Flower Market | ഓണത്തിന് നിറംപകരാൻ കാസർകോട്ടേക്ക് ഇത്തവണയും കർണാടകയിൽ നിന്ന് പൂക്കളുമായി കച്ചവടക്കാരെത്തി; നഗരത്തിൽ പൂത്തുലഞ്ഞ് മറുനാടൻ സൗന്ദര്യം
● ചെണ്ടുമല്ലി, ജമന്തി, വാടാമല്ലി തുടങ്ങി പല തരത്തിലുള്ള പൂക്കൾ ലഭ്യമാണ്.
● 30 മുതൽ 50 രൂപ വരെയാണ് ഒരു മുഴത്തിന് നിരക്ക്
കാസർകോട്: (KasargodVartha) ഓണാഘോഷ തിരക്കിനിടെ പൂക്കളുടെ ഗന്ധത്തിൽ വിപണികൾ. കർണാടകയിൽ നിന്ന് ഇത്തവണയും വിവിധയിനം പൂക്കളുമായി കച്ചവടക്കാർ കാസർകോട് നഗരത്തിൽ എത്തിയിരിക്കുകയാണ്. കർണാടകയിലെ മൈസൂറു, മാണ്ഡ്യ, ഹാസൻ തുടങ്ങിയ ഇടങ്ങളിൽ നിന്ന് 150 ഓളം പേരാണ് നിറയെ പൂക്കളുമായി വെള്ളിയാഴ്ച രാവിലെ കാസർകോട്ട് എത്തിയത്. നഗരത്തിൽ പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് പരിസരങ്ങളിലായി ഇവർ വിൽപന നടത്തുന്നു.
ചെണ്ടുമല്ലി, ജമന്തി, വാടാമല്ലി, അരളി, റോസ്, താമര തുടങ്ങി വിവിധ ഇനം പൂക്കൾ വിപണിയിൽ ലഭ്യമാണ്. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലിപ്പൂക്കളാണ് ഇത്തവണയും കൂടുതൽ എത്തിയിരിക്കുന്നത്. ജമന്തി, ബടണ്‍, ഡുണ്ടി പൂക്കളും വിപണിയിലുണ്ട്. വിവിധ തരം റോസ് പൂക്കളും ലഭ്യമാണ്. പച്ച, മഞ്ഞ, ചുവപ്പ്, ഓറഞ്ച്, പിങ്ക്, വെള്ള തുടങ്ങി വിവിധ നിറങ്ങളിൽ വിലകുറഞ്ഞതും വിലകൂടിയതുമായ പൂക്കൾ വിപണിയിൽ ഉണ്ട്. 30 മുതൽ 50 രൂപ വരെയാണ് ഒരു മുഴത്തിന് നിരക്ക്.
സ്‌കൂളുകളിലും മറ്റും ഓണാഘോഷങ്ങൾ ഉണ്ടായിരുന്നതിനാൽ വിദ്യാർഥികൾ അടക്കം അനവധി പേർ കഴിഞ്ഞ ദിവസം പൂക്കൾ വാങ്ങാൻ എത്തിയിരുന്നു. ഉത്രാടപ്പാച്ചിലിലും പൂ കച്ചവടം പൊടിപൊടിക്കുകയാണ്. കാസർകോടിന് പുറമെ കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ ഭാഗങ്ങളിലും കർണാടകയിൽ നിന്നുള്ള പൂക്കച്ചവടക്കാര്‍ പൂക്കളുമായി എത്തിയിട്ടുണ്ട്.
ഓണമെത്തുമ്പോൾ മലയാളികളുടെ മനസ്സിൽ നിറയുന്നത് പൂക്കളുടെ മണവും നിറവുമാണ്. പൂക്കളമൊരുക്കി വീടുകൾ അലങ്കരിക്കുന്നതും ആഘോഷിക്കുന്നതും സംസ്കാരത്തിന്റെ ഭാഗമാണ്. ഓണത്തിന് മലയാളികള്‍ക്ക് മറുനാടന്‍ പൂക്കളില്ലാതെ കഴിയില്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 10 വർഷമായി കാസർകോട്ട് പൂവെത്തിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇത്തവണയും ഓണവിപണിയിൽ പ്രതീക്ഷ അർപ്പിച്ച് ഇവിടെ എത്തിയിട്ടുണ്ട്.
#KarnatakaFlowers, #KasargodMarket, #OnamFlowers, #FlowerVendors, #FestiveBlooms, #KeralaFlowers