ജനറല്‍ ആശുപത്രിയില്‍ നാല് പുതിയ വിഭാഗങ്ങള്‍: ആരോഗ്യമന്ത്രി
Sep 18, 2012, 16:46 IST
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പുതുതായി നാല് ചികിത്സാ വിഭാഗങ്ങള്‍ കൂടി ആരംഭിക്കുമെന്ന ആരോഗ്യ-ദേവസ്വം വകുപ്പു മന്ത്രി വി.എസ്.ശിവകുമാര്‍ പ്രഖ്യാപിച്ചു. നെഫ്രോളജി, ന്യൂറോളജി, കാന്‍സര്‍, റെസ്പിറേറ്ററി മെഡിസിന്‍ ക്ലിനിക്കുകളാണ് പുതുതായി തുടങ്ങുക. ഇതിനായി 50 ലക്ഷം രൂപ അനുവദിക്കും. മരുന്നുകള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന്നു വേണ്ടി വാക്കിംഗ് കൂളര്‍ സംവിധാനവും സ്ഥാപിക്കും. പുതിയ ഇ.സിജി. മെഷിന്‍ സ്ഥാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കന്നനതിന്റെ ഭാഗമായി കാസര്‍കോട് പുതിയ യൂണിറ്റ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പുതിയ ആരോഗ്യ നയം ആറ് മാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനുള്ള കമ്മിറ്റിയെ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. പാവപ്പെട്ടവര്‍ക്കു കൂടി മികച്ച ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഈന്നിയായിരിക്കും നയം രൂപീകരിക്കുക. ജീവിത ശൈലി രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള മാര്‍ഗങ്ങള്‍ നയത്തില്‍ ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. ഉല്‍പ്പാദകരില്‍ നിന്ന് നേരിട്ട് മരുന്ന് വാങ്ങി മിതമായ വിലയില്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന് 35 കാരുണ്യ മെഡിക്കല്‍ സെന്ററുകള്‍ തുടങ്ങും. ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നതിന് 5000 സബ് സെന്ററുകള്‍ കേന്ദ്രീകരിച്ച് വിപുലമായ പരിശോധനാ സംവിധാനം ഒരുക്കും. നവംബര്‍ ഒന്നു മുതല്‍ ജനറിക് മരുന്നുകള്‍ സംസ്ഥാനത്ത് സൗജന്യമായി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ജനറല്‍ ആശുപത്രിയില്‍ 1.40 കോടി രൂപ ചെലവില്‍ പുതുതായി സ്ഥാപിച്ച സി.ടി. സ്‌കാന്‍ മെഷിനില്‍ പരിശോധന നടത്തുന്നവര്‍ക്ക് അരമണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാകും. റേഡിയോളജിസ്റ്റ് ഇല്ലെങ്കിലും ടെലിമെഡിസിന്‍ സംവിധാനം വഴി ഇത് സാധ്യമാക്കാനാവും. ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കുമുള്ള ചികിത്സ പരിപാടിയായ അമ്മയും കുഞ്ഞും പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മാസ്മീഡിയാ വിഭാഗം തയ്യാറാക്കിയ മാസികയുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷനായി. പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സാഗീര്‍, ഡി.എം.ഒ. ഗോപിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Minister V.S.Shivakumar, General Hospital, Treatment, New departments, Start, Kasaragod