city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അതിഥി തൊഴിലാളികളെ വിസ്മയിപ്പിച്ച് വീണ്ടും കേരള മാതൃക; രേഖകളൊന്നുമില്ലാഞ്ഞിട്ടും കൈവിട്ടില്ല, കര്‍ണാടക സ്വദേശിനിക്ക് കേരളത്തില്‍ സൗജന്യ അര്‍ബുദ ശസ്ത്രക്രിയ

കാസര്‍കോട്: (www.kasargodvartha.com 10.05.2020) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ കൊട്ടിയടക്കുമ്പോള്‍ അതിഥി തൊഴിലാളികളോട് പുലര്‍ത്തുന്ന കരുതലില്‍ വീണ്ടും കേരളം മാതൃകയാവുന്നു. മതിയായ രേഖകളൊന്നും തന്നെ ഇല്ലാഞ്ഞിട്ടും സാങ്കേതികത്വം പറഞ്ഞ് ചികിത്സ നിഷേധിക്കാതെ മനുഷ്യത്വ പൂര്‍ണമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇതോടെ കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ അതിഥി തൊഴിലാളിയായി കഴിയുന്ന കര്‍ണാടക സ്വദേശിനിക്ക് ജീവിതം തിരികെ പിടിക്കാനുള്ള സാഹചര്യം ഒരുങ്ങി.

കര്‍ണാടക ഹാസന്‍ സ്വദേശികളായ സുജാതയും ധനപാലയും ഇരുപത് വര്‍ഷത്തോളമായി കുമ്പളയില്‍ കൂലിപ്പണിയെടുത്താണ് ജീവിച്ചു വരുന്നത്. വാടക വീട്ടില്‍ കഴിയുന്ന ഇവര്‍ക്ക് റേഷന്‍ കാര്‍ഡോ മറ്റു രേഖകളോ ഇല്ല. ആകെയുള്ളത് കര്‍ണാടക വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ് മാത്രമാണ്. ശാരീരിക അസ്വസ്തതകളെ തുടര്‍ന്ന് സുജാത കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഏപ്രിലില്‍ പരിശോധന നടത്തിയിരുന്നു. മെയ് നാലിനായിരുന്ന ഈ മുപ്പത്തിയൊന്നുകാരിക്ക് വായില്‍ അര്‍ബുദം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് വന്നത്. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് പോവുകയും മെയ് 11ന് ശസ്ത്രക്രിയക്ക് തീയ്യതിയും നിശ്ചയിച്ചു. ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ സൗജന്യ ശസ്ത്രക്രിയ സാധ്യമാവുകയെന്നാണ് കാന്‍സര്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചത്.

ഇരുപത്തിനാല് മണിക്കൂറിനകം ഹെല്‍ത്ത് കാര്‍ഡ്

മതിയായ രേഖകളൊന്നുമില്ലാത്ത ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിനെ കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. ഇങ്ങനെ വിഷമസന്ധിയിലായിരിക്കുമ്പോഴാണ് മെയ് എട്ടിന് ഉച്ചയ്ക്ക് ശേഷം കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ഡരികാക്ഷയെ കാണുന്നത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പ്രസിഡന്റ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവുമായി ബന്ധപ്പെടുകയും ചിയാകില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് പഞ്ചായത്തിന്റെ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ജില്ലാകളക്ടര്‍ അടിയന്തരമായി ഇടപ്പെട്ട് ചിയാക് ജില്ലാ പ്രൊജക്ട് മാനേജര്‍ എന്‍ സതീശനെ ബന്ധപ്പെട്ട് ഉടന്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.
അതിഥി തൊഴിലാളികളെ വിസ്മയിപ്പിച്ച് വീണ്ടും കേരള മാതൃക; രേഖകളൊന്നുമില്ലാഞ്ഞിട്ടും കൈവിട്ടില്ല, കര്‍ണാടക സ്വദേശിനിക്ക് കേരളത്തില്‍ സൗജന്യ അര്‍ബുദ ശസ്ത്രക്രിയ

ആവശ്യമായ രേഖകളില്ലാത്തതിനാല്‍ ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുക എളുപ്പമായിരുന്നില്ല. കൂടുതല്‍ അന്വേഷിച്ചപ്പോള്‍  കുമ്പളയില്‍ തന്നെ താമസമുള്ള സുജാതയുടെ സഹോദരി ഗംഗയ്ക്ക് കര്‍ണാടകയിലെ റേഷന്‍ കാര്‍ഡും നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി അനുവദിച്ച കാര്‍ഡും ഉള്ളതായി അറിയാന്‍ സാധിച്ചു.  സഹോദരിയുടെ ഈ രേഖകള്‍ ഉപയോഗിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ ഹെല്‍ത്ത് കാര്‍ഡ് തയ്യാറാക്കി സുജാതയ്ക്ക് നല്‍കിയതായി സതീശന്‍ പറഞ്ഞു.

11ന് രാവിലെ അഞ്ച് മണിക്ക് മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് പുറപ്പെടുന്ന സുജാതക്ക് വാഹന സൗകര്യം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള രോഗികള്‍ക്ക് നേരേ അതിര്‍ത്തി കൊട്ടിയടച്ചതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ പത്തില്‍ കൂടുതല്‍ പേരാണ് മരണപ്പെട്ടത്. ഇതില്‍ നിന്നും തീര്‍ത്തും വിഭിന്നമായി കര്‍ണാടക സ്വദേശിനിക്ക് ജീവിതം തിരികെ പിടിക്കാന്‍ കേരളത്തില്‍ സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രസിഡന്റ്് പറഞ്ഞു. കുമ്പളയിലെ ഗവണ്‍മെന്റ് സീനിയര്‍ ബേസിക് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ യശ്വന്തയും മൂന്നാം തരത്തില്‍ പഠിക്കുന്ന യശോദയുമാണ് മക്കള്‍.  സൗജന്യ ചികിത്സയ്ക്ക് വഴിയൊരുങ്ങിയതോടെ പ്രതീക്ഷയോടെയാണ് ഈ കുടുംബം കഴിയുന്ത്.

കൊറോണ കാലത്തെ കേരളത്തിന്റ ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യമാകെ പ്രശംസിക്കപ്പെടുന്ന വേളയിലാണ് അതിഥി തൊഴിലാളികളോട് കേരളം കാട്ടുന്ന കരുതലിന്റെ കൂടി പുതുമാതൃകകള്‍ ഉയര്‍ന്നു വരുന്നത്.


Keywords: Kasaragod, Kerala, News, COVID-19, Employees, Karnataka, Free Medical operation for guest employee in Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia