city-gold-ad-for-blogger

മുഖം നോക്കാതെയുള്ള നടപടിയുണ്ടാകും: ജില്ലാ പോലീസ് ചീഫ്

കാസര്‍കോട്: (www.kasargodvartha.com 28.06.2016) കാസര്‍കോട്ട് മുഖം നോക്കാതെയുള്ള നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് പറഞ്ഞു. ഫ്രണ്ട്‌സ ഓഫ് പോലീസ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 ഓളം ക്ലബ്ബുഭാരവാഹികള്‍ പങ്കെടുത്ത യോഗത്തിലാണ് ജില്ലാ പോലീസ് ചീഫ് ഇക്കാര്യം വ്യക്തമാക്കിയത്.

കാസര്‍കോട്ട് കാവി, പച്ച എന്നീ നിറങ്ങളെ ചൊല്ലി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ മണ്ടന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കാസര്‍കോട്ട് 228 റൗഡികളും 8 കള്ളന്മാരും 2 വന്‍ കുറ്റവാളികളുമാണ് ഉള്ളത്. ഈ ചെറിയ വിഭാഗമാണ് ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഭൂരിഭാഗവും നല്ല രീതിയില്‍ ജീവിക്കുന്നവരും വിനോദം ആഗ്രഹിക്കുന്നവരുമാണ്. ഇവര്‍ക്കിടയിലേക്കാണ് ചിലര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസ് ഇടപെടുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ചിലപ്പോള്‍ നിരപരാധികളെയും പിടികൂടേണ്ടിവരുന്നു. ഇവരെ ചോദ്യം ചെയ്തതിന് ശേഷമാണ് വിട്ടയക്കുന്നത്. ഈ സമയത്ത് നിരപരാധികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണെന്ന് വിശ്വസിക്കരുതെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു. കഴിഞ്ഞ തവണ പോലീസ് തന്നെ മുന്‍ കൈയ്യെടുത്ത് നടത്തിയ ഷട്ടില്‍ ടൂര്‍ണമെന്റില്‍ മത്സരിക്കാനെത്തിയവരില്‍ മുഹമ്മദും ഖാദറും അസീസും മറ്റും ഒരു ഭാഗത്തെ ടീമിലും ഭാസ്‌കരന്‍, രവി, കുമാരന്‍ തുടങ്ങിയവര്‍ മറുഭാഗത്തെ ടീമിലുമാണ് മത്സരിക്കാനെത്തിയത്.

മത്സരത്തിന് മുമ്പ് ഇരുടീമുകളും പരസ്പരം കൈ കൊടുക്കാന്‍ തന്നെ പോലീസ് വേണ്ടിവന്നു. മത്സര ശേഷവും ഇവര്‍ വേറിട്ടാണ് കളിക്കളം വിട്ടത്. ഇതല്ല ഇപ്പോള്‍ ആവശ്യമെന്നും ഞങ്ങള്‍ പഠിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നത് പോലെ എല്ലാവിഭാഗത്തില്‍പെട്ടവരുമായും സൗഹൃദവും സ്‌നേഹവും ആദരവും കാത്ത് സൂക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കൂടിച്ചേരലുകള്‍ ഒഴിവാകുമ്പോഴാണ് നിറത്തിന്റെയും മതത്തിന്റെയും ജാതിയുടെയും സൗന്ദര്യത്തിന്റെയും പേരില്‍ സ്വരചേര്‍ച്ച ഇല്ലാതെ പോകുന്നതെന്ന് ജില്ലാ പോലീസ് ചീഫ് പരിതപിച്ചു. ഇത്തരം ഒരു സാഹചര്യത്തിലാണ് മതേതര കൂട്ടായ്മകള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ക്ലബ്ബുകളെ പങ്കെടുപ്പിച്ച് ഫ്രണ്ട്‌സ് ഓഫ് പോലീസ് എന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് ടൗണ്‍ സി ഐ എംപി ആസാദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. അഡീഷണല്‍ എസ് ഐ കെപിവി രാജീവന്‍ ആശംസാ പ്രസംഗം നടത്തി. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ പ്രദീപന്‍ നന്ദി പറഞ്ഞു.

മുഖം നോക്കാതെയുള്ള നടപടിയുണ്ടാകും: ജില്ലാ പോലീസ് ചീഫ്

Keywords: Kasaragod, SP, Club, Cast, Religion, Friendship, CI, Team, Shutle, Friends of Police.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia