Death | കാസർകോട് കലക്ടറുടെ മുൻ ഡഫേദാര്‍ വീട്ടിനകത്ത് മരിച്ച നിലയില്‍
● രാംദാസ് നഗറിലെ പ്രവീണ്‍ രാജ് ആണ് മരിച്ചത്
● പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
● മരണകാരണം അജ്ഞാതമാണ്
മധൂർ: (KasargodVartha) കാസര്‍കോട് കലക്ടറുടെ മുൻ ഡഫേദാറെ (ക്ലോസ് അസിസ്റ്റന്റ് ടു കലക്ടര്‍) വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുഡ്‌ലു രാംദാസ് നഗര്‍ കാളിയങ്ങാട് ഹൗസിൽ പ്രവീണ്‍ രാജ് (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം.
ഭാര്യ ആശ വീടിന് പുറത്തു നിന്നും വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കുമ്പോൾ ശബ്‌ദം കേട്ട് ചെന്ന് നോക്കിയപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി ഉടൻ കാസർകോട് ജെനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യക്തമായ കാരണം ഒന്നും അറിയില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. ദമ്പതികൾക്ക് മക്കളില്ല. പരേതരായ സഞ്ജീവഷെട്ടി-സുനന്ദ ദമ്പതികളുടെ മകനാണ് പ്രവീണ്‍ രാജ്. സഹോദരങ്ങള്‍: സുധീര്‍, പ്രകാശ്. ജോലിയിലെ മികവ് കണക്കിലെടുത്ത് മൂന്ന് കലക്ടർമാർ പ്രവീൺ രാജിന് ഗുഡ് സെർവീസ് എൻട്രി സെർടിഫികറ്റ് നൽകിയിരുന്നു.
#KasaragodNews #KeralaNews #Death #Suicide #Investigation #Police