Criticism | ‘ഗ്യാസ് വിതരണ തൊഴിലാളികൾക്ക് അധ്വാനഭാരം അടിച്ചേൽപ്പിക്കരുത്’
'കമ്പ്യൂട്ടർ ജോലികൾ അടിച്ചേൽപ്പിക്കുന്നു, അധിക ജോലിക്ക് വേതനം ഇല്ല, ലേബർ കമ്മിഷണർ മുൻപാകെ നൽകിയ ഉറപ്പ് പാലിച്ചില്ല'
കാഞ്ഞങ്ങാട്: (KasargodVartha) ഗ്യാസ് ഏജൻസികളിലെ വിതരണ തൊഴിലാളികൾ അധിക ജോലിഭാരം ചുമത്തുന്നതിൽ പ്രതിഷേധം.. ഫ്യൂവൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ഓയിൽ കമ്പനികളുടെയും ലൈസൻസികളുടെയും നടപടിക്ക് എതിരായി രംഗത്തെത്തി.
പാചകവിതരണ മേഖലയിലെ തൊഴിലാളികളെ നിയമിക്കുമ്പോൾ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ, കെവൈസി, മസ്റ്ററിംഗ് തുടങ്ങിയ കമ്പ്യൂട്ടർ ജോലികൾ തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അനീതിയാണെന്ന് യൂണിയൻ ആരോപിച്ചു. അധികമായി ചെയ്യുന്ന ജോലികൾക്ക് മാന്യമായ വേതനം പോലും നൽകുന്നില്ല. ഓയിൽ കമ്പനികൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല എന്നും യൂണിയൻ സമ്മേളനം ആരോപിച്ചു.
ഗ്യാസ് സിലണ്ടർ ചോർച്ചകൾ പരിഹരിക്കാൻ പ്രത്യേക തൊഴിലാളികളെ നിയമിക്കുന്നതിനു പകരം അധികജോലിചെയ്യുന്ന ഡെലിവറി ജീവനക്കാർക്കുമേൽ ഭാരം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല, സമ്മേളനം ചൂണ്ടികാട്ടി.
സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. കരുണാകരൻ അധ്യക്ഷനായി. സെക്രട്ടറി ബോസ് മാത്യു റിപ്പോർട്ടും കണക്ക് സുരേന്ദ്രൻ വരവുചിലവും അവതരിപ്പിച്ചു. പ്രതിനിധികൾ സ്വരൂപിച്ച 6660 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സിഐടിയു ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണൻ ഏറ്റുവാങ്ങി. കെ. ഉണ്ണി നായർ, ഗിരി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ടി കെ രാജൻ (പ്രസിഡന്റ്), കെ കരുണാകരൻ, ടി നാരായണൻ (വൈസ് പ്രസിഡന്റ്), ബോസ് മാത്യു (സെക്രട്ടറി), പ്രജിത്ത്, ഷംസു (ജോയിന്റ് സെക്രട്ടറി), കെ പി സുരേന്ദ്രൻ (ട്രഷറർ).