city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 17.12.2012

സര്‍ക്കാര്‍ അറിയിപ്പുകള്‍ 17.12.2012
പുതുവര്‍ഷാഘോഷങ്ങള്‍: വ്യാജമദ്യം തടയാന്‍ കണ്‍ട്രോള്‍ റൂം തുറക്കും

ക്രിസ്മസ് പുതുവല്‍സരാഘോഷത്തോടനുബന്ധിച്ച് ലഹരി വസ്തുക്കളുടെ ഉപഭോഗം നിയന്ത്രിക്കുന്നതിന് വ്യാജ മദ്യ വില്‍പ്പന തടയുന്നതിനുമായി ജില്ലാ കളക്‌ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറക്കും.  ആഘോഷ വേള ലഹരി മുക്തമാക്കുന്നതിനായി സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുടെ സഹകരണത്തോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ യോജിച്ച നീക്കം നടത്തും. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ്-എക്‌സൈസ്-റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം.

പ്രാദേശിക തലത്തില്‍ വ്യാജ മദ്യ ഉല്‍പാദനവും വില്‍പ്പനയും തടയുന്നതിനായി എക്‌സൈസ് പോലീസ് വകുപ്പുകള്‍ നടത്തുന്ന പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും. ചെക്ക് പോസ്റ്റുകളില്‍ പ്രത്യേക നീരിക്ഷണവുമുണ്ടാകും. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിലുളള ജനകീയ സമിതികള്‍ വിളിച്ചു ചേര്‍ത്ത് പരിപാടികള്‍ ആവിഷ്‌ക്കരിക്കും. രാത്രികാലങ്ങളിലെ പട്രോളിംഗ് കാര്യക്ഷമമാക്കാനും യോഗം തീരുമാനിച്ചു.  എ.ഡി.എം. എച്ച്.ദിനേശന്‍,ഡെപ്യൂട്ടി കളക്ടര്‍ പി. രാമചന്ദ്രന്‍, എ.എസ്.പി. മഞ്ജുനാഥ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി.സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാസര്‍കോട് മഹോല്‍സവം: സമൂഹ ചിത്ര രചന ചൊഴാഴ്ച

കാസര്‍കോട് മഹോല്‍സവത്തോടനുബന്ധിച്ച് സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ ബി.സി. റോഡ് ജംഗ്ഷനില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ സമൂഹ ചിത്ര രചന ഒരുക്കുന്നു. പി.എസ്. പുനിഞ്ചിത്തായയുടെ നേതൃത്വത്തിലാണ് മാനവമൈത്രി സന്ദേശമുണര്‍ത്തി വര്‍ണ്ണകാഴ്ച ഒരുക്കുന്നത്. ചൊവാഴ്ച രാവിലെ ഒന്‍പതിന് സമൂഹ ചിത്ര രചന തുടങ്ങും. ജില്ലയിലെ യുവ ചിത്രകാരന്മാരായ ഇ.വി. ബാലന്‍, രാജേന്ദ്രന്‍ പുല്ലൂര്‍, സജീന്ദ്രന്‍, ശ്യാമശശി, വിനോദ് അമ്പലത്തറ, ജയചന്ദ്രന്‍, ജയദേവന്‍, ടി. വിപിന്‍, രാമചന്ദ്രന്‍, ബാബു മേക്കാടന്‍, ജ്യോതി ചന്ദ്രന്‍, പ്രവീണ്‍കുമാര്‍, എന്നിവരാണ് ചിത്രം വരക്കുന്നത്. 12 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ചിത്രങ്ങള്‍ ഏറ്റു വാങ്ങും. നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉപഹാര സമര്‍പ്പണം നടത്തും.

കോഴ്‌സുകളിലേക്കുള്ള  അപേക്ഷകള്‍ ക്ഷണിച്ചു 

കേന്ദ്ര മാനവ വിഭവശേഷി മന്ത്രലയത്തിന്റെ  കീഴിലുളള കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക്ക് സ്‌കീമിന്റെ  ഭാഗമായി കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്ക് കോളജില്‍  ജനുവരി മാസത്തില്‍ ആരംഭിക്കുന്ന അലുമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സിലേക്ക് മൂന്ന് മാസം, ഓട്ടോകാഡ് സിവില്‍ മൂന്ന് മാസം, ടൂവിലര്‍ റിപ്പയര്‍ ആന്റ് മെയിന്റനന്‍സ് മൂന്ന് മാസം എന്നീ കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഈ സൗജന്യ കോഴ്‌സിനുള്ള അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കാഞ്ഞങ്ങാട് സ്വമി നിത്യാനന്ദ പോളിടെക്‌നിക്ക് കോളജ് കമ്മ്യൂണിറ്റി ഓഫീസുമായി ബന്ധപ്പെടണം. കൂടികാഴ്ച ഡിസംബര്‍ 20 ന് രാവിലെ 10 മണിക്ക് കോളജില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9495534979    

വിദ്യാഭ്യാസ വായ്പ പലിശയിളവ് അനുവദിക്കും

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 2004-09 കാലയളവില്‍ വിദ്യാഭ്യാസ വായ്പയെടുക്കുകയും വിദ്യാഭ്യാസം പൂര്‍തത്തിയാക്കിയ ശേഷം ജോലി ലഭിക്കാതിരിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ കാലത്തെ പലിശ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. പലിശയിളവ് തദ്ദേശ വകുപ്പിന്റെ ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പെട്ടുട്ടുള്ളവര്‍ക്ക് മാത്രമായിരിക്കും. ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ നിന്നും ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വായ്പ എടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പലിശ ഇളവിന് അര്‍ഹത. അര്‍ഹരായവര്‍ വായ്പ എടുത്തിട്ടുളഅള ബാങ്കില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോറവും നിശ്ചിത രേഖകളും ഡിസംബര്‍ 31 ന് മുമ്പായി ജില്ലാ പ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിക്കണം. ഒരു പകര്‍പ്പ് ബന്ധപ്പെട്ട ബാങ്കിനും നല്‍കണം. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും ലഭിച്ച ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തൊഴില്‍ രഹിതനാണെന്നുളള അപേക്ഷകന്റെ സത്യവാങ്മൂലം, തൊഴില്‍ രഹിതനാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെയോ, പഞ്ചായത്ത് പ്രസിഡന്റിന്റെയോ ഗസറ്റഡ് ഉദ്യോഗസ്ഥന്റെയോ സാക്ഷ്യ പത്രം,വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്,ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എന്നീ രേഖകളാണ് അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടത്. അപേക്ഷകനെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ അപേക്ഷാ ഫോമില്‍ രേഖപ്പെടുത്തേണ്ടതാണ്.

വികലാംഗ ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക് (കന്നടയും മലയാളവും അറിയാവുന്നവര്‍ക്ക്) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട വകലാംഗ ഉദ്യോഗാര്‍ത്ഥികളുടെ അസ്സല്‍ പ്രമാണ പരിശോധനയും അര്‍ഹതാ നിര്‍ണ്ണയവും ഡിസംബര്‍ 27 ന് രാവിലെ 8.30 മണിക്ക് കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടത്തുന്നതാണ്. മെമ്മോയില്‍ പറയുന്ന രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം ഹാജരാകേണ്ടതാണ്. അല്ലാത്ത പക്ഷം റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതല്ല.  ലിസ്റ്റില്‍ ഉള്‍പ്പട്ട വികലാംഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെമ്മോ ലഭിക്കാത്ത പക്ഷം കാസര്‍കോട് ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

ഡിസ്‌പ്ലേ  ബോര്‍ഡിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയിലെ ആരോഗ്യകേരളം പദ്ധതി പ്രകാരം നടപ്പിലാക്കി വരുന്ന ജനനി ശിശു സുരക്ഷ പരിപാടിയും സ്‌കൂള്‍ ആരോഗ്യ പദ്ധതിക്കു വേണ്ടിയും ഡിസ്‌പ്ലേ ബോര്‍ഡ് തയ്യാറാക്കിന്നതിന് മുദ്ര വെച്ച് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 22 ന് 3 മണിക്കു മുമ്പായി ജില്ലാ പ്രോഗ്രാം മാനേജര്‍ എന്‍.ആര്‍.എച്ച്.എം. എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ എന്‍.ആര്‍എച്ച്.എം. ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0467-2209466    

എച്ച്.ആര്‍.ഡി. അറ്റസ്റ്റേഷന്‍

കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തികൊണ്ടിരുന്ന എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം കണ്ണൂര്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ 19 ന് രാവിലെ ഒമ്പത് മുതല്‍ 12.30 മണി വരെ നടത്തും. ആ ദിവസം നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.      

സിവില്‍  എഞ്ചിനീയര്‍ ഇന്റര്‍വ്യു

എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫീസില്‍  നിലവിലുള്ള സിവില്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് ഡിസംബര്‍ 27 ന് രാവിലെ 11 മണിക്കു ഇന്റര്‍വ്യു നടക്കും. സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക്ക് ബിരുധമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവര്‍ അന്ന് രാവിലെ ഫോര്‍ട്ട് റോഡിലുളള എസ്.എസ്.എ യുടെ ജില്ലാ പ്രൊജക്ട് ഓഫീസില്‍ ഹാജരാകണം.

ഗൃഹശ്രീ പദ്ധതി അപേക്ഷകള്‍ 31 വരെ നല്‍കാം

പാവപ്പെട്ടവര്‍ക്കു വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന  ഗൃഹശ്രീ ഭവന നിര്‍മ്മാണ പദ്ധതി സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് നടപ്പാക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അറയ്ക്കല്‍ ബാലകൃഷ്ണപിള്ള അറിയിച്ചു.  രണ്ടോ മൂന്നോ സെന്റ് ഭൂമിയെങ്കിലുമുളള പാവപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ മുതല്‍ 5.50 ലക്ഷം രൂപ വരെ നിര്‍മ്മാണ ചെലവു വരുന്ന വീടുകള്‍ വയ്ക്കുന്നതിനു സാമ്പത്തിക സഹായവും സാങ്കേതിക സഹായവും നല്‍കുന്ന പദ്ധതിയാണിത്. ഓരോ വീടിനും സര്‍ക്കാര്‍ സബ്‌സിഡിയായി രണ്ടു ലക്ഷം രൂപയും സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ വിഹിതമായി ഒരു ലക്ഷം രൂപയും ധനസഹായം നല്‍കും. പദ്ധതിയുടെ ഒന്നാം ഘട്ടമായി 2800 വീടുകള്‍ നിര്‍മ്മിക്കും. ഈ സാമ്പത്തിക വര്‍ഷം 500 വീടുകള്‍ നിര്‍മ്മിക്കുവാനാണ് ഉദ്ദേശിക്കുന്നത്.  പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള സന്നദ്ധ സംഘടനകളും വ്യക്തികളും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. അപേക്ഷകള്‍  സെക്രട്ടറി, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്,ശാന്തി നഗര്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ അയയ്ക്കുകയോ ഇ മെയില്‍ kshb-kshb@rediffmail.com ചെയ്യുകയോ വേണം. ഫോണ്‍ 0471-2330001

ഫുട്‌ബോള്‍  ചാമ്പ്യന്‍ഷിപ്പ് തൃക്കരിപ്പൂരില്‍

ജില്ലാ വിഷന്‍ ഇന്ത്യാ ചാമ്പ്യന്‍ഷിപ്പ് ഈ മാസം 26 മുതല്‍ 28 വരെ തൃക്കരിപ്പൂര്‍ പഞ്ചായത്ത് മൈതാനിയില്‍  നടത്തുന്നതാണ്.  ജില്ലയിലെ അഞ്ച് സെന്ററുകളിലെ താരങ്ങളാണ് പ്രസ്തുത മത്സരത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാന വിഷന്‍ ഇന്ത്യാ ചാമ്പ്യന്‍ഷിപ്പിനുള്ള കാസര്‍കോട് ജില്ലാ ടീമിനെ ഈ മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കും.

കായികക്ഷമതാ പരിശോധന

ജില്ലയിലെ അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുളള കുട്ടികളുടെ കായികക്ഷമതാ പരിശോധന ജനുവരി ഒന്ന് മുതല്‍ 15 വരെ നടക്കും. ജില്ലയില്‍ 100 ശതമാനം വിദ്യാര്‍ത്ഥികളെയും കായികക്ഷമതാ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടെക്‌നിക്കല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വിവിധ സബ്ജില്ലകളിലെ വിദ്യാലയങ്ങളില്‍ സംസ്ഥാനതല മോണിറ്ററിംഗ് ടീം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.  

വസ്തു ലേലം

സെയില്‍സ് ടാക്‌സ് റവന്യു റിക്കവറി കുടുശ്ശികയിനത്തില്‍  കെ.കെ.പുരം എം.എ.അബ്ദുള്‍ റഹിമാനില്‍ നിന്നും ജപ്തി ചെയ്ത കുഡ്‌ലു വില്ലേജില്‍ 0.05 ഏക്കര്‍ സ്ഥലം ഡിസംബര്‍ 29 ന് രാവിലെ  11 മണിക്ക് കുഡ്‌ലു വില്ലേജ് ഓഫീസില്‍ പൊതുലേലം നടത്തും. കൂടുതല്‍ വിവരങ്ങല്‍ക്ക് കാസര്‍കോട് റവന്യു റിക്കവറി ഓഫീസുമായി ബന്ധപ്പെടണം ഫോണ്‍ 04994 225789

കേരളോത്സവ വിജയികള്‍ രജിസ്റ്റര്‍ ചെയ്യണം

നീലേശ്വരത്ത് നടന്ന ജില്ലാ തല കേരളോത്സവത്തില്‍  വിജയം നേടിയ സംസ്ഥാന കേരളോത്സവത്തില്‍ ജില്ലയെ പ്രതിനിധീകരിച്ചു മത്സരിക്കുന്ന മുഴുവന്‍ മത്സരാര്‍ത്ഥികളും ഡിസംബര്‍ 19 നകം അവരവരുടെ രജിസ്‌ട്രേഷന്‍ ഫോറം ജില്ലാ പഞ്ചായത്ത് ഓഫീസിലോ ജില്ലാ യുവജന ക്ഷേമകേന്ദ്രത്തിലോ എത്തിക്കണം. പാസ്‌പോര്‍ട്ട് സൈസിലും സ്റ്റാമ്പ് സൈസിലുമുള്ള രണ്ട് ഫോട്ടോകള്‍ സഹിതം പേരും രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-256219, 9995797296 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

തുല്യതാ കോഴ്‌സ്: ഏകദിന പരിശീലനം

ജില്ലാ സാക്ഷരതാമിഷന്റേയും ഡയററിന്റേയും  സംയുക്താഭിമുഖ്യത്തില്‍    പത്താം  തരം തുല്യതാ കോഴ്‌സ് ക്ലാസ്സ് ലീഡര്‍മാര്‍ക്കുള്ള പരിശീലനം ചെങ്കള ഗ്രാമ പഞ്ചായത്ത് ഹാളില്‍   കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  അഡ്വ:മുംതാസ് ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.

ചെങ്കള ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ മുഹമ്മദ് അഷ  റഫ്  അധ്യക്ഷത വഹിച്ചു.ഡയററ് സീനിയര്‍ ലക്ചര്‍ എം.ജലജാക്ഷി പരിശീലന വിശദീകരണം   നടത്തി.സാക്ഷരതാമിഷന്‍ ജില്ലാ കോ ഓര്‍ഡിനേററര്‍ പി.പ്രശാന്ത് കുമാര്‍, ഭാഷാ ന്യൂനപക്ഷ  കോ ഓര്‍ഡിനേററര്‍ ഷാജു ജോണ്‍ തുടങ്ങിയവര്‍ ക്ലാസ്സുകളെടുത്തു.സി.കെ .പുഷ്പകുമാരി,  എ.പി.ചന്ദ്രമതി തുടങ്ങിയവര്‍ പ്രസംഗിച്ചു


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

35 വയസ്സിനും 45 വയസ്സിനുമിടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ഗര്‍ഭാശയഗള കാന്‍സര്‍  നേരത്തെ കണ്ടെത്തുന്നതിനുള്ള പാപ്‌സ്മിയര്‍, വായിലെ കാന്‍സര്‍, സ്തനാര്‍ബുദം എന്നിവ കണഅടെത്തുന്നതിനുള്ള പരിശോധന ക്യാമ്പ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡിസംബര്‍ 24 ന്  രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ നടക്കുന്നതാണ്. ബെസ്‌കോട്ട് ഫാര്‍മസ്യൂട്ടിക്കല്‍സ്, മടിക്കൈ,  പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും.  ക്യാമ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 75 പേരെ സൗജന്യ പരിശോധനക്ക് വിധേയരാകും.  മാസമുറ കഴിഞ്ഞ് 10 ദിവസമെങ്കിലും കഴിഞ്ഞ സ്ത്രീകളാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടത്.

അമിതമായ വെള്ള പോക്ക്, രക്തം കലര്‍ന്ന വെള്ള  പോക്ക്, സംഭോഗത്തിന് ശേഷമുള്ള രക്തസ്രാവം എന്നീ ലക്ഷണങ്ങളുള്ള  എല്ലാ സ്ത്രീകളും പാപ്‌സ്മിയര്‍ പരിശോധന നടത്തേണ്ടതാണ്.  വളരെ നേരത്തെ ആരംഭിക്കുന്ന ലൈംഗിക ബന്ധം, ചെറുപ്പത്തിലുള്ള ഗര്‍ഭധാരണം, തുടരെയുള്ള പ്രസവങ്ങള്‍, ലൈംഗിക അവയവങ്ങളുടെ ശുചിത്വമില്ലായ്മ, ഒന്നിലധികം ലൈംഗിക പങ്കാളികള്‍ എന്നീ കാരണങ്ങള്‍ കൊണ്ടുണ്ടാവുന്ന ഗര്‍ഭാശയഗള കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും തടയാന്‍ കഴിയുന്നതാണ്.  പാപ്‌സ്മിയര്‍ പരിശോധനയിലൂടെ ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയും.

വേദനയില്ല, കുത്തിവെയ്‌പോ മയക്കുമരുന്നോ ആവശ്യമില്ല, രക്തസ്രാവമോ മറ്റു പ്രയാസങ്ങളോ ഇല്ല, ഒരുമിനിറ്റുകൊണ്ട് പരിശോധന കഴിയും, ഏതെങ്കിലും കുഴപ്പമുള്ളവര്‍ക്ക് ഉടന്‍ ചികിത്സ ആരംഭിക്കാം, ചിലവ് വളരെ കുറവാണ് എന്നിവയാണ് ഈ ടെസ്റ്റിന്റെ പ്രത്യേകതകള്‍. വായിലെ കാന്‍സര്‍ പുരുഷന്‍മാരെയാണ് പ്രധാനമായും ബാധിക്കുന്നത്.  പാന്‍പരാഗ്, ഗുഡ്ക തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച പുരുഷന്‍മാര്‍ വായിലെ കാന്‍സര്‍ നിര്‍ണയിക്കാനുള്ള ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുത്ത് പരിശോധിപ്പിക്കേണ്ടതാണ്.ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പി.പി. യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  

ജില്ലാ ആസൂത്രണ സമിതി 19 ന്

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ 2012-13 വാര്‍ഷിക പദ്ധതി രേഖ അംഗീകാരത്തിനായി പരിഗണിക്കുന്നതിനായി ജില്ലാ ആസൂതണ സമിതിയുടെ യോഗം ഡിസംബര്‍ 19ന് രാവിലെ 11 മണിക്ക് കളക്‌ട്രേറ്റ് കോണ്‍ഫരന്‍സ് ഹാളില്‍ ചേരും.

Keywords: Government, Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia