കുമ്പള ദേവീനഗറിൽ ദേശീയപാതയിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയ നിലയിൽ; നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
● പ്ലാസ്റ്റിക് പ്ലേറ്റുകൾ അടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങളാണ് റോഡിൽ വിതറിക്കിടക്കുന്നത്
● പണം വാങ്ങി മാലിന്യം തള്ളുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർക്ക് സംശയമുണ്ട്
● രാത്രികാലങ്ങളിൽ കുറ്റിക്കാടുകളിലേക്കും പുഴയോരത്തേക്കും മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്
● കുറ്റക്കാരെ കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യം
കുമ്പള: (KasargodVartha) ദേവീനഗർ ദേശീയപാതയിൽ ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ. ഓടകളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും എൻഫോഴ്സ്മെൻ്റ് സ്ക്വാഡും നാട്ടുകാരും സന്നദ്ധ സംഘടനകളുമൊക്കെ നടപടി കടുപ്പിക്കുമ്പോഴും നിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സാമൂഹിക വിരുദ്ധരുടെ വിളയാട്ടം തുടരുകയാണ്.
ശനിയാഴ്ച രാത്രിയുടെ മറവിൽ കുമ്പള ദേശീയപാത ദേവീനഗറിൽ വെള്ളം പോകുന്ന ഓവുചാലിലേക്ക് വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം മുഴുവനും വീണത് ദേശീയപാത സർവീസ് റോഡിലേക്കാണ്. പ്ലാസ്റ്റിക് പ്ലേറ്റുകൾ അടക്കമുള്ള ഭക്ഷണാവശിഷ്ടം സർവീസ് റോഡിൽ വിതറിക്കിടക്കുകയാണ്.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, രാത്രിയുടെ മറവിൽ ഇത്തരത്തിൽ കുറ്റിക്കാടുകളിലേക്കും ജലാശയങ്ങളിലേക്കും കടൽത്തീരത്തേക്കും മാലിന്യങ്ങൾ വലിച്ചെറിയുന്നത് പ്രദേശത്ത് നിത്യസംഭവമായി മാറിയിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
പണം വാങ്ങി മാലിന്യം തള്ളുന്ന സംഘങ്ങൾ
വീടുകളിലെ വിവാഹം പോലുള്ള ആഘോഷ പരിപാടികളിലെ മാലിന്യം കളയാമെന്ന പേരിൽ വീട്ടുടമസ്ഥരിൽ നിന്ന് പണം വാങ്ങി മാലിന്യങ്ങൾ വാഹനങ്ങളിലാക്കി പൊതുയിടങ്ങളിൽ വലിച്ചെറിയുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ട്. ഇത് പിടികൂടാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തരം സംഘങ്ങളാണ് കുമ്പള ദേവീനഗറിലും മാലിന്യം വലിച്ചെറിഞ്ഞതെന്ന് നാട്ടുകാർ സംശയിക്കുന്നു.
കുറച്ചുദിവസങ്ങൾക്ക് മുൻപാണ് മൊഗ്രാൽ പുഴയോരത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ക്ലബ് പ്രവർത്തകർ സംഘടിച്ച് പുഴയോരം ശുചീകരിച്ച് പ്രദേശത്ത് സിസിടിവി സ്ഥാപിച്ചത്. പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയുയർത്തുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്.
സിസിടിവി പരിശോധിച്ച് നടപടി വേണം
കുമ്പള ദേവീനഗറിൽ റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടുപിടിക്കാൻ ബന്ധപ്പെട്ടവർ സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. വരുംദിവസങ്ങളിൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെങ്കിൽ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Food waste dumped on Kumbla National Highway; locals demand strict action.
#KumblaNews #WasteDumping #KeralaNews #PublicNuisance #KasaragodNews #NationalHighway #CleanKerala #AparnaNews






