city-gold-ad-for-blogger
Aster MIMS 10/10/2023

Healthcare | വിവിധ വിഭാഗങ്ങളിൽ സൗജന്യ ആയുർവേദ ചികിത്സ, അവധി ദിവസങ്ങളിലും പ്രവർത്തനം; കാസർകോട് നഗരത്തിൽ ഇങ്ങനെയും ഒരു സർക്കാർ ആശുപത്രിയുണ്ട്; സേവനം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ

Ayurvedic treatment at Kasaragod Government Hospital, Press Meet
Photo: Arangment
* മാനസികാരോഗ്യം, സ്ത്രീരോഗങ്ങൾ, അസ്ഥിരോഗങ്ങൾ തുടങ്ങിയ വിവിധ രോഗങ്ങൾക്ക് ചികിത്സ.
* പഞ്ചകർമ്മ തെറാപ്പി ഉൾപ്പെടെയുള്ള വിവിധ ചികിത്സാ രീതികൾ.

കാസർകോട്: (KasargodVartha) നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന കാസർകോട് ഗവ. ആയുർവേദ ആശുപത്രിയിൽ വിവിധ വിഭാഗങ്ങളായി സൗജന്യമായി മികച്ച ചികിത്സാ സൗകര്യം ലഭ്യമാണെന്നും ആളുകൾ സേവനങ്ങൾ  പ്രയോജനപ്പെടുത്തണമെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാഷണൽ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാ വകുപ്പിൻ്റെ നേതൃത്വത്തിൽ കാസർകോട് നഗരസഭയുടെയും കാസർകോട് ഗവ. ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ അഞ്ചിന് വ്യാഴാഴ്ച രാവിലെ 9.30 മുതൽ ഒരു മണി വരെ വയോജനങ്ങൾക്ക് വേണ്ടി ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും.

Ayurvedic treatment at Kasaragod Government Hospital, Press Meet

കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ വിഭാഗം, ശല്യതന്ത്ര വിഭാഗം, സ്ത്രീരോഗ വിഭാഗം , നേത്രരോഗവിഭാഗം, മാനസികരോഗവിഭാഗം, യോഗ, പഞ്ചകർമ്മ സ്പൃഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും സൗജന്യ മരുന്നു വിതരണവും ഉണ്ടാകും. കേരളത്തിൽ വർദ്ധിച്ചുവരുന്ന വയോജന ജനസംഖ്യയുടെ ആരോഗ്യ സംരക്ഷണത്തിന് ആയുർവേദം വലിയൊരു പങ്കു വഹിക്കുന്നുവെന്നും ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.

Ayurvedic treatment at Kasaragod Government Hospital, Press Meet

ആശുപത്രിയിലെ ചില സേവനങ്ങൾ 

ആയുർവേദത്തിൽ രസായനം എന്ന ശാഖ പ്രത്യേകമായി വയോജന പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നു. രോഗം വരാതിരിക്കാനുള്ള പ്രതിരോധ ചികിത്സയാണ് രസായനം. പഞ്ചകർമ്മ, ആയുർവേദ ഔഷധങ്ങൾ, ജീവിതശൈലി മാറ്റങ്ങൾ, യോഗ എന്നിവ ചേർന്ന് വയോജന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാസർകോട് ഗവ. ആയുർവേദ ആശുപത്രി ഞായറാഴ്ച അടക്കം അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

ശല്യതന്ത്ര വിഭാഗം:

ഒടിവ്, ചതവ്,ക്ഷതജന്യ രോഗങ്ങൾ, അസ്ഥി –സന്ധി രോഗങ്ങൾ, മാംസപേശീസംബന്ധ രോഗങ്ങൾ, അർശസ്, ഭഗന്ദരം(ഫിസ്റ്റുല ), ഏനൽ ഫിഷർ, വൃഷണ- പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം, വൃക്ക- കരൾ-പ്ലീഹാ രോഗങ്ങൾ, വെരിക്കോസ് വെയിൻ, കുടലിലുണ്ടാകുന്ന വ്രണങ്ങൾ, ഉണങ്ങാത്ത വ്രണങ്ങൾ എന്നിവയ്ക്കുള്ള ഒ.പി, ഐ.പി ചികിത്സകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്.

സ്ത്രീരോഗ വിഭാഗം:

ആർത്തവ സംബന്ധമായ വയറുവേദന, ക്രമമില്ലാത്ത ആർത്തവം, പിസിഒഡി, ആർത്തവം വരാതിരിക്കുക, ഗർഭാശയ സംബന്ധമായ അസുഖങ്ങൾ, പോളിപ്പ് മുഴകൾ, യോനിയിലെ ചൊറിച്ചിൽ, മൂത്രാശയ സംബന്ധമായ അണുബാധ, വെള്ളപോക്ക്, സ്ത്രീ-പുരുഷ വന്ധ്യത, ആർത്തവ വിരാമം സംബന്ധിച്ച ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ, പ്രസവാനന്തര പരിചരണം എന്നിവയ്ക്കുള്ള ഒപി, ഐപി ചികിത്സകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്.

മാനസികരോഗ വിഭാഗം:

വയോജനങ്ങളിൽ വിഷാദം, അമിത ഉത്കണ്ഠ, മേധാശക്തി നഷ്ടം (ഡിമെൻഷ്യ) തുടങ്ങിയ മാനസിക പ്രശ്നങ്ങൾ സർവസാധാരണമാണ്. വിഷാദം ദീർഘകാലം നീണ്ടുനിൽക്കുന്ന ദുഃഖം, താൽപര്യക്കുറവ്, ഉറക്കത്തിലും വിശപ്പിലുമുള്ള മാറ്റങ്ങൾ, അമിതമായ ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. ഉത്കണ്ഠയാകട്ടെ, തുടർച്ചയായ ആശങ്ക, അസ്വസ്ഥത, ഹൃദയമിടിപ്പ് വർദ്ധനവ്, ശ്വാസതടസം എന്നിവ സൃഷ്ടിക്കുന്നു. മേധാശക്തി നഷ്ടത്തിന്റെ ലക്ഷണങ്ങളിൽ ഓർമ്മക്കുറവ്, ദൈനംദിന കാര്യങ്ങൾ മറക്കൽ, വ്യക്തികളെ തിരിച്ചറിയാൻ ബുദ്ധിമുട്ട്, ചിന്തയിലും സംസാരത്തിലും തടസ്സം, സമയബോധവും സ്ഥലബോധവും നഷ്ടപ്പെടൽ, തീരുമാനമെടുക്കൽ ബുദ്ധിമുട്ട്, സ്വഭാവത്തിലെ മാറ്റങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ആയുർവേദം ഈ മാനസിക പ്രശ്നങ്ങൾക്ക് സമഗ്രമായ പരിഹാരം നിർദ്ദേശിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം, ഔഷധങ്ങൾ, പഞ്ചകർമ്മ ചികിത്സ എന്നിവയിലൂടെ മാനസിക സമതുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ ആയുർവേദം സഹായിക്കുന്നു. യോഗാഭ്യാസം വയോജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ അത്യന്താപേക്ഷിതമാണ്. പ്രാണായാമം, ആസനങ്ങൾ, ധ്യാനം എന്നിവ ശ്വാസകോശം, ഹൃദയം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.

വാർത്താസമ്മേളനത്തിൽ കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഹീർ ആസിഫ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, ഡോ. സ്വപ്ന കെ.എസ്, ഡോ. മഹേഷ് പി.എസ്, ഡോ. അഞ്ജു രാമചന്ദ്രൻ, ഡോ. പ്രതിഭ കെ എന്നിവർ പങ്കെടുത്തു.

#Ayurveda #Kerala #Kasaragod #SeniorHealth #FreeHealthcare #GovernmentInitiatives #Panchakarma #MentalHealth #WomensHealth #Orthopedic

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia