ഹെല്മറ്റ് ധരിക്കാതെ പിടികൂടിയാല്‍ 4 ദിവസത്തെ ക്ലാസിനിരിക്കണം
Nov 30, 2012, 22:04 IST

കാസര്‍കോട്: ഹെല്‍മറ്റില്ലാതെ ഇരു ചക്രവാഹനമോടിക്കുന്നയാള്‍ ട്രാഫിക് പോലീസ് പിടിയിലായാല്‍ നാലു ദിവസത്തെ ബോധവല്‍ക്കരണ ക്ലാസിലിരിക്കണം. മാസം നാലു ദിവസം ക്ലാസിലിരിക്കാത്തവരുടെ ബൈക്കുകള്‍ പിടികൂടി കോടതിയില്‍ ഹാജരാക്കുകയും ഉടമകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും. ജില്ലയില്‍ ട്രാഫിക് നിയമങ്ങളും ബോധവല്‍ക്കരണങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമാണ് നടപടി. ജില്ലാ പോലീസ് നേതൃത്വത്തില്‍ ജില്ലയില്‍ വിപുലമായ ട്രാഫിക് ബോധവല്‍ക്കരണ പരിപാടികള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വൈവിധ്യങ്ങളായ ബോധവല്‍ക്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
നിരവധി ട്രാഫിക് നിയമലംഘനങ്ങളെ കുറിച്ചുള്ള ഫോട്ടോ എക്‌സിബിഷന്‍ നടത്തുക, അപകടകരമായി വണ്ടി ഓടിക്കുന്നതിന്റെ അനന്തര ഫലങ്ങളും ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ചുള്ള വീഡിയോ പ്രദര്‍ശനങ്ങള്‍ എക്‌സിബിഷനുകളില്‍ കാണിക്കുക, സഞ്ചരിക്കുന്ന എക്‌സിബിഷന്‍ ഗ്യാലറിയായി പോലീസ് ബസുകളെ ഉപയോഗിക്കുക. ഇത്തരം മൊബൈല്‍ എക്‌സിബിഷനുകള്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്‌റ്റേഷന്‍, പ്രധാന ജംഗ്ഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുക.
മദ്യപിച്ച് വണ്ടിയോടിച്ച് അപകടങ്ങളില്‍ ചെന്നുപെട്ടവരെയും ഉറ്റവര്‍ നഷ്ടപ്പെട്ട ബന്ധുക്കളെയും ഇത്തരം ഡോക്യൂമെന്ററികളില്‍ ബോധവത്ക്കരണത്തിനായി ഉപയോഗിക്കുക. കാല്‍നടക്കാരായ സാധാരണക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇരു ചക്രവാഹനമോടിക്കുന്നവര്‍ക്കും നിരന്തരം ബോധവല്‍ക്കരണ ക്ലാസുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്താനും തീരുമാനിച്ചു.
അപകടം നടന്നാല്‍ ചെയ്യേണ്ട പ്രധമശുഷ്രൂകളെക്കുറിച്ചും ക്ലാസുകളില്‍ ബോധവല്‍ക്കരണം നടത്തും. സുരക്ഷ, ഗ്യാഡ്ജറ്റുകളും, ഹെല്‍മറ്റുകളും സീറ്റു ബെല്‍റ്റുകളും ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ സ്റ്റിക്കറുകളും, നോട്ടീസുകളും, പാംപ്‌ലറ്റ്‌സുകളും, വിദ്യാര്‍ത്ഥികള്‍, ഡ്രൈവര്‍മാര്‍, വഴി യാത്രക്കാര്‍ എന്നിവര്‍ക്ക് വിതരണം ചെയ്യും. ബോധവല്‍ക്കരണ നോട്ടീസുകള്‍ വിവിധ ബസ് സ്‌റ്റോപ്പുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പ്രദര്‍ശിപ്പിക്കും.
ഇതിനു പുറമെ സെമിനാറുകള്‍, ചര്‍ചാ ക്ലാസുകള്‍, മാജിക് ഷോകള്‍, റോഡ് ഷോകള്‍ തുടങ്ങിയവ പൊതു ജനങ്ങള്‍ക്കായി സംഘടിപ്പിക്കും. നിരന്തര വാഹന പരിശോധന, മദ്യപിച്ച് വാഹനം ഓടിക്കല്‍, അമിത വേഗതയില്‍ സൂക്ഷമതയില്ലാതെ വാഹനം ഓടിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കല്‍, രാത്രി കാലങ്ങളിലെ വാഹനമോടിക്കല്‍ തുടങ്ങിയവ കര്‍ശനമായി നിരീക്ഷിക്കുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ഇത്തരം ബോധവത്ക്കരണങ്ങള്‍ പത്രമാധ്യമങ്ങള്‍, ടെലിവിഷന്‍, സിനിമാ തിയേറ്ററുകള്‍, ബാനറുകള്‍, ഫ്‌ളക്‌സുകള്‍ എന്നിവ മുഖേന പരസ്യം ചെയ്യും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ട്രാഫിക് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് ക്വിസ് പരിപാടികള്‍, ചിത്രരചനാ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുകയും വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യും. മുന്‍ കാലങ്ങളില്‍ വാഹനാപകടങ്ങളില്‍പെട്ടവരെ ബോധവത്ക്കരണത്തിനായി ഉപയോഗിക്കും.
ഒരു വാഹനാപകടം നടന്നാല്‍ എന്തു ചെയ്യണം? എന്ന വിഷയത്തെക്കുറിച്ച് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെ ഉപയോഗിച്ച് പവര്‍പോയിന്റ് പ്രസന്റേഷനുകളോടുകൂടിയുള്ള ചര്‍ചകളും സംഘടിപ്പിക്കും. സ്‌കൂളുകളും ക്ലബുകളുമായി സഹകരിച്ച് ട്രാഫിക് സെയ്ഫ്റ്റി ക്ലബുകള്‍ രൂപീകരിക്കും. ഈ ക്ലബുകള്‍ മുഖേന ഗ്രാമ പ്രദേശങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തും. മുന്‍സിപ്പല്‍ പാര്‍ക്കില്‍ ട്രാഫിക് ബോധവത്ക്കരണത്തിനായി ട്രാഫിക് പാര്‍ക്കൊരുക്കുക തുടങ്ങിയ വൈവിധ്യങ്ങളായ ബോധവല്‍ക്കരണ പരിപാടികളാണ് ആസൂത്രമം ചെയ്തിട്ടുള്ളത്. ഡിസംബര്‍ ഒന്നു മുതല്‍ 31 വരെയാണ് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നത്.
Keywords: Press Meet, Vehicle, Class, Driver, Court Order, Case, Accident, Exhibition, Students, Documentary, School, District, Kasaragod, Kerala.