city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaints | ഉദ്യോഗസ്ഥ ക്ഷാമം മുതൽ നായ ശല്യം വരെ; പൊതുവായ വിഷയങ്ങളിൽ നടപടി ആവശ്യപ്പെട്ട് അദാലത്തിൽ മന്ത്രിമാർക്ക് ദേശീയവേദിയുടെ നിവേദനം

National forum petition, Kumbla Adalat
Photo: Arranged

● നിലവിൽ മൂന്ന് വില്ലേജുകളാണ് ഈ ഓഫീസിന്റെ കീഴിലുള്ളത്, ഇത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
● കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിലെ (സിഎച്ച്സി) നവീകരണ പദ്ധതി രണ്ടു വർഷമായി മുടങ്ങിക്കിടക്കുകയാണ്. 
● നായക്കൂട്ടങ്ങൾ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു. 

ഉപ്പള: (KasargodVartha) ജനകീയ വിഷയങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി 'കരുതലും കൈത്താങ്ങും' മഞ്ചേശ്വരം താലൂക്ക് തല അദാലത്തിൽ രജിസ്ട്രേഷൻ-പുരാവസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ജില്ലാ കലക്ടർ കെ. ഇമ്പശേഖറിനും നിവേദനം സമർപ്പിച്ചു. കുമ്പള കോയിപ്പാടി ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കണമെന്നും ജനസംഖ്യാനുപാതികമായി വില്ലേജ് വിഭജിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ മൂന്ന് വില്ലേജുകളാണ് ഈ ഓഫീസിന്റെ കീഴിലുള്ളത്, ഇത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.

കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിലെ (സിഎച്ച്സി) നവീകരണ പദ്ധതി രണ്ടു വർഷമായി മുടങ്ങിക്കിടക്കുകയാണ്. സർക്കാർ അനുവദിച്ച അഞ്ചു കോടി രൂപയുടെ പദ്ധതി അനിശ്ചിതത്വത്തിലാണ്. ഈ പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കാലവർഷത്തിൽ ജില്ലയിലെ തീരദേശ മേഖലയിൽ ഉണ്ടാകുന്ന രൂക്ഷമായ കടലാക്രമണം തടയാൻ 'ടെട്രോപോഡ്' കടൽ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. നിലവിൽ പരീക്ഷിച്ച കടൽ ഭിത്തികൾക്കൊന്നും നിലനിൽപ്പില്ലാത്തതുകൊണ്ട് ശാസ്ത്രീയമായി വിജയം കണ്ട ടെട്രോപോഡ് രീതിയിലുള്ള ഭിത്തിയാണ് ഉചിതമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ നായ ശല്യം രൂക്ഷമാണെന്നും ഇത് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. റെയിൽവേ സ്റ്റേഷൻ, സർക്കാർ ആശുപത്രികൾ, പോലീസ് സ്റ്റേഷൻ, വിദ്യാലയ പരിസരങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം നായ ശല്യം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. നിരവധി പേർക്ക് കടിയേറ്റിട്ടുണ്ട്. നായക്കൂട്ടങ്ങൾ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു. 

കുമ്പള കോയിപ്പാടി-കൊപ്പളം തീരദേശ മേഖലയിൽ യാത്രാ സൗകര്യത്തിനായി കെഎസ്ആർടിസിയുടെ 'ഗ്രാമവണ്ടി' സർവീസ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ യാത്രാസൗകര്യമില്ലാത്തത് വലിയ ബുദ്ധിമുട്ടാണ്. കോയിപ്പാടി-കൊപ്പളം തീരദേശ റോഡ് ഉപയോഗിച്ച് ബസ് സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം.

പെൻഷൻ വിതരണം കാര്യക്ഷമമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ആറുമാസം കൂടുമ്പോൾ രണ്ടു മാസത്തെ പെൻഷൻ ലഭിക്കുന്നത് വയോജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് അവരുടെ മരുന്നിനും ചികിത്സയ്ക്കും തടസ്സമാകുന്നു. അതിനാൽ മാസാമാസം പെൻഷൻ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ പഠിച്ച് വേണ്ട നടപടി സ്വീകരിക്കാൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ജില്ലാ കലക്ടർ കെ. ഇമ്പശേഖറും അതാത് വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി. ദേശീയവേദി സെക്രട്ടറി എം.എ. മൂസ, അംഗങ്ങളായ താജുദ്ദീൻ മൊഗ്രാൽ, അഹമ്മദലി കുമ്പള എന്നിവരാണ് നിവേദനം സമർപ്പിച്ചത്.

#KumblaNews #KeralaGovernment #DogMenace #CoastalProtection #StaffShortage #PublicPetition

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia