George Kurian | കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി ജോർജ് കുര്യൻ കാസർകോട്ട് എത്തുന്നു; എൻജിഒ സംഘ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും; എടനീർ മഠവും സന്ദർശിക്കും
സീതാംഗോളിയിൽ കന്നഡ ന്യൂനപക്ഷങ്ങളുടെ പരിപാടിയിലും കാഞ്ഞങ്ങാട് നെഹ്‌റു കോളജിന്റെ സ്റ്റേഡിയം ഉദ്‌ഘാടനത്തിലും സംബന്ധിക്കും.
കാസർകോട്: (KasargodVartha) കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി ജോർജ് കുര്യൻ കാസർകോട്ട് എത്തുന്നു. ജൂലൈ 11,12,13 തീയതികളിലായി കാസർകോട് മുൻസിപൽ ടൗൺ ഹോളിൽ നടക്കുന്ന എൻജിഒ സംഘ് സംസ്ഥാന സമ്മേളനം അടക്കം വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് ജോർജ് കുര്യൻ എത്തുന്നത്. 13ന് നടക്കുന്ന പ്രതിനിധി സമ്മേളനം അദ്ദേഹം ഉദ്ഘടനം ചെയ്യും.
മന്ത്രിയുടെ പരിപാടിയുടെ സമയക്രമം രണ്ട് ദിവസത്തിനകം പുറത്തുവരും. കാസർകോട്ട് എത്തുന്ന മന്ത്രി എടനീർ മഠവും സന്ദർശിക്കും. ഇവിടെ സന്യാസി വര്യന്മാരുടെ യോഗത്തിന് ആശംസ അറിയിക്കുകയും ചെയ്യും. കാസർകോട് ടൗൺ ബാങ്കിന്റെ നവീകരണത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. സീതാംഗോളിയിൽ കന്നഡ ന്യൂനപക്ഷങ്ങളുടെ പരിപാടിയിലും ഉച്ചയ്ക്ക് രണ്ട് മണിക്ക് കാഞ്ഞങ്ങാട് നെഹ്‌റു കോളജിന്റെ സ്റ്റേഡിയം ഉദ്‌ഘാടനത്തിലും സംബന്ധിക്കും.
ഫിഷറീസ്, ന്യൂനപക്ഷ ക്ഷേമ സഹമന്ത്രിയായ ജോർജ് കുര്യൻ കാസർകോട് ജില്ലയിലെ മീൻപിടുത്ത കാര്യങ്ങളുമായി ബന്ധപ്പെട്ടും മറ്റും പ്രമുഖരുമായി സംസാരിക്കുമെന്നാണ് അറിയുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്ന സൂചനയുണ്ട്. കണ്ണൂർ ഇരിട്ടിയിലെ പരിപാടിയിൽ സംബന്ധിച്ച ശേഷമാണ് ജോർജ് കുര്യൻ കാസർകോട്ട് എത്തുക.
ജില്ലയിലെ ബിജെപി നേതാക്കളുമായും മന്ത്രി ആശയവിനിമയം നടത്തും. ബിജെപിയുടെ സംഘടനാ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനം ശക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്രമന്ത്രിമാരെ ഓരോ ജില്ലയിലും എത്തിക്കുന്നത്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും അടുത്ത് തന്നെ കാസർകോട്ട് എത്തും. എൻജിഒ സംഘ് സമ്മേളനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് എത്തുന്നതെന്നും എൻജിഒ സംഘ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിത് കാസർകോട് വാർത്തയോട് പറഞ്ഞു.