Accident | ഒരു വശത്തെ ട്രെയിൻ പോയിക്കഴിഞ്ഞ് ഉടൻ മറുവശത്തെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ആത്മാർത്ഥ സുഹൃത്തുക്കൾ ട്രെയിൻ തട്ടി മരിച്ചു
ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കാഞ്ഞങ്ങാട്: (KasargodVartha) ഒരു വശത്തെ ട്രെയിൻ പോയിക്കഴിഞ്ഞ ഉടൻ മറുവശത്തെ പാളം മുറിച്ചു കടക്കുന്നതിനിടെ ആത്മാർഥ സുഹൃത്തുക്കൾ ട്രെയിൻ തട്ടി മരിച്ചു.
കാഞ്ഞങ്ങാട് സൗത് കൊവ്വൽ സ്റ്റോറിന് സമീപം ശനിയാഴ്ച രാത്രി 8.15 മണിയോടെയാണ് സംഭവം.
മുത്തപ്പനാർ കാവിലെ തെങ്ങ് കയറ്റ തൊഴിലാളി ഗംഗാധരൻ (63), വാർപ്പ് തൊഴിലാളി മൂവാരിക്കുണ്ടിലെ രാജൻ (60) എന്നിവരാണ് മരിച്ചത്. വിവരമറിഞ്ഞ് ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
കാഞ്ഞങ്ങാട് ഭാഗത്തുനിന്നും നീലേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന മലബാർ എക്സ്പ്രസ് കടന്നുപോയ ഉടൻ പടിഞ്ഞാറ് ഭാഗത്തെ രണ്ടാമത്തെ ട്രാക് മുറിച്ചു കടക്കുന്നതിനിടെ നീലേശ്വരം ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് ഇരുവരും മരിച്ചത്.
വൈകീട്ട് ജോലി കഴിഞ്ഞ് ഇവർ സ്ഥിരമായി കൊവ്വൽ സ്റ്റോർ റെയിൽവെ ട്രാക് പരിസരത്ത് വെച്ച് കണ്ട് മുട്ടാറുണ്ട്. ഇരുവരും സംസാരിച്ച് പിരിയുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
രാജൻ്റെ ഭാര്യ: രുഗ്മിണി. മക്കൾ: രാജേഷ്, രൂപേഷ്. സഹോദരൻ: ശശി.
ഗംഗാധരന്റെ ഭാര്യ: ചന്ദ്രാവതി. മക്കൾ: രാജേഷ്, രജിത. സഹോദരങ്ങൾ: കോരൻ. പരേതനായ: കുഞ്ഞിരാമൻ.