വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷരുടെ വീട്ടിൽ കയറി കറിച്ചട്ടികൾ പരിശോധിക്കുന്ന തിരക്കിൽ: തലശ്ശേരി അതിരൂപത അധ്യക്ഷൻ ജോസഫ് പ്ലംപ്ലാനി

● വന്യമൃഗശല്യത്തിനെതിരെ കർഷക സമരം.
● വെള്ളരിക്കുണ്ടിൽ കർഷക സ്വരാജ് സത്യാഗ്രഹം.
● കർഷകർക്ക് നേരെ കള്ളക്കേസെടുക്കുന്നുവെന്ന് വിമർശനം.
● വന്യമൃഗ ആക്രമണത്തിൽ കർഷകർ കൊല്ലപ്പെടുന്നു.
● മേയ് 29ന് സത്യാഗ്രഹം സമാപിക്കും.
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) വനം സംരക്ഷിക്കേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ, കർഷകരുടെ വീടുകളിലെ അടുക്കളകളിൽ പോലും കയറി, അമ്മമാരുടെ കറിച്ചട്ടികളിൽ കാട്ടുപന്നിയുടെ ഇറച്ചി പാകം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പ്ലംപ്ലാനി വിമർശിച്ചു.
വെള്ളരിക്കുണ്ടിൽ വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കർഷക സ്വരാജ് നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായ 48 മണിക്കൂർ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിഭൂമിയിലേക്ക് ഇറങ്ങുന്ന കർഷകർ ആന, പന്നി, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇതിനൊരു പരിഹാരം കാണാനോ, കർഷകർക്ക് ഭയമില്ലാതെ കൃഷി ചെയ്യാൻ സഹായിക്കുന്ന ഒരു സംവിധാനം പോലുമോ നിലവിലില്ല. മറിച്ച്, കർഷകരെ എങ്ങനെ കള്ളക്കേസുകളിൽ കുടുക്കി ജയിലിലടയ്ക്കാം എന്ന ചിന്ത മാത്രമാണ് അധികൃതർക്കുള്ളതെന്നും മാർ ജോസഫ് പ്ലംപ്ലാനി കുറ്റപ്പെടുത്തി.
ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാരായണ ഗുരുകുലത്തിലെ ഡോ. പി.കെ. സാബു മുഖ്യപ്രഭാഷണം നടത്തി. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം സത്യാഗ്രഹികളെ ഹാരമണിയിച്ചു. കർഷക സ്വരാജ് ചെയർമാൻ സണ്ണി പൈക്കട, വാർഡ് മെമ്പർ വിനു കെ.ആർ., കെ.പി. സഹദേവൻ, ജെറ്റോ ജോസഫ്, ജോർജ്ജ് തോമസ് തുടങ്ങിയ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സമുദായ സംഘടനാ നേതാക്കളും സംസാരിച്ചു.
കർഷകസ്വരാജ് സത്യാഗ്രഹസമിതി നേതാക്കളായ ബേബി ചെമ്പരത്തി, പി. സി. രഘുനാഥൻ, ജിമ്മി ഇടപ്പാടി എന്നിവരാണ് 48 മണിക്കൂർ ഉപവാസം അനുഷ്ഠിക്കുന്നത്. വിവിധ സംഘടനാ പ്രതിനിധികൾ അനുഭാവ സത്യാഗ്രഹം നടത്തും.
സത്യാഗ്രഹത്തിൻ്റെ രണ്ടാം ദിവസമായ മെയ് 28 ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഗ്രാമീണ കേരളത്തിൻ്റെ അതിജീവനത്തിന് കർഷകരും ആദിവാസികളും ചെറുകിട വ്യാപാരികളും തൊഴിലാളികളും ഒന്നിച്ചു നിൽക്കേണ്ടതിൻ്റെ പ്രാധാന്യം ചർച്ച ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഹമ്മദ് ഷെരീഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
സി. ആർ. നീലകണ്ഠൻ അധ്യക്ഷത വഹിക്കും. കല്ലൻചിറ ജുമാമസ്ജിദ് ഇമാം മുഹമ്മദ് ഷെരീഫ് അസ്‌നവി മുഖ്യാതിഥിയായിരിക്കും. രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി ബിജു വിഷയാവതരണം നടത്തും. ശ്രീരാമൻ കൊയ്യോൻ, വിനോദ് പയ്യട, അഡ്വ ജോൺ ജോസഫ്, ഹരീഷ് പി നായർ എന്നിവർ പ്രതികരിക്കും.
ഉപവാസത്തിൻ്റെ സമാപന ദിവസമായ മെയ് 29 ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമ്മേളനത്തിൽ കർഷക നേതാവ് പി.റ്റി. ജോൺ അധ്യക്ഷത വഹിക്കും. കർണാടകത്തിലെ പ്രമുഖ കർഷക സംഘടനാ നേതാവ് ചുക്കിനഞ്ചുണ്ടസ്വാമി സമ്മേളനം ഉദ്ഘാടനം ചെയ്യും. തമിഴ്നാട്ടിലെ സ്വതന്ത്ര കർഷക സംഘടകളുടെ ഏകോപന വേദി ചെയർമാൻ പി. ആർ. പാണ്ഡ്യൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹത്തിന്റെ തീയതിയും അനുബന്ധ പരിപാടികളും പ്രഖ്യാപിക്കും.
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ ബിനോയി തോമസ്, മലനാട് കർഷക രക്ഷാസമിതി പ്രസിഡൻ്റ് ഡോ. ജോസുകുട്ടി ഒഴുകയിൽ, കർഷക വേദി സംസ്ഥാന പ്രസിഡൻ്റ് റോജർ സെബാസ്റ്റ്യൻ, അതിജീവന പോരാട്ട വേദി പ്രസിഡൻ്റ് റസ്സാക്ക് ചൂരനോലി, ദേശീയ കർഷക ഫെഡറേഷൻ പ്രസിഡൻ്റ് ജോർജ്ജ് മുല്ലക്കര, കർഷക രക്ഷാ സേനാ സെക്രട്ടറി ഷാജി കടമന, വി ഫാം പ്രസിഡൻ്റ് ജോയി കണ്ണഞ്ചിറ, ഫെയർ ട്രേഡ് അലയൻസ് കേരള പ്രസിഡൻ്റ് സണ്ണി നെടുംതകടിയേൽ, ഇൻഫാം ജില്ലാ പ്രസിഡൻ്റ് ഗിരി മാത്യു തുടങ്ങിയവരും വിവിധ സിവിൽ സൊസൈറ്റി പ്രതിനിധികളും പങ്കെടുക്കും.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും പങ്കുവെച്ച് കർഷകരുടെ പ്രശ്നങ്ങൾക്ക് പിന്തുണ നൽകുക. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Thalassery Archbishop criticizes the Forest Department for intruding into farmers' homes and kitchens to check for wild boar meat, highlighting the distress faced by farmers due to wildlife attacks and false cases.
#KeralaFarmers, #ForestDepartment, #WildlifeConflict, #ThalasseryArchbishop, #FarmersProtest, #KasaragodNews