 തീയ്യതികളില്‍ മുനിസിപ്പല്‍ ഡൈനിംഗ് ഹാളിലും, ബ്ലോക്ക് നമ്പര്‍ 41, 42, 44ല്‍പ്പെട്ടവര്‍ നവംബര്‍ 5, 6, 7 തീയ്യതികളില്‍ അണങ്കൂര്‍ പച്ചക്കാട് സാംസ്‌കാരിക കേന്ദ്രത്തിലും ഹാജരാകണം. ബ്ലോക്ക് നമ്പര്‍ 43ല്‍പ്പെട്ടവര്‍ നവംബര്‍ 5, 6, 7 തീയ്യതികളില്‍ ചെന്നിക്കര കമ്മ്യൂണിറ്റി ഹാളിലും, ബ്ലോക്ക് നമ്പര്‍ 78, 79, 80ല്‍പ്പെട്ടവര്‍ നവംബര്‍ 8, 9, 10 തീയ്യതികളില്‍ തളങ്കര മുസ്ലീം ഹൈസ്‌കൂളിലും, ബ്ലോക്ക് നമ്പര്‍ 76, 77ല്‍പ്പെട്ടവര്‍ നവംബര്‍ 15, 16, 17 തീയ്യതികളില്‍ തളങ്കര പടിഞ്ഞാര്‍ ജി.എല്‍.പി സ്‌കൂളിലും ഹാജരാകേണ്ടതാണ്.

ക്ഷേത്ര ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കും

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നും വിരമിച്ച 22 ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഗ്രാറ്റ്വിറ്റി, 14 പേര്‍ക്ക് വിവാഹധനസഹായം, 11 പേര്‍കക് കുടുംബ പെന്‍ഷന്‍, അഞ്ചു ഡിവിഷണില്‍ നിന്നായി 12 കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി പാരിതോഷികം, മൂന്നുപേര്‍ക്ക് ചികിത്സാധനസഹായം, അഞ്ചുപേര്‍ക്ക് മരണാനന്തര ഗ്രാറ്റ്വിറ്റിയും നല്‍കും. മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡ് യോഗമാണ് വിവിധ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ആശുപത്രി ഒഴിവിലേക്ക് 30ന് ഇന്റര്‍വ്യൂ

ജില്ലാ ആശുപത്രി നടത്തിവരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി രാഷ്ട്രീയ സ്വസ്ഥ ഭീമായോജനയുടെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ രണ്ടു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെയും, എക്‌സറേ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു റേഡിയോ ഗ്രാഫറുടെയും താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത പ്ലസ് ടു. പാസ്. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. റേഡിയോഗ്രഫര്‍ യോഗ്യത പ്ലസ്.ടു. പാസ് ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നോ മറ്റ് ഗവ.അംഗീകൃത സ്ഥപനങ്ങളില്‍ നിന്നോ റേഡിയോളജിയില്‍ ഡിപ്ലോമ നേടിയവരായിരിക്കണം. പ്രവൃത്തി പരിചയമിള്ളവര്‍ക്കും ജില്ലാശുപത്രി സമീപ പ്രദേശത്തു താമസിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കുന്നതാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഒക്‌ടോബര്‍ 30 ന് 10 മണിക്ക് ഹാജരാകേണ്ടതാണ്.

ദേശീയ ജനസംഖ്യാ രജിസ്‌ട്രേഷന്‍: ഫോട്ടോ എടുക്കുന്നു

ദേശീയ ജനസംഖ്യാ രജിസ്‌ട്രേഷന്റെ ഭാഗമായി മീഞ്ച, വോര്‍ക്കാടി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ അഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവരുടെയും ഫോട്ടോ എടുക്കുന്നതിന് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഒക്‌ടോബര്‍ 28ന് തലേക്കള വില്ലേജിലെ 52, 54 ബ്ലോക്കുകളില്‍പ്പെട്ടവര്‍ക്ക് തലേക്കള ജി.എല്‍.പി സ്‌കൂള്‍, ബ്ലോക്ക് നമ്പര്‍ 53, 55, 56ല്‍പ്പെട്ടവര്‍ക്ക് 29, 30, 31 എന്നീ തീയ്യതികളില്‍ സെന്റ് ജോസഫ് എ യു പി സ്‌കൂള്‍ കളിയൂര്‍, മിയാപദവ് വില്ലേജിലെ 60, 61, 62 63 ല്‍ പെട്ടവര്‍ക്ക് 28നും 57, 58, 59 ല്‍ പെട്ടവര്‍ക്ക് 29, 30, 31 എന്നീ തീയ്യതികളിലും മിയ്യാപ്പദവ് വിദ്യാവര്‍ദ്ധക സ്‌കൂളില്‍ ഫോട്ടോയെടുക്കുന്നതാണ്. കളിയൂര്‍ വില്ലേജില്‍ 49, 50, 51 ബ്ലോക്കുകളില്‍പ്പെട്ടവര്‍ നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയ്യതികളിലും കോള്യൂര്‍ വില്ലേജില്‍ 45, 46, 47, 48 ബ്ലോക്കുകളില്‍പ്പെട്ടവര്‍ 5, 6, 7 എന്നീ തീയ്യതികളിലും സെന്റ് ജോസഫ് എ.യു.പി.സ്‌കൂളില്‍ ഫോട്ടോയെടുക്കാന്‍ ഹാജരാകണം.

വോര്‍ക്കാടി വില്ലേജില്‍ 10, 12 ബ്ലോക്കുകളില്‍പ്പെട്ടവര്‍ നവംബര്‍ 4, 5, 6 തീയ്യതികളിലും 9, 11 ബ്ലോക്കുകളില്‍പ്പെട്ടവര്‍ 7, 8, 9 എന്നീ തീയ്യതികളിലും കാപ്രി എ.എല്‍.പി സ്‌കൂളില്‍ ഹാജരാകണം. 16, 17 ബ്ലോക്കുകളില്‍പ്പെട്ടവര്‍ നവംബര്‍ 4, 5, 6 എന്നീ തീയ്യതികളിലും 13, 14, 15, 18 എന്നീ ബ്ലോക്കുകളില്‍പ്പെട്ടവര്‍ 7, 8, 9 എന്നീ തീയ്യതികളിലും ബജല്‍കേരിയ വി.ബി.എ.എല്‍.പി സ്‌കൂളിലും ഹാജരാകണം. ബ്ലോക്ക് നമ്പര്‍ 19, 20, 21, 22, 23, 24 എന്നിവയില്‍പ്പെട്ടവര്‍ നവംബര്‍ 10, 11, 12 എന്നീ തീയ്യതികളില്‍ കളിയൂര്‍ സെന്റ് ജോസഫ് എ.യു.പി സ്‌കൂളിലും ഹാജരാകണം.

ഡി.സി.എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് സി-ആപ്റ്റിന്റെ കോഴിക്കോട് ട്രെയിനിംഗ് വിംഗില്‍ 2012 നവംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ്ടു/പ്രീഡ്രിഗ്രി യോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിഷയത്തിലുള്ള ഡിപ്ലോമയോ പാസായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും പ്രസ്തുത കാലയളവില്‍ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി-എസ്.ഇ.ബി.സി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി

കെ.പി.സി.ആര്‍ ആനുകൂല്യം ലഭിക്കും.
കോഴ്‌സിനെ തുടര്‍ന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് പി.എസ്.സി മുഖേന നിയമനം നേടുന്നതിനുള്ള യോഗ്യതയായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അപേക്ഷാ ഫോറം 100 രൂപയ്ക്ക് സെന്ററില്‍ നിന്ന് നേരിട്ടും 145 രൂപ മണിയോര്‍ഡര്‍ മാനേജിംഗ് ഡയറക്ടര്‍, സി-ആപ്റ്റ് ട്രെയിനിംഗ് വിംഗ് കോഴിക്കോട്, ശിക്ഷക് സദന് സമീപം, റാം മോഹന്‍ റോഡ്, കോഴിക്കോട് - 4 എന്ന വിലാസത്തില്‍ തപാലിലും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 0495-2723666 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

കുസാറ്റ് പ്രവേശന പരീക്ഷ മെയ് 11, 12 തീയ്യതികളില്‍
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (കുസാറ്റ്) പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ (കേറ്റ്) 2013 മെയ് 11, 12 തീയ്യതികളില്‍ നടക്കുമെന്ന് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് രജിസ്ട്രാര്‍ അറിയിച്ചു.

എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇതേവരെ ഓന്നാം വര്‍ഷ ബി.ടെക്കിന് അഡ്മിഷന്‍ ലഭിക്കാത്ത കേരള എന്‍ട്രന്‍സ് 2012 പാസ്സായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 29ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം.

താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, എന്‍ട്രന്‍സ് റാങ്ക് സര്‍ട്ടിഫിക്കറ്റും ആറുമാസത്തിനുള്ളില്‍ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുടെ നാലുകോപ്പികളും ഫീസും കൊണ്ടുവരണം. വിശദവിവരങ്ങള്‍ക്ക് 04994-250290, 250555, 251566 എന്നീ ടെലഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ജില്ലാതല കേരളോത്സവം നീലേശ്വരത്ത്

ഈ വര്‍ഷത്തെ കേരളോത്സവ ജില്ലാതല മത്സരങ്ങള്‍ നവംബര്‍ അവസാനവാരം നീലേശ്വരത്ത് നടക്കും. ഇതിന്റെ ഭാഗമായി ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഒക്‌ടോബര്‍ 31ന് രണ്ട് മണിക്ക് നീലേശ്വരം ന്യൂ ഹാപ്പി ടൂറിസ്റ്റ് ഹോമില്‍ ചേരുന്നതാണ്.

Keywords: Government, Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia