Impact | പ്രതിഷേധം കനത്തു; പെറുവാഡ് ദേശീയപാതയിൽ കാൽനട മേൽപാലത്തിന്റെ നിർമാണം ഉടൻ പുനരാരംഭിക്കും; നിർദിഷ്ട സ്ഥലത്ത് നിന്ന് മാറ്റില്ലെന്നും ജനപ്രതിനിധികളുടെ ഉറപ്പ്
● പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടലിനെ തുടർന്ന് നിർമാണം നിർത്തിയിരുന്നു.
● പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ജനപ്രതിനിധികൾ ഇടപെട്ടു.
● എംഎൽഎ അടക്കമുള്ളവർ സ്ഥലത്തെത്തി
കുമ്പള: (KasargodVartha) പെറുവാഡ് ദേശീയപാതയിൽ അനുമതി ലഭിച്ച കാൽനട യാത്രക്കാർക്ക് വേണ്ടിയുള്ള മേൽപാലത്തിന്റെ (Foot Over Bridge) നിർമാണം പെട്ടെന്ന് നിർത്തിവച്ചതിനെതിരെ പ്രദേശവാസികൾ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ മേൽപാലത്തിന്റെ നിർമാണം പുനരാരംഭിക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പ് നൽകി.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടലിനെ തുടർന്ന് പ്രവൃത്തി നിർത്തിവെച്ചതിനെതിരെ പ്രദേശവാസികൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. പരിസരവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് താത്കാലികമായി പണി നിർത്തിവെക്കാൻ കരാറുകാരായ യുഎൽസിസിക്ക് കത്ത് നൽകിയതിനെത്തുടർന്നാണ് പ്രവൃത്തി സ്തംഭനാവസ്ഥയിൽ ആയത്. നേരത്തെ ഇതുസംബന്ധിച്ച് കാസർകോട് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതിഷേധവും സമ്മർദവും ശക്തമായതിനെ പിന്നാലെ വിഷയത്തിൽ ജനപ്രതിനിധികൾ ഇടപെടുകയായിരുന്നു. നാട്ടുകാരുടെ ആവശ്യം കണക്കിലെടുത്ത് എംഎൽഎ എകെഎം അശ്റഫ്, പഞ്ചായത്ത് പ്രസിഡൻ്റ് താഹിറ യൂസുഫ്, വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, നാല് പഞ്ചായത്ത് മെമ്പർമാർ, കരാർ കമ്പനിയായ യുഎൽസിസി പ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ച് പ്രദേശവാസികളുടെ പരാതികൾ കേട്ടു.
നിർദ്ദിഷ്ട സ്ഥലത്ത് തന്നെ എത്രയും പെട്ടെന്ന് പ്രവൃത്തികൾ പുനരാരംഭിക്കുമെന്നും ജനപ്രതിനിധികൾ വ്യക്തമാക്കി. ദേശീയപാത മുറിച്ചുകടക്കാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾക്ക് സുരക്ഷിതമായ ഒരു മാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന മേൽപാലത്തിന്റെ പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ ശക്തമായി ആവശ്യപ്പെടുന്നു.
നാട്ടുകാരെ പ്രതിനിധീകരിച്ച് പെറുവാഡ് അണ്ടർ പാസ് ആക്ഷൻ കമിറ്റി ഭാരവാഹികളായ എൻ പി ഇബ്രാഹിം, മൈദാൻ ഹനീഫ്, അശ്റഫ് പെറുവാഡ്, നിസാർ പെറുവാഡ്, സഹദേവൻ, അലി പെറുവാഡ്, അബ്ദുല്ല പി എച്ച്, സിദ്ദീഖ് പെറുവാഡ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
#Kumbla #footbridge #construction #protest #Kerala #India #nationalhighway #localnews #infrastructure