Development | 'ന്റമ്മോ ഈ നായ്ക്കളെ എന്തുചെയ്യും?' മുളിയാര്‍ എബിസി കേന്ദ്രം അടിയന്തരമായി തുടങ്ങാന്‍ ജില്ലാ പഞ്ചായത്ത്
റൈസിംഗ് കാസര്‍കോടിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും.
കാസര്‍കോട്: (KasargodVartha) തെരുവ് നായ്ക്കളെ (Stray Dogs) കൊണ്ട് പൊറുതിമുട്ടാത്ത സ്ഥലങ്ങളുണ്ടെന്ന് തോന്നുന്നില്ല ഈ നാട്ടില്‍. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ വയോവൃദ്ധരെവരെ തെരുവ് പട്ടികള്‍ ആക്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. അങ്കണവാടികള്‍ മുതല്‍ ജില്ലാ ഭരണ സിരാകേന്ദ്രംവരെ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്.
തെരുവ് നായ്ക്കള്‍ രോഗവാഹകരായിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇവയില്‍ നിന്ന് മനുഷ്യരിലേക്ക് പലതരം രോഗങ്ങള്‍ പകരാനും ഇത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാനും സാധ്യതയുണ്ട്. തെരുവ് നായ്ക്കളുടെ സാന്നിധ്യം മൂലം ചിലരെങ്കിലും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിക്കുന്ന സ്ഥിതിയാണ്. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നത് പ്രജനനം നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാരും ചേര്‍ന്ന് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയാണ് വേണ്ടത്.
കാസര്‍കോട് തായലങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന എബിസി കേന്ദ്രത്തില്‍ തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള യാതൊരു പ്രവര്‍ത്തനവും കാലങ്ങളായി പലവിധ കാരണങ്ങളാല്‍ നടത്തുന്നില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മുളിയാര്‍ എബിസി (Animal Birth Control) കേന്ദ്രത്തിന്റെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാ പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ തീരുമാനം കൈകൊണ്ടത്. ഇത് ഉടന്‍ പ്രവര്‍ത്തനമാരംഭിച്ചാല്‍ തെരുവ് നായ്ക്കളുടെ ഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും.
കണ്ണൂരില്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ 'സില്‍ക്ക്' സമര്‍പ്പിച്ച 60 കൂടുകള്‍ എന്നത് 100 ആയി വര്‍ധിപ്പിച്ചാണ് എബിസി കേന്ദ്രം ആരംഭിക്കുക. മുളിയാര്‍ എബിസി കേന്ദ്രം പ്രീഫാബ് പദ്ധതിയില്‍ ബാക്കിയുള്ള 78,57,654 രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയോടനുബന്ധിച്ച് മുളിയാര്‍ എബിസി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും. എബിസി കേന്ദ്രം കൂട് നിര്‍മ്മാണത്തിനുള്ള മത്സരാധിഷ്ഠിത ബിഡ് അംഗീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.
എബിസി: അലഞ്ഞുനടക്കുന്ന നായകളുടെ പ്രജനനം നിയന്ത്രിക്കുകയും അവയെ വന്ധ്യംകരിക്കുകയും ചെയ്യുന്ന ഒരു പദ്ധതിയാണിത്. കാസര്‍കോട് ജില്ലയില്‍ അലഞ്ഞുനടക്കുന്ന നായകളുടെ പ്രശ്‌നം ഗുരുതരമായതിനാല്‍, ഈ പദ്ധതി വളരെ പ്രധാനമാണ്. അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് തെരുവ് നായ്ക്കളുടെ ഭീഷണി ഏറ്റവും കൂടുതല്‍ രൂക്ഷമാകുന്നത്. കാസര്‍കോട് നുള്ളിപ്പാടിയിലെ അങ്കണവാടിക്ക് പുറത്ത് ഏഴിലധികം തെരുവ് നായ്ക്കളാണ് കൂട്ടമായി തമ്പടിച്ചിരിക്കുന്നത്. ഭീതിയോടെയാണ് കുട്ടികളെ അങ്കണവാടികളിലേക്ക് എത്തിക്കുന്നത്.
എബിസി കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നുമായി ബന്ധപ്പെട്ട തീരുമാനത്തിന് പുറമേ ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തില്‍ തെക്കിലില്‍ ഉള്ള ടാറ്റാ ട്രസ്റ്റ് ഗവണ്‍മെന്റ് ആശുപത്രിയിലെ കണ്ടെയ്‌നറുകള്‍ അനുവദിക്കുന്നതിനും തീരുമാനിച്ചു.
ഈ സ്ഥലത്ത് സ്പെഷ്യലിറ്റി ആശുപത്രി നിര്‍മ്മിക്കുന്നതിനാണ് 28 കണ്ടെയ്നറുകള്‍ നീക്കം ചെയ്യുന്നത്. ബാക്കിയുള്ള കണ്ടെയ്‌നറുകളില്‍ നാലെണ്ണത്തില്‍ രണ്ടെണ്ണം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്കും രണ്ടെണ്ണം സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍എ ( Land Acquisition) കാസര്‍കോടിനും നല്‍കുന്നതിന് ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. 24 എണ്ണം നീക്കം ചെയ്യാന്‍ നേരത്തേ അനുമതിയായിരുന്നു. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന് നാലെണ്ണം, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന് പത്തെണ്ണം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നാലെണ്ണം, ജില്ലാ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിന് രണ്ടെണ്ണം, മത്സ്യഫെഡ് മാനേജര്‍ക്ക് നാലെണ്ണം എന്നിങ്ങനെയാണ് നേരത്തേ അനുവദിച്ചത്.
ജില്ലാ പഞ്ചായത്ത് യോഗത്തിലെ മറ്റു തീരുമാനങ്ങള്‍:
റൈസിംഗ് കാസര്‍കോടിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തീരുമാനിച്ചു. ജില്ലാതല മോണിറ്ററിംഗ് സമിതി, ജില്ലാതല ഹെല്‍പ് ഡെസ്‌ക് രൂപീകരണം, പ്രവാസി സംഗമം എന്നിവ യോഗം ചര്‍ച്ച ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലുള്ള ഭൂമി ആവശ്യക്കാര്‍ക്ക് പ്ലോട്ടുകളാക്കി അനുവദിക്കും. ഇതില്‍ രണ്ട് ഏക്കര്‍ കാര്‍ഷിക ഹബ്ബ് ആരംഭിക്കുന്നതിന് അനുവദിക്കാന്‍ തീരുമാനിച്ചു. ബാക്കി ഭൂമി 10 സെന്റ് വീതം വിസ്തൃതിയുള്ള പ്ലോട്ടുകളാക്കി തിരിച്ച് പാട്ടവ്യവസ്ഥയില്‍ ആവശ്യക്കാര്‍ക്ക് അനുവദിക്കും. ഇതിനുള്ള ബൈലോക്ക് സര്‍ക്കാര്‍ അംഗീകാരം ലഭ്യമാക്കിയിട്ടുണ്ട്.
തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പാര്‍ക്കിലേക്ക് റോഡ് സൗകര്യമൊരുക്കി അനുവദിക്കും. ഇതിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ 'സഫലം വനിതാ കശുവണ്ടി സംസ്‌കരണ യൂണിറ്റി'ന്റെ കരാര്‍ പുതുക്കി നല്‍കുന്നതിനും യോഗം തീരുമാനിച്ചു. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലുള്ള ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കാന്‍ തീരുമാനിച്ചു. പ്ലാന്റ് നടത്തിപ്പിന് ക്വട്ടേഷന്‍ സമര്‍പ്പിച്ചവരില്‍ നിന്നും തെരഞ്ഞെടുത്ത വ്യക്തിക്ക് നിശ്ചിത മാസത്തേക്ക് പ്ലാന്റ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്താന്‍ എംഒയു പ്രകാരം നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി.
ജില്ലാ പഞ്ചായത്ത് ജില്ലാ സ്പീഷിസ് പ്രഖ്യാപനത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തീരുമാനിച്ചു. സ്പീഷീസുകളുടെ സംരക്ഷണത്തിനും ബോധവല്‍ക്കരണത്തിനും വിദ്യാലയങ്ങളില്‍ ഓഫീസ് കേന്ദ്രീകരിച്ച് ബോര്‍ഡ് സ്ഥാപിക്കുവാനും കലണ്ടര്‍ നല്‍കുന്നതിനും തീരുമാനമായി. ഇതിനായി പ്രത്യേക ഓണ്‍ലൈന്‍ യോഗം ചേര്‍ന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് കോമ്പൗണ്ട് ലാന്‍ഡ്സ്‌കേപിംഗും ശില്പ ഉദ്യാനവും പ്രവൃത്തി ഒക്ടോബറിനകം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്തും കാസര്‍കോട് വികസനപാക്കേജും സംയുക്തമായി ഏഴ് വിദ്യാലയങ്ങളില്‍ കഞ്ഞിപ്പുര നിര്‍മ്മിക്കും. തയ്യേനി, ചായോത്ത് ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കൂളിയാട്, ഉദ്യാവാര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളുകളിലും പടന്നക്കടപ്പുറം, ബേക്കല്‍ ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലുമാണ് കഞ്ഞിപ്പുര നിര്‍മ്മിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി കൈപ്പുസ്തകം സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന തദ്ദേശതലത്തില്‍ തദ്ദേശ ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തില്‍ അറിയിച്ചു. ഡിജിറ്റല്‍ സാക്ഷരത പഠിതാക്കള്‍ക്ക് നല്‍കുന്നതിനാണ് കൈപ്പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാലയങ്ങളിലെ എസ്പിസി പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി 725000 രൂപ അനുവദിക്കും.
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 29 ഹയര്‍ സെക്കണ്ടറി ഹൈസ്‌ക്കൂള്‍ വിദ്യാലയങ്ങള്‍ക്കാണ് തുക അനുവദിക്കുന്നത്. ക്ഷേമകാര്യ സ്ഥിരം സമിതിയുടെ സാമൂഹ്യനീതി ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് പുനഃസംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ചെയര്‍മാനും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കണ്‍വീനറുമായാണ് വര്‍ക്കിംഗ് ഗ്രൂപ്പ് പുന:സംഘടിപ്പിച്ചത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ ശകുന്തള, ഗീത കൃഷ്ണന്‍, അഡ്വ എസ് എന്‍ സരിത, എം മനു എന്നിവരും ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ സി ജെ സജിത്ത്, ഷിനോജ് ചാക്കോ, ജോമോന്‍ ജേക്കബ്, ഗോള്‍ഡന്‍ അബ്ദുര്‍ റഹ്‌മാന്‍, ജാസ്മിന്‍ കബീര്‍, പി ബി ഷഫീഖ്, ജമീല സിദ്ദിഖ്, ശൈലജ ഭട്ട്, നാരായണ നായിക്ക്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി കെ സജീവ് വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വയനാട് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചാണ് യോഗം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നതിനും തീരുമാനിച്ചു.
#ABCcenter #StrayDogs #AnimalWelfare #PublicHealth #Kasaragod #Kerala #India #Muliyar #StrayDogControl #GovernmentInitiative #Development #CommunitySafety