Investigation | 'പ്രതികളെന്ന് സംശയിക്കുന്നവർ നാട്ടിൽ ഞെളിഞ്ഞു നടക്കുന്നു', ഗഫൂർ ഹാജിയുടെ ദുരൂഹ മരണത്തിന്റെ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക സംഘത്തെ ഏൽപിക്കണമെന്ന് ആക്ഷൻ കമിറ്റി
'ധനികനായ ഗഫൂർ ഹാജി എന്തിന് ബന്ധുക്കളിൽ നിന്നും ഇത്രയും സ്വർണം സ്വരൂപിച്ചു എന്നുള്ളത് ആശങ്കയുളവാക്കുകയാണ്'
കാസർകോട്: (KasaragodVartha) ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ പ്രവാസി വ്യാപാരി എംസി അബ്ദുൽ ഗഫൂർ ഹാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് പകരം സംസ്ഥാന ക്രൈംബ്രാഞ്ചിൻ്റെ സ്പെഷ്യൽ ടീമിനെ ഏൽപ്പിക്കണമെന്ന് ഗഫൂർ ഹാജി ആക്ഷൻ കമിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2023 ഏപ്രിൽ 14ന് പുലർച്ചെയാണ് ഗഫൂർ ഹാജിയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 14 മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. മരണസമയത്ത് ഇദ്ദേഹത്തോടൊപ്പം വീട്ടിൽ താമസമുണ്ടായിരുന്ന ഭാര്യയും മക്കളും മകൻ്റെ ഭാര്യയും ബന്ധു വീട്ടിലായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് 2023 ഏപ്രിൽ 28ന് നാട്ടുകാർ എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി കർമസമിതി രൂപവത്‌കരിച്ചു.
മരണപ്പെട്ട ഗഫൂർ ഹാജിയുടെ വീട്ടിൽ നിന്നും 12 ബന്ധുക്കളിൽ നിന്നും സ്വരൂപിച്ച 596 പവൻ സ്വർണാഭരണം നഷ്ടപ്പെട്ടിരുന്നു. ധനികനായ ഗഫൂർ ഹാജി എന്തിന് ബന്ധുക്കളിൽ നിന്നും ഇത്രയും സ്വർണം സ്വരൂപിച്ചു എന്നുള്ളത് ആശങ്കയുളവാക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഈ വീടുമായി നിരന്തരം ബന്ധം പുലർത്തുന്ന ഒരു സ്ത്രീയെയും അവരുടെ സുഹൃത്തിനെയും സംശയിച്ച് മരണപ്പെട്ട ഗഫൂർ ഹാജിയുടെ മകൻ അഹ്‌മദ് മുസമ്മിൽ ബേക്കൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂച്ചക്കാട് ജുമാ മസ്ജിദിൽ ഖബറടക്കിയ മൃതദേഹം കാഞ്ഞങ്ങാട് ആർഡിഒയുടെ നേതൃത്വത്തിൽ പോസ്റ്റ് മോർടം ചെയ്യുകയുണ്ടായി.
പോസ്റ്റ് മോർടം റിപോർടിൽ മരണകാരണം തലയ്ക്ക് പറ്റിയ ക്ഷതമെന്ന് രേഖപ്പെടുത്തുകയും കൂടുതൽ പരിശോധനയ്ക്കായി ആന്തരികാവയവം രാസപരിശോധനയ്ക്ക് വിടുകയുമായിരുന്നു. മരണപ്പെട്ട് മാസങ്ങൾ പിന്നിട്ടിട്ടും സംശയിക്കുന്നവരെ പല തവണ ചോദ്യം ചെയ്തുവെന്നല്ലാതെ പ്രതികളാക്കാൻ സാഹചര്യ തെളിവുകൾ നൽകിയിട്ടും എന്തുകൊണ്ട് സാധിച്ചില്ല എന്നതിൽ ആക്ഷൻ കമിറ്റിക്ക് സംശയമുണ്ട്.
ആക്ഷൻ കമിറ്റി നിരവധി ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. 10,000 ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് നൽകി. ബേക്കൽ പൊലീസ് സ്റ്റേഷന് മുന്നിൽ ബഹുജന ധർണ നടത്തി.
ഏറ്റവുമൊടുവിൽ 500 ലധികം സ്ത്രീകളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ അമ്മമാരുടെ കണ്ണീർ സമരം നടത്തി. ജില്ലയിലെത്തിയ മുഖ്യമന്ത്രിയെ രണ്ട് തവണ നേരിട്ട് കണ്ടു. ഡിജിപിയെയും ജില്ലയിലെ ജനപ്രതിനിധികളെയും കണ്ടു. പക്ഷേ പ്രതികൾ എന്ന് സംശയിക്കുന്നവർ നാട്ടിൽ ഞെളിഞ്ഞു നടക്കുകയാണ്. ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥനായ ബേക്കൽ ഡിവൈഎസ് പിയായിരുന്ന സികെ സുനിൽകുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഇന്ന് ഈ അന്വേഷണം നിലച്ചുപോയിരിക്കുകയാണ്.
വീണ്ടും മുഖ്യമന്ത്രിയെ കണ്ടതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏൽപ്പിച്ച വിവരം സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നും കത്ത് മുഖേന അറിഞ്ഞു. ഈ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് പകരം സംസ്ഥാന ക്രൈംബ്രാഞ്ചിൻ്റെ സ്പെഷ്യൽ ടീമിനെ നിയോഗിച്ചാൽ പ്രതികളെ കണ്ടെത്താൻ കഴിയുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. ചെയർമാൻ ഹസൈനാർ ആമു ഹാജി, കൺവീനർ സുകുമാരൻ പൂച്ചക്കാട്, കമിറ്റി അംഗങ്ങളായ എംഎ ലത്വീഫ്, കപ്പണ അബൂബകർ, ബികെ ബശീർ, ഗഫൂർ ഹാജിയുടെ സഹോദരൻ എംസി ഉസ്മാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.