Order | ഡിവൈഎഫ്ഐ മുൻ നേതാവ് സച്ചിത റൈയുടെ അറസ്റ്റ് 15വരെ തടഞ്ഞു; മൂന്നാമത്തെ കേസും രജിസ്റ്റർ ചെയ്‌തു
● കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്
● മൂന്ന് പേർ സച്ചിത റൈക്കെതിരെ പരാതി നൽകിയിട്ടുണ്ട്
● കേന്ദ്ര സർകാർ ജോലികൾ വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നാണ് പരാതി.
കാസർകോട്: (KasargodVartha) സിപിസിആർഐയിലും കേന്ദ്ര സർകാരിന്റെ വിവിധ വകുപ്പുകളിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ ഡിവൈഎഫ്ഐ മുൻ നേതാവും അധ്യാപികയുമായ സച്ചിത റൈയുടെ അറസ്റ്റ് ഈ മാസം 15വരെ കാസർകോട് ജില്ലാ സെഷൻസ് കോടതി തടഞ്ഞു. അഡ്വ. വിനയ് മുഖാന്തിരമാണ് സച്ചിത റൈ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്
കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കുമ്പള കിദൂരിലെ നിഷ്‌മിത ഷെട്ടിക്ക് സിപിസിആർഐയിൽ അസിസ്റ്റന്റ് മാനജർ തസ്തികയിൽ നിയമനം വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയയെടുത്തുവെന്നാണ് കേസ്. ഇതിനിടെ, കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപിക ജോലി വാഗ്ദാനം ചെയ്ത് ബദിയടുക്ക പള്ളത്തടുക്കയിലെ ശ്വേതയിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ മൂന്നാമത്തെ കേസ് സച്ചിത റൈക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സച്ചിത റൈ ജോലി ചെയ്യുന്ന ബാഡൂർ എൽപി സ്‌കൂളിൽ താത്ക്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്ന ശ്വേതാ ഇവിടെ വെച്ചാണ് അവരെ പരിചയപ്പെട്ടത്. 2024 സെപ്റ്റംബർ 21ന് സച്ചിത റൈയുടെ അകൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ അയച്ചുകൊടുത്തതായും പിന്നീടാണ് വഞ്ചിച്ചുവെന്ന് ബോധ്യമായതെന്നുമാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
ബദിയടുക്ക ഷേണിയിലെ മല്ലേഷ് എന്ന യുവാവിന് കർണാടക എക്‌സൈസിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ മറ്റൊരു കേസും ബദിയടുക്ക പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടര ലക്ഷം രൂപയാണ് യുവാവിനോട് ചോദിച്ചിരുന്നത്, വീണ്ടും 50,000 രൂപ ആവശ്യപ്പെട്ടെങ്കിലും ജോലി ശരിയാവുന്ന സമയത്ത് നൽകാമെന്ന് പറഞ്ഞതിനാൽ കൂടുതൽ പണം നഷ്ടമായില്ലെന്നും യുവാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
15 ലധികം പേരിൽ നിന്നായി കോടികളാണ് സച്ചിത റൈ തട്ടിയെടുത്തതെന്നും ഉഡുപ്പിയിൽ ജോലി റിക്രൂട്മെന്റ് സ്ഥാപനം നടത്തുന്ന ചന്ദ്രശേഖർ കുന്താർ എന്നയാൾ വഴിയാണ് ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയതെന്നുമാണ് പറയുന്നത്. ചന്ദ്രശേഖർ കുന്താറിന് 72 ലക്ഷം രൂപ നൽകിയതിന് ഗ്യാരന്റിയായി നൽകിയ ചെക് സച്ചിത റൈയുടെ കയ്യിലുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
#DYFI #jobscam #Kerala #India #fraud #corruption #justice