city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 12-08-2013

സ്വാതന്ത്ര്യദിനാഘോഷത്തിന്റ  ഭാഗമായി കലാപരിപാടികള്‍

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റ  ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ ആഗസ്റ്റ് 15 ന് രാവിലെ 8 ന് പട്ടികജാതി, പിന്നോക്ക ക്ഷേമം, ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍  അഭിവാദ്യം സ്വീകരിക്കും.  തുടര്‍ന്ന് 8.30 ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.  വെളളിക്കോത്ത് വിഷ്ണുഭട്ടിന്റെ ദേശഭക്തിഗാനം, നെഹ്‌റുയുവ കേന്ദ്രയുടെ പ്രിയദര്‍ശിനി അരയാലിന്‍കീഴ് അവതരിപ്പിക്കുന്ന ഡിസ്‌പ്ലേ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ശിങ്കാരിമേളം,  പായിച്ചില്‍ ചൈതന്യ സ്‌ക്കൂള്‍ അവതരിപ്പിക്കുന്ന യോഗ, പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഒരുക്കുന്ന നാടന്‍പാട്ട്, ദേശഭക്തിഗാനം എന്നിവ അരങ്ങേറും.

കൃഷി ഭൂമി വായ്പ പദ്ധതി: പട്ടികജാതിക്കാരില്‍  നിന്ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന രണ്ട് ലക്ഷം രൂപ പദ്ധതി തുകയുളള കൃഷി ഭൂമി വായ്പാ പദ്ധതിയില്‍ പരിഗണിക്കുന്നതിനായി പട്ടികജാതിയില്‍പ്പെട്ട അര്‍ഹരായ ഭൂരഹിതരായ നാമമാത്ര ഭൂമിയുളള  കര്‍ഷക തൊഴിലാളികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും 21 നും 50 നും  ഇടയില്‍ പ്രായമുളളവരുമായിരിക്കണം. അപേക്ഷകന്റെ  കുടുംബത്തിന് സ്വന്തമായി  25 സെന്റില്‍ കൂടുതല്‍ ഭൂമി ഉണ്ടായിരിക്കാന്‍ പാടില്ല.  കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുളളവര്‍ക്ക് 81000 രൂപയിലും  നഗര പ്രദേശങ്ങളിലുളളവര്‍ക്ക് 103000 രൂപയിലും കവിയാന്‍ പാടില്ല. വായ്പ ലഭിക്കുന്നവര്‍ വായ്പ തുക കൊണ്ട്  വരുമാനദായകമായ 50 സെന്റ് കൃഷിഭൂമിയെങ്കിലും വാങ്ങണം.  മൊത്തം പദ്ധതി തുകയില്‍ പരമാവധി 50000 രൂപ വരെ അര്‍ഹതയനുസരിച്ച് സബിസിഡിയായി ലഭിക്കുന്നതാണ്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.  വായ്പ തുക നിശ്ചിത കാലപരിധിക്കുളളില്‍ ആറ് ശതമാനം  പലിശ സഹിതം അടക്കേണ്ടതാണ്. തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ രണ്ട് ശതമാനം പിഴപലിശ കൂടി  അടയ്‌ക്കേണ്ടതായി വരും.  വാങ്ങുന്ന ഭൂമി   കൃഷിക്കനുയോജ്യമായിരിക്കേണ്ടതും അപേക്ഷകന്റേയും അയാളുടെ ഭാര്യ അഥവാ ഭര്‍ത്താവ് എന്നിവരുടേയും കുട്ടുടമസ്ഥതയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും വായ്പ തിരിച്ചടവ് പൂര്‍ണ്ണമായി തീരുന്നതുവരെ കോര്‍പ്പറേഷന് പണയപ്പെടുത്തേണ്ടതുമാണ്.

ഭൂമിയുടെ രജിസ്‌ട്രേഷന്‍ ചെലവുകള്‍ ഗുണഭോക്താവ് സ്വയം വഹിക്കണം. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍  അര്‍ഹതയുളളൂ.  അപേക്ഷകര്‍ വിവാഹിതരായിരിക്കണം. മുമ്പ് കോര്‍പ്പറേഷനില്‍ നിന്നും  കൃഷിഭൂമി വായ്പ ഉള്‍പെടെ ഏതെങ്കിലും സ്വയംതൊഴില്‍ വായ്പ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും ബന്ധപ്പെട്ട മേഖലാ ഓഫീസുകളില്‍ ലഭിക്കും. അപേക്ഷ ഫോറത്തിന്റെ വില അഞ്ച് രൂപയാണ്.  പൂരിപ്പിച്ച അപേക്ഷ, ജാതി, കുടുംബ വാര്‍ഷിക വരുമാനം (6 മാസത്തിനുളളില്‍ ലഭിച്ചത്), വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പും കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗത്വം ഉണ്ടെങ്കില്‍ അംഗത്വ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ആഗസ്റ്റ് 31 നകം കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് കെട്ടിടത്തിലെ മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04672-204580.

അക്ഷയ കേന്ദ്രങ്ങളില്‍  രജിസ്റ്റര്‍ ചെയ്യണം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡിലെ അംഗങ്ങളുടെ ഡാറ്റാ ഡിജിറ്റലൈസ് ചെയ്യുന്നതിനു വേണ്ടി തൊഴിലാളികള്‍ ക്ഷേമനിധി അംഗത്വ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍,ഒരു ഫോട്ടോ എന്നിവ സഹിതം സെപ്തംബര്‍ 30 നകം അടുത്തുളള അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒക്‌ടോബര്‍ ഒന്നു മുതലുളള തൊഴിലാളികളുടെ  ആനുകൂല്യങ്ങള്‍ ഡാറ്റാ ഡിജിറ്റലൈസ് ചെയ്തവര്‍ക്കു മാത്രമേ ലഭിക്കുവെന്ന് ക്ഷേമനിധി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

എം ടെക് പ്രവേശനം

കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജില്‍ എം ടെക് തെര്‍മല്‍ ആന്റ് ഫ്‌ളൂയിഡ് എഞ്ചിനീയറിംഗ് പ്രോഗ്രാമില്‍ ഒഴിവുളള സീറ്റുകളിലേയ്ക്ക്  നാളെ (ആഗസ്റ്റ് 14) 11 മണിക്ക്  കോളേജ് ഓഫീസില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.താല്‍പര്യമുളളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക്  04994-250290, 250555 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

ഡിഗ്രി പ്രവേശനം

മടിക്കൈ മോഡല്‍  കോളേജില്‍ വിവിധ ബിരുദ കോഴ്‌സുകളിലേക്കുളള 2013-14 വര്‍ഷത്തെ  പ്രവേശനം  ഇന്ന് (ആഗസ്റ്റ് 13)  സമാപിക്കുമെന്ന് പ്രിന്‍സിപ്പാള്‍  അറിയിച്ചു. പ്ലസ്ടു സയന്‍സ് പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ബി എസ് സി ഇലക്‌ട്രോണിക് വിഷയത്തില്‍ ചേരാന്‍ അവസരം ഉണ്ടാകും. അഡ്മിഷന്‍ ആവശ്യമുളളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നീലേശ്വരം മടിക്കൈ മേക്കാട്ടുളള മോഡല്‍ കോളേജ് ഓഫീസില്‍ ഇന്ന്  രാവിലെ 10 ന് ഹാജരാകണം. ഫോണ്‍ 0467-2240911.

ക്യാഷ് അവാര്‍ഡ് അപേക്ഷ തീയതി നീട്ടി

ജില്ലയിലെ വിമുക്ത ഭടന്‍മാരുടെ മക്കള്‍ 2013ലെ എസ് എസ് എല്‍ സി, സി ബി എസ്,ഇ,  ഐ സി എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, ടോപ്പ് ഗ്രേഡിംഗ് നേടിയിട്ടുണ്ടെങ്കില്‍ 3000 രൂപയുടെ ക്യാഷ്  അവാര്‍ഡ് നല്‍കും. ഇതിനുളള അപേക്ഷ ആഗസ്റ്റ് 31 വരെസ്വീകരിക്കും. അര്‍ഹരായവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഓഫീസില്‍ നിന്നും ലഭിക്കുന്ന ഫോറം ഡി ഡി-40, ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, മാര്‍ക്ക് ഷീറ്റ് എന്നിവയുടെ ഗസറ്റഡ്  ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. കുട്ടിയുടെ പേര്, ഡിസ്ചാര്‍ജ്ജ്  ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ വില്ലേജ് ഓഫീസറില്‍ നിന്നും ലഭിക്കുന്ന റിലേഷന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-256860 എന്ന നമ്പറില്‍ ബന്ധപ്പെടണം.

നീന്തല്‍ സെലക്ഷന്‍ ട്രയല്‍ 18 ന്

ആഗസ്റ്റ് 31, സെപ്തംബര്‍  ഒന്ന് എന്നീ തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന 61-മത് സംസ്ഥാന പുരുഷ-വനിതാ നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് ആഗസ്റ്റ് 18 ന് നീലേശ്വരത്ത് നടത്തും. ദേശീയ ഗെയിംസിലേക്കുളള കേരളാ ടീമിലേക്കും, ദേശീയ സീനിയര്‍ നീന്തല്‍ മത്സരത്തിലേക്കുളള നീന്തല്‍ താരങ്ങളെ ഈ  മത്സരത്തില്‍ തെരഞ്ഞെടുക്കും. താല്‍പര്യമുളളവര്‍ ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ സെക്രട്ടറിയുമായി ബന്ധപ്പെടണം. ഫോണ്‍ 9496091159.

ഗിളിവിണ്ടു പ്രോജക്ട് യോഗം

മഹാകവി മഞ്ചേശ്വര്‍ ഗോവിന്ദപൈ സ്മാരകത്തില്‍ നടപ്പിലാക്കുന്ന  ഗിളിവിണ്ടു പ്രോജക്ടുമായി ബന്ധപ്പെട്ട കമ്മിറ്റി അംഗങ്ങളുടെ യോഗം ആഗസ്റ്റ് 16 ന് കളക്ടറുടെ ചേമ്പറില്‍  ചേരും.

മണ്ണെണ്ണ പെര്‍മിറ്റ് വിതരണം

മത്സ്യബന്ധന യാനങ്ങളുടെ സംയുക്ത  പരിശോധനയുടെ അടിസ്ഥാനത്തില്‍ പുതുക്കിയ മത്സ്യബന്ധന മണ്ണെണ്ണ പെര്‍മിറ്റുകള്‍ ആഗസ്റ്റ് 16 ന് അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നും വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പെര്‍മിറ്റ് വിലയായ 50 രൂപയും റേഷന്‍ കാര്‍ഡ്, പഴയ പെര്‍മിറ്റ് (പെര്‍മിറ്റ് പുതുക്കി ലഭിക്കാനുളളത്), മത്സ്യഫെഡ് നല്‍കുന്ന കാര്‍ഡ്, എഞ്ചിന്‍ ഇന്‍വോയ്‌സ് (പുതിയ പെര്‍മിറ്റിന് അപേക്ഷിച്ചവര്‍) എന്നിവയും ഹാജരാക്കി പെര്‍മിറ്റ് കൈപ്പറ്റണം. പെര്‍മിറ്റ് സംബന്ധിച്ച് പരാതിയുളളവര്‍ മത്സ്യഫെഡ് ഓഫീസുമായി ബന്ധപ്പെടണം.

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി വെസ്റ്റ് എളേരി പഞ്ചായത്തിലെ കൂവപാറ-കുറുഞ്ചേരി റോഡ് നിര്‍മ്മാണത്തിനും ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി-വായിക്കാനം റോഡ് ടാറിംഗിനും   അഞ്ച് ലക്ഷം രൂപാ വീതം അനുവദിച്ചു.

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ ഇ ചന്ദ്രശേഖരന്‍  എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് കളളാര്‍ പഞ്ചായത്തില്‍ കളളാര്‍-അരയാര്‍പളളം-ചുളളിയോടി റോഡിന് 3 ലക്ഷം രൂപയും നീലേശ്വരം ഗ്രാമപഞ്ചായത്തിലെ അങ്കകളരിയില്‍ കുഴല്‍ കിണര്‍ സ്ഥാപിക്കുന്നതിന് പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 67,925 രൂപയും അനുവദിച്ചു. കോടോംബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാംപാറ-പാറക്കടവ് റോഡിന് 5,87,000 രൂപയുടെ പദ്ധതിക്കും അനുമതി നല്‍കി. ഈ പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ഭരണാനുമതി നല്‍കി.            

എം.എല്‍.എ. ഫണ്ടില്‍ 20 കമ്പ്യൂട്ടര്‍ അനുവദിച്ചു

മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ അഞ്ച് വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതിന് പി ബി അബ്ദുള്‍ റസാഖ് എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 505600 രൂപ അനുവദിച്ചു.പദ്ധതിക്ക് ജില്ലാകളക്ടര്‍ ഭരണാനുമതി നല്‍കി. പുത്തിഗെ പഞ്ചായത്തിലെ  ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സൂരംബയല്‍ മഞ്ചേശ്വരം പഞ്ചായത്തിലെ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഉദ്യാവര്‍ എന്നിവിടങ്ങളില്‍ അഞ്ച് കമ്പ്യൂട്ടറുകള്‍ വീതം വാങ്ങുന്നതിന് 126440 രൂപ വീതവും വോര്‍ക്കാടി പഞ്ചായത്തിലെ സെന്റ് ജോസഫ് എ യു പി സ്‌ക്കൂള്‍ കാളിയൂറിന് 6 കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതിന് 151680 രൂപയും എല്‍ പി എസ് കാപ്പിരിയില്‍ രണ്ട് കമ്പ്യൂട്ടറുകള്‍ക്ക് 50560 രൂപയും എണ്‍മകജെ പഞ്ചായത്തിലെ ഉക്കിനടുക്ക എ എല്‍ പി സ്‌ക്കൂളിന് രണ്ട് കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതിന് 50560  രൂപയുമാണ് അനുവദിച്ചത്.

ന്യൂനപക്ഷ  പ്രമോട്ടര്‍മാരുടെ യോഗം

ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി  വിദ്യാര്‍ത്ഥികള്‍ക്കുളള പാസ് വേഡ് ക്യാമ്പ് ആഗസ്റ്റ് 17, 18 തീയതികളില്‍  മായിപ്പാടി ഡയറ്റില്‍ നടക്കും. ഇതു സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ  യോഗം ഇന്ന് (ആഗസ്റ്റ് 13) രാവിലെ 10.30 ന്  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  യോഗത്തില്‍ പ്രമോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതാണ്. മാസാന്ത്യ പ്രഫോര്‍മ റിപ്പോര്‍ട്ട് സഹിതം എല്ലാ പ്രമോട്ടര്‍മാരും  യോഗത്തില്‍ പങ്കെടുക്കണം.

ന്യൂനപക്ഷ  വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസന ക്യാമ്പ്

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷത്തില്‍ പെട്ട  ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍  വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന ക്യാമ്പ,് പാസ്സ് വേഡ,് ആഗസ്റ്റ് 17, 18 തീയതികളില്‍ മായിപ്പാടി ഡയറ്റില്‍ നടക്കും.  ഒരു ദിവസത്തെ താമസമുള്‍പ്പടെ രണ്ട് ദിവസമാണ് ക്യാമ്പ്. ക്യാമ്പില്‍  വ്യത്യസ്ത മേഖലകളില്‍ വിദഗ്ദ്ധരായ  വ്യക്തികള്‍ ക്ലാസുകള്‍ നയിക്കുന്നതാണ്. കലാ, സാഹിത്യ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനുളള അവസരവും ലഭ്യമാകും. കളക്ടറേറ്റിലെ  ന്യൂനപക്ഷ സെല്ലില്‍ നേരിട്ടോ, ന്യൂനപക്ഷ പ്രമോട്ടര്‍മാര്‍ മുഖേനയോ നേരത്തേ അപേക്ഷ സമര്‍പ്പിച്ച ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി തലത്തില്‍ പഠിക്കുന്ന 200 പേര്‍ക്കാണ് പ്രവേശനം. അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ 17 ന് രാവിലെ 9 മണിക്ക് ക്യാമ്പില്‍ എത്തിച്ചേരേണ്ടതാണ്. ക്യാമ്പിന്റെ സമാപന ദിനം ഉച്ചയ്ക്ക് ശേഷം രക്ഷിതാക്കള്‍ക്കുളള ക്ലാസും ഉണ്ടായിരിക്കും.

ക്ഷേമനിധി അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

കേരളാ ഷോപ്‌സ് ആന്റ് കമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ക്ഷേമനിധിയില്‍ അംഗത്വമുളള മുഴുവന്‍ തൊഴിലാളികളും ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ക്ഷേമനിധി ഐഡന്റിറ്റി കാര്‍ഡ്,ഫോട്ടോ എന്നിവ സഹിതം ഉടന്‍ തന്നെ അടുത്തുളള അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. 2013 ഒക്‌ടോബര്‍ മുതല്‍ ക്ഷേമനിധിയില്‍ നിന്നുളള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഈ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

നീന്തല്‍ സെലക്ഷന്‍ ട്രയല്‍ 18 ന്

ആഗസ്റ്റ് 31, സെപ്തംബര്‍  ഒന്ന് തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന 61-മത് സംസ്ഥാന പുരുഷ, വനിതാ നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് ആഗസ്റ്റ് 18 ന് നീലേശ്വരത്ത് നടത്തും. ദേശീയ ഗെയിംസിലേക്കുളള കേരളാ ടീമിലേക്കും  ദേശീയ സീനിയര്‍ നീന്തല്‍ മത്സരത്തിലേക്കുളള നീന്തല്‍ താരങ്ങളെ ഈ  മത്സരത്തില്‍ തെരഞ്ഞെടുക്കും. താല്‍പര്യമുളളവര്‍ ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ സെക്രട്ടറിയുമായി ബന്ധപ്പെടണം. ഫോണ്‍ 9496091159.

കാറ്റടിക്കാന്‍  സാധ്യത

അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും  ലക്ഷദ്വീപ പ്രദേശങ്ങളിലും  വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീറ്റര്‍ മുതല്‍ 55 കി.മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍  സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.

പഴയ വാട്ടര്‍ ടാങ്കുകള്‍ വില്‍ക്കും

കാസര്‍കോട് കളക്ടറേറ്റ് പരിസരത്ത് സൂക്ഷിച്ചിട്ടുളള വാട്ടര്‍ ടാങ്കുകള്‍ ലേലം ചെയ്ത് വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സെപ്തംബര്‍ 4 ന് മൂന്നു മണിക്കകം നല്‍കണം. നിരതദ്രവ്യം 800 രൂപ. ഏകദേശം  417 കിലോഗ്രാം തൂക്കമുളള 9 വാട്ടര്‍ ടാങ്കുകളാണ് ലേലം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍ 04994-255010.

ഭൂമി ലേലം

സെയില്‍ ടാക്‌സ് ഇനത്തില്‍ കുടിശ്ശിക വരുത്തിയതിന്  ജപ്തി ചെയ്ത ബഡാജെ ഗ്രാമത്തിലെ റീസര്‍വ്വെ നമ്പര്‍ 152/2 ഭാഗം (152/2 ബി)ത്തിലെ 0.75  ഏക്ര സ്ഥലം ആഗസ്റ്റ് 20 ന് രാവിലെ 11 മണിക്ക് ഹൊസബെട്ടു വില്ലേജ് ഓഫീസില്‍ പൊതുലേലം നടത്തി വില്‍പന ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് റവന്യൂ റിക്കവറി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 225789.

കേന്ദ്ര  സര്‍വകലാശാല എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കാസര്‍കോട് കേരള കേന്ദ്ര സര്‍വ്വകലശാലയുടെ2013-14ലേക്കുളള പി . ജി . എന്‍ട്രന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലേക്കുള്ള  കൗണ്‍സലിംഗ് തീയ്യതി ഓഗസ്റ്റ് 14ന് പ്രസിദ്ധപ്പെടുത്തുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് കാണുക.
സര്‍ക്കാര്‍ അറിയിപ്പുകള്‍ 12-08-2013

ആധാര്‍ സ്ലിപ്പ് നഷ്ടപ്പെട്ടവര്‍ക്ക ് ഇ ആധാര്‍ സൗകര്യം

ആധാര്‍  എന്റോള്‍മെന്റ് സ്ലിപ്പ് നഷ്ടപ്പെട്ടവര്‍ക്ക് ഇ- ആധാര്‍ എടുക്കുവാനുള്ള സൗകര്യം  ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ ആരംഭിച്ചതായി അസിസ്റ്റന്റ് ഡിസ്ട്രിക്ട് കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പേര്, ജനനതീയതി, വിലാസം, പിന്‍കോഡ് എന്നിവയുമായി അക്ഷയ കേന്ദ്രത്തിലെത്തിയാല്‍ ആധാര്‍ നമ്പര്‍ ആയിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഉണ്ടെങ്കില്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നും  ഇ- ആധാര്‍ ലഭ്യമാകും.  ആഗസ്റ്റ് 30 വരെ അക്ഷയ കേന്ദ്രത്തില്‍ ഈ സൗകര്യം ലഭിക്കും.

എന്‍ ആര്‍  എച്ച്.എം. കരാര്‍ നിയമനം

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രണ്ട് ഡയാലിസിസ് ടെക്‌നീഷ്യന്മാരേയും പെരിയ, ബദിയഡുക്ക എന്നീ എന്‍ഡോസള്‍ഫാന്‍   മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ഓരോ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരേയും കരാര്‍ അടിസ്ഥാനത്തില്‍ എന്‍ ആര്‍ എച്ച് എം മുഖേന നിയമിക്കുന്നു. നിശ്ചിത പി എസ് സി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 17 ന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട്  ജില്ലാ ആശുപത്രി കോമ്പൗണ്ടിലെ  എന്‍ ആര്‍ എച്ച് എം  ജില്ലാ ഓഫീസില്‍ നടക്കുന്ന എഴുത്ത് പരീക്ഷയിലും ഇന്റര്‍വ്യൂവിലും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467-2209466.

നീര ടെക്‌നീഷ്യന്‍മാരുടെ നിയമനം

നീലേശ്വരം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ നീര പ്രൊജക്ടിലേക്ക് നീര ടെക്‌നീഷ്യന്‍മാരെ തിരഞ്ഞെടുക്കുന്നു. കള്ളുചെത്തു തൊഴിലില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.  യോഗ്യത 7 ാം ക്ലാസ്സ്.  വയസ്സ ് 18 മുതല്‍ 50 വരെ. മാസ വേതനം 15000 രൂപ.  അപേക്ഷ ആഗസ്റ്റ് 19 നകം ലഭിക്കണം. അപേക്ഷ വെള്ളക്കടലാസില്‍  അസോസിയേറ്റ് ഡയറക്ടര്‍(നാളികേര മിഷന്‍), കാര്‍ഷിക കോളേജ്- പടന്നക്കാട് പി.ഒ പടന്നക്കാട്, നീലേശ്വരം വഴി കാസര്‍കോട് 671314 എന്ന വിലാസത്തില്‍ അയക്കണം.

മഞ്ചേശ്വരം ബ്ലോക്ക് പൈക്ക മത്സരം ഇന്ന് ആരംഭിക്കും

സ്വാമി വിവേകാനന്ദ പൈക്ക റൂറല്‍  കായികമേളയിലെ മഞ്ചേശ്വരം ബ്ലോക്ക്തല ഗെയിംസ് ഇനങ്ങള്‍ ഖൊ,ഖൊ, കബഡി, വോളിബോള്‍, ഫുട്‌ബോള്‍ എന്നിവ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഇന്ന് (ആഗസ്റ്റ് 13) രാവിലെ 10 മണിക്ക്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ ഉദ്ഘാടനം ചെയ്യും. നാളെ (ആഗസ്റ്റ് 14) അത്‌ലറ്റിക്‌സ് രാവിലെ 10 മണിക്ക് ആരംഭിക്കും. വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി സമ്മാനങ്ങള്‍ വിതരണം ചെയ്യും.

സൗജന്യ പരിശീലനം

കണ്ണൂര്‍ റുഡ്‌സൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്  ഗ്ലാസ്സ് എച്ചിംങ്ങ് ആന്റ് പെയിന്റിംഗ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. 15 ദിവസത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. പരിശീലനത്തില്‍  പങ്കെടുക്കാന്‍ താല്‍പര്യമുളള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18 നും  45 നും  ഇടയില്‍ പ്രായമുളളവര്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്, മേല്‍ വിലാസം, ഫോണ്‍ നമ്പര്‍, എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് നിയര്‍ ആര്‍ ടി എ ഗ്രൗണ്ട് പി ഒ കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ -670142 എന്ന വിലാസത്തില്‍ ആഗസ്റ്റ 17നകം അപേക്ഷിക്കണം.. ഓണ്‍ലൈനായി www.rudseti.webs.com എന്ന വെബ്‌സൈറ്റിലും അപേക്ഷിക്കാം. ഫോണ്‍ 04602-226573.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് കോച്ചിംഗ്

2015 ല്‍ നടക്കുന്ന മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതുവാന്‍ താല്‍പര്യമുളള ഈ അധ്യയന വര്‍ഷം പ്ലസ് വണ്‍ സയന്‍സ് കോഴ്‌സില്‍ പഠനം നടത്തുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്ക് പട്ടികജാതി വികസന വകുപ്പ് വിഷന്‍ 2014 പദ്ധതി പ്രകാരം ജില്ലയിലെ വിവിധ കോച്ചിംഗ് സ്ഥാപനങ്ങള്‍ വഴി  രണ്ട് വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിംഗ് നല്‍കുന്നു. 2013 മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി  പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും ബി പ്ലസ് ഗ്രേഡിന് മുകളില്‍ നേടിയിട്ടുളളവരും വാര്‍ഷിക വരുമാനം 4,50,000 രൂപയില്‍ താഴെയുളളവരുമായ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന സ്ഥാപനം ഉള്‍പ്പെടെ യുളള വിവരങ്ങള്‍ രേഖപ്പെടുത്തി ഈ മാസത്തിനകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഇതിനകം കോച്ചിംഗ് സ്ഥാപനങ്ങളില്‍ ചേര്‍ന്നിട്ടുളള അര്‍ഹതയുളളവര്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് 04994-256162 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുളള നിയമനങ്ങളില്‍ മുന്‍ഗണനയും ഉയര്‍ന്ന പ്രായപരിധിയില്‍ 10 വര്‍ഷത്തെ ഇളവും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഈ ആനുകൂല്യത്തിന് അര്‍ഹതയുളള ഉദ്യോഗാര്‍ത്ഥികള്‍ ദുരിതബാധിത പഞ്ചായത്തുകളിലെ പഞ്ചായത്ത് സെക്രട്ടറിമാരില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലയിലെ ബന്ധപ്പെട്ട എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

Also read:
കിഷ്ത്വാര്‍ കലാപം: ഒമര്‍ അബ്ദുല്ല മോഡിയെ കൂട്ടുപിടിക്കുന്നു

Keywords: Kasaragod, Kerala, Government Announcement, Government announcements 12-08-2013, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia