Arrested | മൂന്നംഗ നായാട്ട് സംഘത്തെ പിടികൂടി
*45 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ ഉള്‍പെടുത്തി പട്രോളിങ് ശക്തിപ്പെടുത്തിയിരുന്നു.
*അറസ്റ്റിലായത് കള്ളാര്‍ ഗ്രാമ പഞ്ചായത് പരിധിയില്‍പെട്ടവര്‍.
*വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും.
പാണത്തൂര്‍: (KasargodVartha) പനത്തടി റിസര്‍വ് വനത്തില്‍ ബുധനാഴ്ച (22.05.2024) നടന്ന പ്രത്യേക പരിശോധനയ്ക്കിടയില്‍ മൂന്നംഗ നായാട്ട് സംഘത്തെ വനപാലകര്‍ പിടികൂടി. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടതായും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കള്ളാര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ നാരായണന്‍ (45), കര്‍ണാടക കരിക്കെ പഞ്ചായതിലെ നിഷാന്ത് (38), മഹേഷ് (30) എന്നിവരെയാണ് പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി ശേഷപ്പയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട് റെയിന്‍ജ് പനത്തടി വനം വകുപ്പിന്റെ 'ക്ലീന്‍ പനത്തടി ഓപറേഷന്‍' പരമ്പരകളുടെ ഭാഗമായാണ് പരിശോധന നടത്തി, അഞ്ചാമത്തെ നായാട്ട് സംഘത്തെയാണ് ബുധനാഴ്ച പിടികൂടിയത്. രണ്ട് തോക്കുകളും ആറ് വെടിയുണ്ടകളും രണ്ട് ഇരുചക്രവാഹനങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഉന്നതര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജില്ലയില്‍ പുതിയതായി നിയമിച്ച 45 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ ഉള്‍പെടുത്തി പട്രോളിങ് ശക്തിപ്പെടുത്തിയിരുന്നു. പാണത്തൂര്‍ സെക്ഷന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നാരായ അഭിജിത്ത് എം പി, വിനീത് വി, മഞ്ജുഷ, വിമല്‍രാജ്, വാചര്‍മാരായ ശരത്, സെല്‍ജോ, രതീഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് റെയിന്‍ജ് വനംവകുപ്പ് ഓഫീസര്‍ ശ്രീജിത്ത് എപി അറിയിച്ചു.