city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 23.08.2013

കാരുണ്യ 44 രോഗികള്‍ക്ക് 48 ലക്ഷം നല്‍കാന്‍ ശുപാര്‍ശ

കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയില്‍ നിന്നും 44 രോഗികള്‍ക്ക് 47,92,342 രൂപയുടെ ധനസഹായം ശുപാര്‍ശ ചെയ്യാന്‍ ജില്ലാ സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍  അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി ഗോപിനാഥന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.നാരായണ നായിക്, ചിയാക് ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എം സതീശന്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി ബി പ്രസന്ന എന്നിവര്‍ സംബന്ധിച്ചു.

തദ്ദേശഭരണം കാര്യക്ഷമമാക്കാന്‍ ശില്‍പശാല

തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍  കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വ്വീസ് ഡെലിവറി പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശില്‍പശാല ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  മുഹമ്മദ്കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ ജി ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഡെപ്യൂട്ടി ഡയറക്ടര്‍ വി പി സുകുമാരന്‍, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ഗൗരി, കാസര്‍കോട് നഗര സഭ ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫിനാന്‍സ് അസിസ്റ്റന്റ് ജയചന്ദ്രന്‍, ഡോ.ബിന്ദു, വിജയകുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. കൃഷ്ണകുമാര്‍ സ്വാഗതവും പ്രോജക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ ബേബിബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

കാറ്റടിക്കാന്‍  സാധ്യത

അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും  ലക്ഷദ്വീപ പ്രദേശങ്ങളിലും  വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീറ്റര്‍ മുതല്‍ 55 കി.മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.

വികലാംഗ ഉദ്യോഗാര്‍ത്ഥികളുടെ വിവരം സര്‍ക്കാറിനു സമര്‍പ്പിക്കുന്നു

ജില്ലയില്‍  1999 ഓഗസ്റ്റ് 16 മുതല്‍ 2003 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖേന  താല്‍ക്കാലിക നിയമനം ലഭിച്ച വികലാംഗരുടെ വിവരങ്ങള്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുന്നു.  പൊതു അവധിയായതിനാല്‍ 179ല്‍  താഴെയുളള ദിവസങ്ങളില്‍ സര്‍വ്വീസില്‍ നിന്ന് വിടുതല്‍ ചെയ്തവരുടേയും പി എസ് സിയില്‍ നിന്നും സ്ഥിരം ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് 179 ദിവസം   പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിടുതല്‍ ചെയ്ത വികലാംഗരുടെയും വിവരങ്ങളാണ് സമര്‍പ്പിക്കുന്നത്. കൂടാതെ ഈ കാലയളവില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്ത വികലാംഗരുടെ വിവരവും സമര്‍പ്പിക്കും. മേല്‍പറഞ്ഞ കാലയളവില്‍ ജോലി ചെയ്ത വികലാംഗ  ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയിമെന്റ്  രജിസ്‌ട്രേഷന്‍ കാര്‍ഡും

ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റും മറ്റ് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 27നകം ബന്ധപ്പെട്ട എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍  ഹാജരാകണമെന്ന് ജില്ലാ എംപ്ലോയിമെന്റ് ഓഫീസര്‍ അറിയിച്ചു.

വിദ്യാഭ്യാസ വായ്പ പലിശ എഴുതി തളളാന്‍ അപേക്ഷിക്കണം

ഷെഡ്യൂള്‍ഡ് കമേര്‍ഷ്യല്‍ ബാങ്കുകളില്‍ നിന്നും 2004 ഏപ്രില്‍  2009 മാര്‍ച്ച് 31 വരെയുളള കാലയളവില്‍ വിദ്യാഭ്യാസ വായ്പ എടുത്ത മൂന്ന് ലക്ഷം രൂപ വാര്‍ഷിക വരുമാനമുളള എ പി എല്‍  വിഭാഗത്തില്‍പെട്ട തൊഴില്‍ രഹിതരുടെ പലിശ ബാധ്യത സര്‍ക്കാര്‍  ഏറ്റെടുക്കുന്നു.  ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിശ്ചിത പ്രൊഫോര്‍മയില്‍ കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ രഹിതനെന്ന സത്യവാങ്മൂലം, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോഴസ് സര്‍ട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവയടങ്ങിയ രേഖകള്‍ സഹിതമുളള അപേക്ഷ ഓഗസ്റ്റ് 30നകം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. 2013 മെയ് 31 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കുകയും ബി പി എല്‍ വിഭാഗത്തില്‍പ്പെടാത്തതുകാരണം അപേക്ഷ നിരസിക്കപ്പെട്ടവരും പുതുക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം നല്‍കണം. ഫോണ്‍ 04994-255313.

പി ജി ഡി സി എ കോഴ്‌സ്

എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും   സാങ്കേതിക വകുപ്പും സംയുക്തമായി നടത്തുന്ന  പി ജി ഡി സി എ കോഴ്‌സില്‍ ഒഴിവുളള സീറ്റുകളിലേക്ക് അഡ്മിഷന്‍  നടത്തുന്നു. ബിരുദമാണ് യോഗ്യത. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഒ ഇ സി വിഭാഗങ്ങള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍, മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ എല്‍ ബി എസ് സബ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ 04994-221011.

മത്സ്യസമൃദ്ധി പദ്ധതി രണ്ടാംഘട്ട ഉദ്ഘാടനം ശനിയാഴ്ച

ഉള്‍നാടന്‍ മത്സ്യോല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ ഫിഷറീസ് വകുപ്പ്  മത്സ്യസമദ്ധി പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ ശുദ്ധജല മത്സ്യകൃഷി,ഓരുജല മത്സ്യകൃഷി,കരിമീന്‍കൃഷി, കല്ലുമക്കായ കൃഷി,  പൊതുജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപം തുടങ്ങിയ വൈവിദ്യമാര്‍ന്ന ജലകൃഷികളാണ് നടപ്പിലാക്കുന്നത്.

മത്സ്യസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 നു കാഞ്ഞങ്ങാട് വ്യാവാരഭവനില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവിനിര്‍വ്വഹിക്കും.  മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ഹസീന താജുദ്ദീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സബ്കളക്ടര്‍ എസ് എ വെങ്കിടേശപതി മുഖ്യാതിഥിയായിരിക്കും. ശുദ്ധജല മത്സ്യസമൃദ്ധി എന്ന വിഷയത്തില്‍ ഫിഷറീസ് റിട്ടേയഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍  വി പി വിജയന്‍ ക്ലാസ്സെടുക്കും.

ആര്‍ ടി എ യോഗം

കാസര്‍കോട് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗം സെപ്തംബര്‍ 25 ന് രാവിലെ 10.30 ന്  കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  അജണ്ട സെപ്തംബര്‍ 10 ന് ക്ലോസ് ചെയ്യുമെന്ന്  ആര്‍ ടി ഒ അറിയിച്ചു.

ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യണം

നീലശ്വരം ബ്ലോക്ക് പഞ്ചായത്ത് മാതൃശിശു ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന അമ്പത്തിയഞ്ച് വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കായി കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പില്‍ പങ്കടുക്കാന്‍ താല്‍പര്യമുളള ബി പി ല്‍ ലസിസ്റ്റില്‍പ്പട്ടവര്‍ സെപ്തംബര്‍ 10-നകം, അതാത് അംഗന്‍വാടികള്‍ വഴി ശിശുവികസന പദ്ധതി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സിറ്റിംഗ് മാറ്റി

ഹനഫി, തീയ്യ കാവുതീയ്യ,പത്മശാലി എന്നീ സമുദായങ്ങളെ ഒ ബി സി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ചുളള നിവേദനങ്ങളില്‍ സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍  കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓഗസ്റ്റ് 27 നു നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിംഗ് ചില സാങ്കേതിക കാരണങ്ങളാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.  പുതിയ തീയതി പിന്നീട് അറിയിക്കും.

സീറ്റ് ഒഴിവ് 

കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍  പിജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അക്കാദമിയുടെ പൊതുപ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ ഇനിയും പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 27നകം അക്കാദമിയില്‍ ഹാജരാകണം.  വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2422275, 2422068.

വിദ്യാര്‍ത്ഥികള്‍ തുക കൈപ്പറ്റണം

ബേത്തൂര്‍പാറ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം പ്ലസ്ടു പരീക്ഷയ്ക്ക് ഫീസടച്ച ഒ ബി സി വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 29 ന് സ്‌ക്കൂള്‍ ഓഫീസില്‍ നിന്ന് ഫീസ്   തുക തിരിച്ച് നല്‍കുന്നു.  ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഹാജരായി തുക കൈപ്പറ്റണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് കളക്ടറേറ്റില്‍ രണ്ട് ഡോട്ട്മാട്രിക്‌സ് പ്രിന്റര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ആഗസ്റ്റ് 30 ന് മൂന്നു മണിക്കകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 04994-255010.  

രജിസ്റ്റര്‍ ചെയ്യണം

കേരള ബാര്‍ബര്‍, ബ്യൂട്ടീഷന്‍സ് ക്ഷേമപദ്ധതിയില്‍  അംഗങ്ങളായിട്ടുളളവരുടെ ഡാറ്റ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ അവരുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ (നാഷണലൈസ്ഡ് ബാങ്ക്) ആധാര്‍ നമ്പര്‍, ഫോട്ടോ എന്നിവ കൂടി സെപ്തംബര്‍ 30 നകം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ചേര്‍ക്കണം.  ഒക്‌ടോബര്‍ ഒന്നു മുതല്‍ അംഗങ്ങളുടെ ആനുകൂല്യങ്ങളെല്ലാം  ആധാര്‍ നമ്പര്‍ ചേര്‍ത്തവര്‍ക്ക് മാത്രമായിരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0497-2709096.
Kasaragod, Kerala, Government Announcement, Campaign,

ട്രാക്ടര്‍  ഡ്രൈവര്‍ ഒഴിവ്  

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍  ട്രാക്ടര്‍ ഡ്രൈവറുടെ (ഈഴവ, തീയ്യ, ബില്ലവ) ഇ ടി ബി നോണ്‍ പ്രയോറിറ്റി, മുസ്ലീം നോണ്‍ പ്രയോറിറ്റി, എസ് സി നോണ്‍ പ്രയോറിറ്റി വിഭാഗങ്ങളില്‍  ഓരോ താല്‍ക്കാലിക ഒഴിവുകള്‍ വീതം നിലവിലുണ്ട്. ഇവരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരെ പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം സെപ്തംബര്‍ 19 ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളില്‍ ഹാജരാകണം.

സീറ്റ് ഒഴിവ്

തളിപ്പറമ്പ് ഏഴാംമൈലില്‍ ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം എസ് സി ഇലക്‌ട്രോണിക്‌സ്, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ എസ് സി, എസ് ടി  വിഭാഗത്തിന് സീറ്റൊഴിവുണ്ട്. ഈ വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍  ഇല്ലാത്ത പക്ഷം ഒ ഇ സി ക്കാരേയും പരിഗണിക്കും. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടണം.

സീറ്റ് ഒഴിവ്

മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍  ഗവ.കോളേജില്‍ ഒന്നാം വര്‍ഷം എം എസ് സി സ്റ്റാസ്റ്റിസ്റ്റിക്‌സ് കോഴ്‌സിന് എസ് സി, എസ് ടി വിഭാഗത്തില്‍ സംവരണം ചെയ്ത സീറ്റുകള്‍ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുളള വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താവിനൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ആഗസ്റ്റ് 26 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 04998-272670.

നാഷണല്‍  യൂത്ത് കോര്‍ വളണ്ടിയര്‍മാരുടെ ഒഴിവ്

കേന്ദ്ര സര്‍ക്കാറിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴില്‍ നാഷണല്‍ യൂത്ത് കോര്‍ വളണ്ടിയര്‍മാരായി നിയമിക്കുന്നതിന് നെഹ്‌റു യുവകേന്ദ്ര അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുവാന്‍ തല്‍പരരായവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ് എസ് എല്‍ സിയാണ്. ബിരുദധാരികള്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്കും യൂത്ത് ക്ലബ് അംഗങ്ങള്‍ക്കും മുന്‍ഗണന ലഭിക്കും. ഏപ്രില്‍ ഒന്നിന് 25 വയസ് പൂര്‍ത്തിയാകരുത്.  ഒരു വര്‍ഷത്തേക്കാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 2500 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷകര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 29 ന് രാവിലെ  10 മണിക്ക് കാസര്‍കോട് സിവില്‍സ്റ്റേഷനിലുളള നെഹ്‌റു യുവകേന്ദ്ര ഓഫീസില്‍ എത്തിച്ചേരണമെന്ന്  ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ അറിയിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും  നെഹ്‌റു യുവകേന്ദ്രയില്‍ നിന്ന് ലഭിക്കും. ഫോണ്‍ 04994-256812, 255144.

ബോധവല്‍ക്കരണ ക്ലാസ്സ്  

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉദുമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സും ചര്‍ച്ചയും സംഘടിപ്പിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് കാഞ്ഞങ്ങാട് ബാര്‍ അസോസിയേഷനിലെ അഡ്വ. മനോജ് ക്ലാസ്സെടുത്തു.  പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍, കുടുംബശ്രീ ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ്കുഞ്ഞി, ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍ വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വിത്ത് വണ്ടി മടിക്കൈയില്‍  

മടിക്കൈ ഗ്രാമപഞ്ചായത്തിലെ മലപ്പച്ചേരി ജി. എല്‍ പി സ്‌കൂളില്‍  വിത്ത് വണ്ടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത നിര്‍വ്വഹിച്ചു. കുട്ടികള്‍ക്ക് കൃഷിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാനായി വിത്ത് വണ്ടി അംഗങ്ങളുടെ നേതൃത്വത്തില്‍ കൃഷിയെക്കുറിച്ചുള്ള പാട്ടും കടങ്കഥയും അരങ്ങേറി. തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളുടെ നാടന്‍പാട്ട്, കോല്‍ക്കളി, നാടന്‍ കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം എന്നിവയും നടന്നു. വഴുതന, പാവല്‍, പടവലം തുടങ്ങി എല്ലാവിധ പച്ചക്കറികളുമടങ്ങിയ സ്‌കൂള്‍ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് കൃഷി അസി. ഡയറക്ടര്‍ സജിനിമോള്‍ നിര്‍വ്വഹിച്ചു.  ഹൊസ്ദുര്‍ഗ് എ. ഇ. ഒ സദാനന്ദന്‍, പ്രധാനാധ്യാപകന്‍ ടി.എ .സലിം, സ്‌കൂള്‍ പി. ടി. എ അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ആഗസ്ത് 25 ന് മൂന്ന് മണിക്ക് കാഞ്ഞങ്ങാട് മേലാങ്കോട് ലയണ്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങ് പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് മുഖ്യ പ്രഭാഷണം നടത്തും. എഴുത്തുകാരന്‍ സക്കറിയ മാധവനെ ആദരിക്കും. മാധവന്റെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഡോ.പി രാധികാമേനോന്‍, ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Also read:
പാര്‍ലമെന്റിലെ ബഹളം: 12 എം.പി മാര്‍ക്ക് സസ്‌പെന്‍ഷന്‍
Keywords:  Kasaragod, Kerala, Government Announcement, Campaign, Competition, Sports, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia