city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 13.07.2016

മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 31 വരെ

(www.kasargodvartha.com 13/07/2016) വ്യവസായ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുളള മാര്‍ജിന്‍ മണി വായ്പയുടെ കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്നു. ഈ മാസം 31 വരെയാണ് പദ്ധതിയുടെ കാലാവധി. 2008 ഏപ്രില്‍ ഏഴിനോ അതിനു മുന്‍പോ വായ്പ എടുത്ത് തിരിച്ചടവ് കാലാവധി കഴിഞ്ഞ വായ്പകള്‍ക്കാണ് പദ്ധതി ബാധകമായിട്ടുളളത്.

വായ്പ വാങ്ങിയ സംരംഭകന്‍ മരണപ്പെടുകയും സ്ഥാപനം നിന്നു പോവുകയും സ്ഥാപനത്തിന്റെ ആസ്തികള്‍ നിലവിലില്ലാതിരിക്കുകയും ചെയ്ത കേസുകളില്‍ മുതലും പലിശയും പിഴപ്പലിശയും എഴുതിത്തളളും. മരണപ്പെട്ട സംരംഭകന്റെ അവകാശികള്‍ ഇതിനായി അപേക്ഷിക്കണം. ഇത്തരം കേസുകളില്‍ സംരംഭകന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മുതല്‍ ഒറ്റത്തവണയായി തിരിച്ചടച്ചാല്‍ പലിശയും പിഴപ്പലിശയും എഴുതിത്തളളും.
സര്‍ക്കാര്‍ അറിയിപ്പുകള്‍ 13.07.2016

വായ്പ വാങ്ങിയ സംരംഭകന്‍ മരണപ്പെടുകയും സ്ഥാപനം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കേസുകളില്‍ പലിശയും പിഴപ്പലിശയും 50 ശതമാനം എഴുതിത്തളളും. മുതലും ബാക്കി പലിശയും ഒറ്റത്തവണയായി തിരിച്ചടയ്ക്കണം. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി നഷ്ടത്തിലോടുന്ന സ്ഥാപനങ്ങള്‍ അവരവരുടെ നെറ്റ്‌വര്‍ത്ത് നെഗറ്റീവ് ആണെങ്കില്‍ 50 ശതമാനം പലിശയും പിഴപ്പലിശയും എഴുതിത്തളളും. പീഡിത വ്യവസായ പദ്ധതി പ്രകാരം പുനരുദ്ധാരണത്തിനായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് പ്രതേ്യകം സ്‌കീം അനുവദിച്ചിട്ടുണ്ട്.

അവര്‍ മുതലിന്റെ 50 ശതമാനം മൂന്ന് ഗഡുക്കളായി അടയ്ക്കുകയാണെങ്കില്‍ ബാക്കി തുക അടയ്ക്കുന്നതിന് രണ്ട് വര്‍ഷം സാവകാശം നല്‍കും. പലിശയും പിഴപ്പലിശയും എഴുതിത്തളളും. സമയബന്ധിതമായി തുക അടയ്ക്കുന്നില്ലായെങ്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആനുകൂല്യം നഷ്ടപ്പെടും. പുനരുദ്ധാരണ സാധ്യതയില്ലാത്തതും പൂട്ടിക്കിടക്കുന്നതുമായ സ്ഥാപനങ്ങള്‍ക്ക് പലിശയും പിഴപ്പലിശയും 50 ശതമാനം ഇളവ് നല്‍കും.

ഈ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷകള്‍ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആനുകൂല്യം ഉപയോഗിച്ച് അര്‍ഹതയുളള മുഴുവന്‍ സംരംഭകരും വായ്പ അടച്ചുതീര്‍ക്കണമെന്നും അടച്ചു തീര്‍ക്കാത്ത കേസുകള്‍ ഈ മാസം 31 നു ശേഷം ജപ്തി നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യുന്നതാണെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്‌ഫോണ്‍ നമ്പര്‍: ജില്ലാ വ്യവസായ കേന്ദ്രം, കാസര്‍കോട് : 04994-255749, 256090 താലൂക്ക് വ്യവസായ ഓഫീസ്, കാസര്‍കോട്: 04994 256110 താലൂക്ക് വ്യവസായ ഓഫീസ്, ഹോസ്ദുര്‍ഗ്: 04672209490.

ഉപതെരഞ്ഞെടുപ്പ് യോഗം 15ന്
കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല യോഗം 15ന് വൈകുന്നേരം 4.30 ന് കളക്ടറുടെ ചേമ്പറില്‍ ചേരും.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ്
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്നും മണിക്കൂറില്‍ 55 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഊരുകൂട്ടയോഗങ്ങള്‍
കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും ഊരുകൂട്ടയോഗങ്ങള്‍ ഈ മാസം 15 മുതല്‍ 19 വരെ നടക്കും. നടപ്പ് വാര്‍ഷിക പദ്ധതിയില്‍ പട്ടികവര്‍ഗ മേഖലയില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ രൂപീകരിക്കുന്നതിനും ശൗചാലയ നിര്‍മ്മാണ ധനസഹായത്തിന് ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്നതിനുമാണ് ഊരുകൂട്ടം ചേരുന്നത്. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്ന് ലഭിക്കും.

ലേലം ചെയ്യും
കെ എസ് ബി സി ഡി സി യില്‍ കുടിശ്ശികയിനത്തില്‍ ജപ്തി ചെയ്ത കയ്യാര്‍ വില്ലേജിലെ റീസര്‍വ്വെ നമ്പര്‍ 185/1എ2 വില്‍ പെട്ട 15 സെന്റ് സ്ഥലം ഈ മാസം 27 ന് രാവിലെ 11 മണിക്ക് കയ്യാര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 225789.

മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം
കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടിലുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഈ മാസം 18 മുതല്‍ 20 വരെ രാവിലെ 10 മുതല്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കും. താല്‍പ്പര്യമുളളവര്‍ ഈ മാസം 16 നകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04972 763473.

കാലവര്‍ഷം 452 ഹെക്ടര്‍ കൃഷി നശിച്ചു
കാലവര്‍ഷത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ജില്ലയില്‍ 135 ഹെക്ടര്‍ കൃഷി നശിച്ചു. 10 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ജൂണ്‍ ഒന്നിന് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതിനു ശേഷം ജില്ലയില്‍ ഇതുവരെ 452.25 ഹെക്ടര്‍ പ്രദേശത്താണ് കൃഷി നശിച്ചത്.

മുളിയാര്‍ കുടുംബശ്രീ സി ഡി എസ്സില്‍ അക്കൗണ്ടന്റ് നിയമനം
മുളിയാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സ് ഓഫീസില്‍ അക്കൗണ്ടന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കുടുംബശ്രീ കുടുംബാംഗമായ ബി കോം ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20 നും 35 നും മധ്യേ. എസ് സി, എസ് ടി, വികലാംഗര്‍, വിധവകള്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്കിങ് മേഖല എന്നിവയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്കും മുളിയാര്‍ പഞ്ചായത്തില്‍ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന നല്‍കും. അപേക്ഷകര്‍ ഈ മാസം 22 ന് രാവിലെ 10 ന് യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

രണ്ടാംഘട്ട കൗണ്‍സിലിങ്

കാസര്‍കോട് ഗവ.ഐ ടി ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുളള രണ്ടാംഘട്ട കൗണ്‍സിലിങ് ഈ മാസം 18, 19 തീയതികളില്‍ നടത്തും. എന്‍ സി വി ടി ട്രേഡുകളിലേക്ക് അപേക്ഷിച്ചിട്ടുളളവര്‍ 18 നും എസ് സി വി ടി ട്രേഡുകളിലേയ്ക്ക് അപേക്ഷിച്ചിട്ടുളളവര്‍ 19 നും രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി (ടി സി ഒഴികെ) ഓഫീസില്‍ രക്ഷാകര്‍ത്താവിനൊപ്പം ഹാജരാകണം. ഇന്‍ഡക്‌സ് മാര്‍ക്ക്- പട്ടികജാതി-175, പട്ടികവര്‍ഗ്ഗം-185, മറ്റുളളവര്‍-200.

യോഗം19ന്
ജില്ല നേരിടുന്ന വരള്‍ച്ചയ്ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടത്തിയ ശില്പശാലയില്‍ വന്ന നിര്‍ദ്ദേശങ്ങളുടെയും കോര്‍ കമ്മിറ്റി യോഗ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ വര്‍ഷം തന്നെ നടപ്പിലാക്കേണ്ടുന്ന പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍, സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാതല വകുപ്പ് മേധാവികള്‍, ഈ മേഖലയിലെ വിദഗ്ധര്‍ എന്നിവരുടെ ഒരു യോഗം ഈ മാസം 19 ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേരും.

അപേക്ഷ ക്ഷണിച്ചു
പുല്ലൂര്‍ ഗവ:ഐ.ടി.ഐ യില്‍ ആഗസ്റ്റില്‍ നടക്കുന്ന എസ്.സി.വി.ടി സപ്ലിമെന്ററി (പഴയ സമ്പ്രദായം) പരീക്ഷയ്ക്ക് ട്രെയിനികളില്‍ നിന്നും നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 150 രൂപ ഫീസടച്ച ഒറിജിനല്‍ ചെലാന്‍ സഹിതം ഈ മാസം 15നകം ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2268174

കാറഡുക്ക ബ്ലോക്ക് വികസന സെമിനാര്‍ നടത്തി
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നടപ്പ് വര്‍ഷത്തെ വികസന സെമിനാര്‍ ബോവിക്കാനം സൗപര്‍ണ്ണിക ഓഡിറ്റോറിയത്തില്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. കുമാരന്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, ബ്ലോക്ക് മെമ്പര്‍മാര്‍ ,വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ബ്ലോക്ക് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, എസ്.സി, എസ്.ടി പ്രൊമോട്ടര്‍മാര്‍, സി.ഡി.എസ് പ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു. കിലാ ഫാക്കല്‍റ്റി അംഗം എച്ച്. കൃഷ്ണന്‍ പദ്ധതി മാര്‍ഗരേഖയെക്കുറിച്ച് വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ഉഷ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ( ഇന്‍ചാര്‍ജ് ) ബി. ടി. സുഗുണന്‍ നന്ദിയും പറഞ്ഞു.

Keywords : Kasaragod, Meet, Government Announcements.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia