Name Change | വിവാദത്തെ തുടർന്ന് നെല്ലിക്കുന്ന് ബീച് റോഡിനെ ഒഴിവാക്കി പകരം കാസർകോട് നഗരസഭാ സ്റ്റേഡിയം റോഡിന് ക്രികറ്റ് താരം സുനിൽ ഗവാസ്കറിന്റെ പേരിടാൻ തീരുമാനം

● സുനിൽ ഗവാസ്കർ ഫെബ്രുവരി 21ന് കാസർകോട് എത്തും.
● റോഡിന്റെ നാമകരണം ഗവാസ്‌കർ നിർവഹിക്കും.
● സ്പോർട്സ് ടൂറിസത്തിന്റെ വളർച്ചയ്ക്ക് പ്രയോജനകരമാകുമെന്ന് അധികൃതർ
കാസർകോട്: (KasargodVartha) വിവാദത്തെ തുടർന്ന് നെല്ലിക്കുന്ന് ബീച് റോഡിനെ ഒഴിവാക്കി പകരം കാസർകോട് നഗരസഭാ സ്റ്റേഡിയം റോഡിന് ക്രികറ്റ് താരം സുനിൽ ഗവാസ്കറിന്റെ പേരിടാൻ തീരുമാനം. ഇതിൻ്റെ നാമകരണ പരിപാടിക്കായി സുനിൽ ഗവാസ്കർ ഫെബ്രുവരി 21ന് കാസർകോട്ട് എത്തും. വിദ്യാനഗറിൽനിന്ന് മുനിസിപൽ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ഗവാസ്കറിന്റെ പേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. റോഡിന്റെ നാമകരണം ഗവാസ്കർ തന്നെ നിർവഹിക്കും.
ഇൻഡ്യൻ ടീമിന് നൽകിയ സംഭാവനകളും ക്രികറ്റിന്റെ വളർച്ചയ്ക്കായി നടത്തിയ സേവനങ്ങളും പരിഗണിച്ചാണ് വിദ്യാനഗറിലെ അന്ധവിദ്യാലയത്തിൽനിന്ന് സ്റ്റേഡിയം വരെയുള്ള റോഡിന് ഗവാസ്കറിന്റെ പേര് നൽകാൻ തീരുമാനിച്ചതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നേരത്തെ നെല്ലിക്കുന്ന് ബീച് റോഡിന് ഗവാസ്കറിൻ്റെ പേരിടാനാണ് നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ പ്രദേശത്തെ ക്ലബുകളും നാട്ടുകാരും ബിജെപിയും പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ആ തീരുമാനം മാറ്റിയത്.
എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ആവശ്യപ്രകാരമാണ് നഗരസഭാ കൗൺസിൽ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തി ഗവാസ്കറിന് കാസർകോട്ട് സ്വീകരണം ഒരുക്കാനും സ്റ്റേഡിയം റോഡിന് അദ്ദേഹത്തിന്റെ പേര് നൽകാനും തീരുമാനിച്ചത്. കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനം അംഗീകരിച്ചത്. സ്പോർട്സ് ടൂറിസത്തിന്റെ വളർച്ചയ്ക്ക് ഇത് പ്രയോജനപ്പെടുമെന്ന് നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം യോഗത്തിൽ വ്യക്തമാക്കി.
കണ്ണൂർ വിമാനത്താവള അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം ഖാദർ തെരുവത്ത് മുഖാന്തരമാണ് ഗവാസ്കറെ കാസർകോട്ട് എത്തിക്കാൻ തീരുമാനിച്ചത്. സംഘാടകസമിതി രൂപവത്കരണ യോഗം എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. സഹീർ ആസിഫ്, എ അബ്ദുർ റഹ്‌മാൻ, ശംസീദ ഫിറോസ്, സിയാന ഹനീഫ്, ഖാലിദ് പച്ചക്കാട്, ടി എ ശാഫി, കെ എം അബ്ദുർ റഹ്‌മാൻ, കെ എം ബശീർ, കെ എം ഹനീഫ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.
Sunil Gavaskar's name will be given to the Kasaragod Municipal Stadium Road. Gavaskar will visit Kasaragod on February 21st for the naming ceremony. This decision comes after a previous plan to name the Nellikunnu Beach Road after him faced protests.
#SunilGavaskar #Kasaragod #RoadNaming #Kerala #Sports #Cricket