Medical Camp | സൗജന്യ മെഗാ മെഡികൽ കാംപ് ജൂൺ 30ന് തളങ്കരയിൽ; പ്രശസ്‌ത ഡോക്ടർമാരുടെ സേവനം; സംഘടിപ്പിക്കുന്നത് മുസ്ലീം ഹൈസ്‌കൂളിലെ 1975 എസ്എസ്എൽസി ബാച്
5,000 ത്തിലധികം രോഗികൾക്ക് സേവനം നൽകാനാണ് ഉദ്ദേശിക്കുന്നത്
കാസർകോട്: (KasargodVartha) തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ 1975 എസ്എസ്എൽസി ബാച് സംഘടിപ്പിക്കുന്ന മെഗാ മെഡികൽ കാംപ് ജൂൺ 30ന് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതൽ മൂന്ന് മണി വരെയാണ് ഈ സൗജന്യ മെഡികൽ കാംപ് നടക്കുക.
70 സ്പെഷ്യാലിറ്റി ഡോക്ടർമാർ, 300 ഓളം സന്നദ്ധ പ്രവർത്തകർ, 200 നഴ്‌സുമാർ, പാരാമെഡികൽ ജീവനക്കാർ, ഫാർമസിസ്റ്റുകൾ എന്നിവരടങ്ങുന്ന സമർപ്പിത ടീമിൻ്റെ സഹായത്തോടെ 5,000 ത്തിലധികം രോഗികൾക്ക് സേവനം നൽകാനാണ് ഉദ്ദേശിക്കുന്നത്. രോഗ നിർണയം എന്നതിലുപരി അവബോധം വളർത്തുകയാണ് ലക്ഷ്യം. മംഗ്ളുറു, കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്‌തരായ ഡോക്ടർമാരുടെ സേവനം രോഗികൾക്ക് ലഭ്യമാകും.
ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനകോളജി ആൻഡ് ഒബ്സ്റ്റട്രിക്‌സ് ഓർതോപീഡിക്‌സ്, ഹൃദ്രോഗം,
ന്യൂറോളജി, നേത്ര വിഭാഗം, ഇഎൻടി, നെഫ്രോളജി, എൻഡോക്രൈനോളജി, പൾമണോളജി, വാതരോഗം, മനഃശാസ്ത്രം, യൂറോളജി, ഓങ്കോളജി വിഭാഗങ്ങളിലെ ഡോക്ടർമാർ കാംപിൽ ഉണ്ടാകും. ലാബ് സൗകര്യവും സൗജന്യ മരുന്ന് വിതരണവും ഉണ്ടാകുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ
കൺവീനർ എ ഖാലിദ്, ട്രഷറർ എം എ അഹ്‌മദ്, വോളിബോൾ ബശീർ, ലത്വീഫ്, ഡോ. പ്രയാസ് എന്നിവർ പങ്കെടുത്തു.