മുക്കുപണ്ടം തട്ടിപ്പ് കേസില്‍ പോലീസും പ്രതികളും ഒത്തുകളിക്കുന്നതായി പരാതി
Apr 17, 2012, 11:23 IST
കാസര്‍കോട്: മുക്കുപണ്ടം വില്‍പ്പന നടത്തി വീട്ടമ്മയില്‍ നിന്നും നാലുലക്ഷം രൂപ കബളിപ്പിച്ച കേസില്‍ പോലീസും പ്രതികളും ഒത്തുകളിക്കുന്നതായി പരാതി. കേസിലെ മുഖ്യപ്രതിയെ തിങ്കളാഴ്ച വൈകിട്ട് കാസര്‍കോട് ബിഗ് ബസാറിനടുത്ത് വെച്ച് പോലീസ് പിടികൂടിയെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ചെങ്കള സന്തോഷ് നഗറിലെ ആശാഗാര്‍ഡനില്‍ മുഹമ്മദിന്റെ ഭാര്യ ഹാജിറ(34)യുടെ പരാതിയില്‍ ബദിയടുക്ക പോലീസാണ് കേസെടുത്തത്. 2012 ജനുവരി 12ന് ഉച്ചയ്ക്ക് 12 മണിക്ക് നെക്രാജെ ബാലടുക്കയിലെ നെക്രാജെ സര്‍വീസ് സഹകരണ ബാങ്കിനു സമീപത്തുവെച്ചാണ് ബാങ്കില്‍ പണയം വെച്ച സ്വര്‍ണ്ണാഭരണമാണെന്ന് പറഞ്ഞ് ഹാജിറയ്ക്ക് 167 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടങ്ങള്‍ നല്‍കി കബളിപ്പിച്ച് നാലുലക്ഷം രൂപ തട്ടിയെടുത്തത്.
സംഭവം നടന്ന മൂന്നുമാസം കഴിഞ്ഞിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. കാസര്‍കോട് എസ്.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 16നാണ് പോലീസ് ഇതുസംബന്ധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. നെക്രാജെ നെല്ലിക്കട്ടയിലെ ഖദീജ(28), ആദൂര്‍ ബണ്ണാത്തംപാടിയിലെ ഷാഫി(32), അഡൂര്‍ സഞ്ചികടവിലെ ഷാഫി(33), നെക്രാജെ നെല്ലിക്കട്ടയിലെ നബീസ(30) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബാങ്കില്‍ പണയം വെക്കുന്ന സ്വര്‍ണം കമ്മീഷന്‍ ഇല്ലാതെ തിരിച്ചെടുക്കാന്‍ സഹായിക്കുകയും സ്വര്‍ണം വില്‍പന നടത്തുമ്പോള്‍ ചെറിയ തുക ഈടാക്കുകയും ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്.
മുക്കുപണ്ടം നല്‍കി കബളിപ്പിച്ച സംഭവം ഒതുക്കി തീര്‍ക്കാന്‍ എ.കെ അബ്ദുല്‍ ഖാദര്‍ ഹാജി എന്ന രാഷ്ട്രീയ നേതാവിന്റെ മാന്യയിലെ മില്ലില്‍വെച്ച് ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തുക നല്‍കാതെ വീണ്ടും കബളിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് പോലീസ് ഇവിടെയും സ്വീകരിച്ചത്. പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം സമീപനം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Keywords: Kasaragod, Complaint, Artificial gold, Cheating