മാനസിക രോഗിയുടെ പരാക്രമത്തില്‍ പൂക്കട ഉടമയ്ക്ക് പരിക്ക്
Jul 24, 2012, 12:25 IST
കാസര്‍കോട്: മാനസിക രോഗിയായ യുവാവിന്റെ പരാക്രമത്തില്‍ പൂക്കട ഉടമയ്ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പഴയ ബസ് സ്റ്റാന്‍ഡ് ട്രാഫിക് സര്‍ക്കിളിനു സമീപമാണ് മാനസിക രോഗിയായ യുവാവ് പരാക്രമം നടത്തിയത്.
കല്ലെറിഞ്ഞും തൊട്ടടുത്ത കടയിലെ സോഡാ കുപ്പിയെറിഞ്ഞും യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രാവിലെ പത്രം വാങ്ങി കടയിലേക്ക് സ്കൂട്ടറില്‍ വരുമ്പോഴാണ് പൂക്കടയുടമയായ ഉസ്മാന് കല്ലേറ് കൊണ്ടത്. തൊട്ടടുത്ത കടകള്‍ക്ക് നേരേയും പള്ളിക്ക് നേരേയും യുവാവ് സോഡാകുപ്പിയെറിഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും തീവണ്ടി ഇറങ്ങി വരികയായിരുന്ന യാത്രക്കാരും ആക്രമത്തെ തുടര്‍ന്ന് ചിതറിയോടി.
ട്രാഫിക് സര്‍ക്കിളിനു സമീപത്തെ പൂക്കടയിലേക്ക് വരികയായിരുന്ന കടയുടമ ഉസ്മാന് വയറിനാണ് കല്ലേറ് കൊണ്ടത്. ഉസ്മാന്റെ ഒരു കണ്ണിന് ഒരാഴ്ച മുമ്പ് ശസ്ത്രക്രിയ നടത്തിയിരുന്നു. മാനസിക രോഗിയുടെ അക്രമണത്തില്‍ ശസ്ത്രക്രിയ നടത്തിയ കണ്ണിന് ഏറ് കൊണ്ടേങ്കിലും ഭാഗ്യം കൊണ്ടാണ് വന്‍ അപകടം ഒഴിവായത്.
മാനസികരോഗി അക്രമം നടത്തുന്ന വിവരം പോലീസില്‍ അറിയിച്ചെങ്കിലും ബൈക്കില്‍ രണ്ട് പോലീസുകാര്‍ വരികയും കുറച്ച് നേരം സംഭവസ്ഥലത്ത് കറങ്ങിയശേഷം പോലീസുകാര്‍ തിരിച്ചുപോയി. യുവാവ് പിന്നീട് പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് രക്ഷപ്പെട്ടു. നേരത്തേ ഈ യുവാവിനെ തളങ്കരയിലെ യുവാക്കള്‍ മുടി വെട്ടിച്ച് കുളിപ്പിച്ച് നല്ല വസ്ത്രമണിയിപ്പിച്ച് വിട്ടതായിരുന്നു. യുവാവ് നേരത്തേ ഒരു കൊലക്കേസിലും പ്രതിയായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന് മുമ്പും യുവാവ് ഇത്തരത്തില്‍ പൊതുജനങ്ങളെ ശല്യപ്പെടുത്തുന്ന രീതിയില്‍ അക്രമം അഴിച്ചുവിട്ടിരുന്നു.
Keywords: Kasaragod, Attack, Stone pelting, Mad Man, Flower Shop Owner






