city-gold-ad-for-blogger

Negligence | മെഡികൽ കോളജ് ആയി ഉയർത്തുമെന്ന് പ്രഖ്യാപിച്ച കാസർകോട് ജനറൽ ആശുപത്രിയിലെ ജനറേറ്റർ തകരാറിൽ; പ്രസവ ശസ്ത്രക്രിയ മാറ്റിവച്ചു; വാടകയ്ക്ക് എത്തിച്ച് ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിച്ചു

Generator Damaged at Kasaragod General Hospital
Photo Credit: Website/ Kasargod Govt General Hospital

● വർഷങ്ങളായുള്ള ജനറേറ്റർ ആണ് കേടായത്.
● പുതിയ ജനറേറ്റർ ആവശ്യപ്പെട്ടിട്ടും നൽകിയില്ല.
● മുൻപ് ലിഫ്റ്റ് തകരാറിലായപ്പോൾ മൃതദേഹം ചുമന്നിറക്കേണ്ടി വന്നിരുന്നു 

കാസർകോട്: (KasargodVartha) മെഡികൽ കോളജ് ആയി ഉയർത്തുമെന്ന് പ്രഖ്യാപിച്ച കാസർകോട് ജനറൽ ആശുപത്രിയിലെ ജനറേറ്റർ തകരാറിലായി. ഇതേ തുടർന്ന് ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പ്രസവ ശസ്ത്രക്രിയ ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. വാടകയ്ക്ക് ജനറേറ്റർ എത്തിച്ചാണ് ആശുപത്രിയുടെ പ്രവർത്തനം താൽക്കാലികമായി പുനരാരംഭിച്ചിട്ടുള്ളത്. നേരത്തെ ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് മാസങ്ങളോളം തകരാറിലായതിനെ തുടർന്ന് മൃതദേഹങ്ങൾ അടക്കം ചുമന്നിറക്കിയത് വലിയ വിവാദമായിരുന്നു. 

പിന്നാലെയാണ് ഇപ്പോൾ ജനറൽ ആശുപത്രിയിലെ ജനറേറ്ററും തകരാറിലായിരിക്കുന്നത്. വാടകയ്ക്ക് ജനറേറ്റർ എത്തിച്ചതുകൊണ്ട് വൈദ്യുതി നിലച്ചാൽ ആശുപത്രി ഇരുട്ടിലാകുന്നതിൽ നിന്നും താൽക്കാലികമായി രക്ഷയായിട്ടുണ്ട്. വർഷങ്ങളുടെ പഴക്കമുള്ള ജനറേറ്ററാണ് കേടായിട്ടുള്ളത്. ഇത് ഇനി ശരിയാക്കിയെടുക്കാൻ കഴിയുമോ എന്ന കാര്യവും ഉറപ്പില്ല. പുതിയ ജനറേറ്റർ വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുവദിച്ചിട്ടില്ല. 

പൂട്ടിയ ടാറ്റാ ആശുപത്രിയിലെ ജനറേറ്റർ കാസർകോട് ജനറൽ ആശുപത്രിക്ക് കൈമാറിക്കൊണ്ട് ഉത്തരവായിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോക്ടർ ജമാൽ അഹമ്മദ് കാസർകോട് വാർത്തയോട് പറഞ്ഞു. മറ്റന്നാൾ ചേരുന്ന എച് എം സി (ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി) യോഗത്തിൽ അടിയന്തിരമായി ജനറേറ്റർ എത്തിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമ്മാണം പാതിവഴിയിൽ ഇഴയുന്ന ബദിയടുക്ക ഉക്കിനടുക്കയിലെ കാസർകോട് മെഡികൽ കോളജിൻ്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയെ മെഡികൽ കോളജ് ആക്കി ഉയർത്തിക്കൊണ്ട് ഈ വർഷം എം.ബി.ബി.എസ് പ്രവേശനം നടത്തുമെന്ന പ്രഖ്യാപനത്തിനിടയിലാണ് ജനറൽ ആശുപത്രിക്ക് ജനറേറ്റർ പോലുമില്ലാത്ത അവസ്ഥ വന്നിരിക്കുന്നത്. കാസർകോടിനോടുള്ള അവഗണനയുടെ മറ്റൊരു ഉദാഹരണമാണ് ഇത്തരത്തിലുള്ള സ്ഥിതിവിശേഷമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The generator at Kasaragod General Hospital, which was announced to be upgraded to a medical college, has broken down. As a result, the scheduled delivery surgery was postponed. The hospital has temporarily resumed operations with a rented generator.

#Kasaragod #Hospital #GeneratorFailure #MedicalCollege #KeralaHealth

:

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia