city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 03.09.2016

കാഷ്യൂ ഫെസ്റ്റ് 2016 ഉദ്ഘാടനം ചെയ്തു

(www.kasargodvartha.com 03/09/2016) ജില്ലയില്‍ 13 പഞ്ചായത്തുകളിലായി കുടുംബശ്രീയുടെ കീഴില്‍ ആരംഭിച്ച സഫലം കശുവണ്ടി സംസ്‌കരണ യൂണിറ്റ് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് തുടങ്ങുന്ന കാഷ്യൂ ഫെസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു നിര്‍വഹിച്ചു.

കശുവണ്ടിയുടെ 20 ഗ്രേഡുകളും മറ്റ് കശുവണ്ടി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടര്‍ ഡോ. പി കെ ജയശ്രീ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, എ ഡി എം സി കെ വി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒമ്പത് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിരേഖകള്‍ ഡി പി സി അംഗീകരിച്ചു
എട്ട് ഗ്രാമപഞ്ചായത്തുകളുടെയും ഒരു ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതിരേഖകള്‍ ജില്ലാ ആസൂത്രണ സമിതി അഡ്‌ഹോക് യോഗം അംഗീകരിച്ചു. കള്ളാര്‍, പിലിക്കോട്, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, കുറ്റിക്കോല്‍, മടിക്കൈ, അജാനൂര്‍, വലിയ പറമ്പ, ബേഡഡുക്ക, കയ്യൂര്‍-ചീമേനി, പളളിക്കര എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും നടപ്പ് സാമ്പത്തിക വര്‍ഷത്തെ വികേന്ദ്രീകൃത ആസൂത്രണ പദ്ധതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്. ചെറുവത്തൂരിന്റെ പദ്ധതിരേഖ നേരത്തെ അംഗീകരിച്ചിരുന്നു.

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യത്തെ ഒ ഡി എഫ് പഞ്ചായത്തായി യോഗം പ്രഖ്യാപിച്ചു. പഞ്ചായത്തില്‍ 125 ശുചിമുറികള്‍ നിര്‍മ്മിച്ചാണ് എല്ലാ കുടുംബങ്ങള്‍ക്കും ശുചിമുറി സൗകര്യമുളള പഞ്ചായത്തായി തൃക്കരിപ്പൂര്‍ മാറിയത്. ഈ മാസം ഒമ്പതിനകം മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്കും അംഗീകാരം നേടണമെന്ന് ഡി പി സി ഹാളില്‍ നടന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ പറഞ്ഞു.
സര്‍ക്കാര്‍ അറിയിപ്പുകള്‍ 03.09.2016

ഇരുപത് വര്‍ഷത്തിനിടയില്‍ ജില്ലയില്‍നിന്ന് ദേശീയ പ്രശസ്തരായ എത്ര പേരുണ്ട്? ജില്ലയിലെ ഏറ്റവും നല്ല പട്ടികവര്‍ഗകോളനി ഏതാണ്? ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കോളനിയേതാണ്? ജില്ലയില്‍ നിന്നും ദേശീയ ശ്രദ്ധ നേടിയ മാതൃക പ്രൊജക്ടുകളുണ്ടോ? തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനും അംഗീകരിക്കുന്നതിനും ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അഡ്‌ഹോക് കമ്മിറ്റി യോഗത്തില്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു ജനപ്രതിനിധികളോട് ചോദിച്ചു. പിന്നോക്ക ജില്ലകളായ വയനാട്ടിലും ഇടുക്കിയിലും പാലക്കാടും നിന്നും ഇക്കാലയളവില്‍ പ്രശസ്തരായവരെ കളക്ടര്‍ പരാമര്‍ശിച്ചു. യുവജനങ്ങളെയും പട്ടികജാതി പട്ടികവര്‍ഗങ്ങളേയും ഉള്‍ക്കൊള്ളുന്ന നവീനപദ്ധതികള്‍ ഉള്‍പ്പെടുത്തി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി പദ്ധതികള്‍ തയ്യാറാക്കണമെന്നും പരമ്പരാഗതരീതികളില്‍ നിന്ന് മാറി ചിന്തിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, കാസര്‍കോട്‌നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, എ ഡി പി പി മുഹമ്മദ് നിസാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, ജില്ലയിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.


ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ഏഴിന്
ഓണക്കാലത്ത് വിറ്റഴിക്കുന്ന പാലിന്റെ ഗുണമേ• പരിശോധിക്കുന്നതിനായി ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സിവില്‍സ്റ്റേഷനില്‍ ഈ മാസം ഏഴിന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് ആദ്യ സാമ്പിള്‍ സ്വീകരിക്കും. ക്ഷീരവികസനവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ് അധ്യക്ഷത വഹിക്കും. ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും പാല്‍ ഉല്‍പന്നങ്ങളുടെ ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്താം. ഈ മസം 7 മുതല്‍ 13 വരെ ഊര്‍ജിത പാല്‍ പരിശോധനാ ക്യാമ്പ് നടത്തും.


ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി രജിസ്‌ട്രേഷന്‍
സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി രജിസ്‌ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങളിലും കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങളിലും ആരംഭിച്ചു. 2017 മാര്‍ച്ച് വരെ ആനുകൂല്യത്തിന് അര്‍ഹതയുളള കാര്‍ഡ് ഉടമകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തൊഴില്‍ ക്ഷേമനിധി കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം അപേക്ഷസമര്‍പ്പിക്കണം.കൂടുതല്‍വിവരങ്ങള്‍ക്ക് 18002335691 (ടോള്‍ഫ്രീ).


ഡി സി എ കോഴ്‌സ്
സി- ഡിറ്റ് അംഗീകൃത ഡി സി എ, പി ജി ഡി സി എ, ഡാറ്റ എന്‍ട്രി, ടാലി അക്കൗണ്ടിംഗ് , ഗ്രാഫിക് ഡിസൈന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍ പ്പെടുന്നവര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷ സി-ഡിറ്റ് സി ഇ പി, ഇന്ത്യന്‍ കോഫീ ഹൗസിന് എതിര്‍വശം, പുതിയ ബസ് സ്റ്റാന്റ് എന്ന വിലാസത്തില്‍ ഈ മാസം 10 നകം സമര്‍പ്പിക്കണം. ഫോണ്‍ 9747001588.

ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജി കോഴ്‌സുകളിലേക്ക് 17 വരെ അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളായ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്), മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവയുടെ സംയുക്ത അക്കാദമിക് സംരംഭമായ മെഡിറ്റിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ ഈ മാസം 22 ന് ആരംഭിക്കുന്ന ആരോഗ്യ വിവര സാങ്കേതിക വിദ്യാകോഴ്‌സുകളിലെ ഒഴുവുളള സീറ്റുകളിലേക്ക് 17 വരെ അപേക്ഷിക്കാം.

കമ്പ്യൂട്ടര്‍ സയന്‍സ്, ബയോമെഡിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ മുതലായ വിഷയങ്ങളില്‍ യോഗ്യതയുളളവര്‍ക്ക് അഡ്വാന്‍സ് ഡിപ്ലോമ കോഴ്‌സുകളിലേക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവര്‍ക്ക് ഡിപ്ലോമ കോഴ്‌സിലേക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.medit.cdit.org  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 9746093222, 9895029009.


സപ്ലൈകോ സൗജന്യ ഓണക്കിറ്റ്
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ എല്ലാ ബി പി എല്‍, അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് ഈ മാസം ഏഴ് വരെ നല്‍കും. ഓണകിറ്റില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെ മട്ട അരി രണ്ട് കി.ഗ്രാം, തേയില 100 ഗ്രാം, മുളക് 200 ഗ്രാം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ഒ ഡി എഫ്: ജലനിധി പഞ്ചായത്തുകളുടെ അവലോകനം നടത്തി
തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജന രഹിത സമ്പൂര്‍ണ്ണ ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജലനിധി ഏറ്റെടുത്ത് കക്കൂസുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പഞ്ചായത്തുകളുടെ അവലോകന യോഗം ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്നു. മീഞ്ച, പൈവളിഗെ, പുത്തിഗെ, ദേലംപാടി, ബെളളൂര്‍, പടന്ന, ബളാല്‍, കിനാനൂര്‍-കരിന്തളം, പുല്ലൂര്‍-പെരിയ, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളിലാണ് ജലനിധിയുടെ സഹകരണത്തോടെ കക്കൂസുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. 2012 കക്കൂസുകള്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. ബാക്കിയുളളവ ഈ മാസം 25 നകം പൂര്‍ത്തീകരിക്കും. ഈസ്റ്റ് എളേരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കക്കൂസുകള്‍ നിര്‍മ്മിച്ചിട്ടുളളത്.

യോഗത്തില്‍ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എം രാധാമണി, ഭാരതി, മുസ്തഫ ഹാജി, പി സി ഫൗസിയ, ജലനിധി റീജ്യണല്‍ പ്രൊജക്ട് ഡയറക്ടര്‍ വി ചന്ദ്രന്‍, ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ വി സുകുമാരന്‍, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി യോഗം
സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ജില്ലാതല പരാതി പരിഹാര കമ്മറ്റി യോഗം (ഡി ജി ആര്‍ സി) ചേര്‍ന്നു. വിവിധ ആശുപത്രികളുടെ ക്ലെയിം സംബന്ധമായ പരാതികള്‍ പരിഹരിച്ചു. ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു അധ്യക്ഷനായി. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം സി വിമല്‍രാജ്, പി ആര്‍ സത്യപാല്‍ (ജില്ലാ ലേബര്‍ ഓഫീസ്), എ ഡി സി ചിയാക് എം സതീശന്‍ ഇരിയ, എന്‍ എച്ച് എം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം മാധവന്‍ നമ്പ്യാര്‍, ഇന്‍ഷൂറന്‍സ് കമ്പനി പ്രതിനിധികളായ കെ നൈമേഷ്, പ്രമോദ് തോമസ് എന്നിവര്‍ സംബന്ധിച്ചു.

എം പി ഫണ്ട് അനുവദിച്ചു
പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ ധര്‍മ്മത്തടുക്കയില്‍ യൂത്ത് ക്ലബ്ബും റീഡിംഗ് റൂമും നിര്‍മ്മിക്കാന്‍ പി കരുണാകരന്‍ എം പി യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു 11,00,000 രൂപയുടെ ഭരണാനുമതി നല്‍കി.

ദര്‍ഘാസ് ക്ഷണിച്ചു
2016-17 വര്‍ഷത്തെ ഒന്നു മുതല്‍ എട്ടു വരെയുളള ക്ലാസ്സുകളിലെ സി ഡബ്ല്യു എസ് എന്‍ കുട്ടികള്‍ക്കുളള ഉപകരണങ്ങള്‍ (കണ്ണട, ഹീയറിംഗ്, ഓര്‍ത്തോട്ടിക്) വിതരണം ചെയ്യുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ് എസ് എ ജില്ലാ പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04994 230316, 04994 230548.

തുറന്ന ജയിലില്‍ ട്രോമകെയര്‍ പരിശീലനം
ട്രോമാ കെയര്‍ സൊസൈറ്റി-ട്രാക്ക് ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ച് ചീമേനി തുറന്ന ജയില്‍ അന്തേവാസികള്‍ക്കായി വളണ്ടിയര്‍ പരിശീലനം നല്‍കുന്നു. ഇന്ന് (4) രാവിലെ ഒമ്പത് മണിക്ക് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് പരിപാടി ഉദ്ഘാടനം ചെയ്യും. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തിര ശാസ്ത്രീയ പരിചരണം മൂല്യാധിഷ്ഠിത സമൂഹത്തിനായുളള ബോധവല്‍ക്കരണ പരിപാടികള്‍, രക്തദാന-അവയവദാന പരിപാടികള്‍ എന്നീ ലക്ഷ്യങ്ങളോടെ പോലീസും മോട്ടോര്‍ വാഹന വകുപ്പും പൊതുജനപങ്കാളിത്തത്തോടെ ആരംഭിച്ച പദ്ധതിയാണ് ട്രോമകെയര്‍ സൊസൈറ്റി. സന്നദ്ധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ 9446068159 എന്ന നമ്പറില്‍ വിളിക്കുക.

തൊഴില്‍ രഹിത വേതന വിതരണം
കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്തിലെ 2015 ഡിസംബര്‍ മുതല്‍ 2016 ജൂലൈ വരെയുളള തൊഴില്‍ രഹിത വേതനം ഈ മാസം ഏഴ്, എട്ട് തീയ്യതികളില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ അസ്സല്‍ രേഖകളുമായിമായി ഓഫീസില്‍ നിന്ന് വേതനം കൈപ്പറ്റണം.

സീറ്റൊഴിവ്
കാസര്‍കോട് ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ ജിയോളജി വിഷയത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുളള ഒരു സീറ്റ് വീതം ഒഴിവുണ്ട്. വിദ്യാര്‍ത്ഥികള്‍ ഈ മാസം ആറിന് രാവിലെ 10.30 ന് ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.

Keywords : Kasaragod, Meeting, Inauguration, Government, Announcements.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia