നീലേശ്വരത്ത് വിഎസിന്റെയും ടിപി ചന്ദ്രശേഖരന്റെയും ചിത്രങ്ങള്‍ അടങ്ങിയ ഫ്ളക്സ് ഉയര്‍ന്നു
May 16, 2012, 15:15 IST

കാഞ്ഞങ്ങാട്: സിപിഎം നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് നീലേശ്വരത്ത് ചൊവ്വാഴ്ച രാത്രി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെയും കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്റെയും ചിത്രങ്ങള്‍ അടങ്ങിയ ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. വിവരമറിഞ്ഞ് പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗം ഏര്‍പ്പെടുത്തിയ നിരീക്ഷണ സ്ക്വാഡ് ഫ്ളക്സ് ബോര്‍ഡുകള്‍ ബുധനാഴ്ച പുലര്‍ച്ചെ നീക്കംചെയ്തു. വിഎസിനും ടിപി ചന്ദ്രശേഖരനും അഭിവാദ്യമര്‍പ്പിച്ച് ഇന്നലെ രാത്രി വിഎസ് അനുകൂലികള്‍ നീലേശ്വരം ബസ് സ്റാന്റ് പരിസരത്ത് കമനീയമായ ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരന്റെ ധീരതയേയും വിഎസിന്റെ ആദര്‍ശത്തെയും പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്ന ഫ്ളക്സ് ബോര്‍ഡില്‍ പിണറായിക്കെതിരേ രൂക്ഷ വിമര്‍ശനവും ഉണ്ടായിരുന്നു.
സിപിഎം ശക്തികേന്ദ്രമായ നീലേശ്വരത്തും പാര്‍ട്ടി ഗ്രാമമായ മടിക്കൈയിലും വിഎസ് അനുകൂല ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തുന്നത് കണ്ടാല്‍ തടയാനും ഉയര്‍ത്തി കഴിഞ്ഞാല്‍ നീക്കം ചെയ്യാനും ഔദ്യോഗിക വിഭാഗം പ്രത്യേക നിരീക്ഷണ സ്ക്വാഡിനെ ചുമതലപ്പെടുത്തിയിരുന്നു. വിഎസിനെയും ചന്ദ്രശേഖരനെയും അനുകൂലിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ നീലേശ്വരത്ത് ഉയര്‍ന്നതായി അറിഞ്ഞപ്പോള്‍ നേരം പുലരുന്നതിന് നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ നിരീക്ഷണ സ്ക്വാഡെത്തി ബോര്‍ഡുകള്‍ നീക്കുകയായിരുന്നു.
വിഎസിന് പുറമെ ചന്ദ്രശേഖരന്റെ ഫ്ളക്സ് ബോര്‍ഡും നീലേശ്വരത്ത് ഉയര്‍ത്തിയത് പാര്‍ട്ടിയുടെ ഔദ്യോഗിക കേന്ദ്രങ്ങളെ അങ്കലാപ്പിലാഴ്ത്തിയിട്ടുണ്ട്. റവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടിക്ക് നീലേശ്വരം ആസ്ഥാനമാക്കി ജില്ലാകമ്മിറ്റി നിലവില്‍വരുമെന്ന പ്രചാരണം ശക്തമായിരിക്കെയാണ് വിഎസിനൊപ്പം ചന്ദ്രശേഖരന്റെ ചിത്രവും പതിച്ചുകൊണ്ടുള്ള കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ നീലേരത്ത് ഉയര്‍ന്നത്. ചന്ദ്രശേഖരന്‍ അനുസ്മരണത്തിനായി ഇന്നലെ കോഴിക്കോട്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ റവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ക്കൊപ്പം വിഎസ് പക്ഷക്കാരായ സിപിഎം - ഡിവൈഎഫ്ഐ നേതാക്കളും പങ്കെടുത്തത് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ കൊഴിഞ്ഞ് പോക്ക് തടയാന്‍ കര്‍ശനമായ നടപടി കൈക്കൊള്ളണമെന്നാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വങ്ങളെ അറിയിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയിലും സിപിഎമ്മിനകത്ത് പുതിയ ധ്രുവീകരണം ഉണ്ടാകാനാണ് ചന്ദ്രശേഖരന്‍ വധവും വിഎസിന്റെ നീക്കങ്ങളും ഇടവരുത്തിയിരിക്കുന്നത്. പാര്‍ട്ടിയെ കേരളത്തിന്റെ പല ഭാഗങ്ങളിലും പിളര്‍പ്പിലേക്ക് നയിക്കുന്ന പ്രശ്നങ്ങളാണ് ഇപ്പോള്‍ സങ്കീര്‍ണ്ണമായിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ നീലേശ്വരം, മടിക്കൈ, ബേഡകം എന്നിവിടങ്ങളില്‍ പാര്‍ട്ടിക്കകത്ത് വിഭാഗീയ പ്രശ്നങ്ങള്‍ രൂക്ഷമാണ്.
ബേഡകത്ത് പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗത്തിനെതിരേ വെല്ലുവിളി ഉയര്‍ത്തികൊണ്ട് എതിര്‍വിഭാഗം നടത്തുന്ന സമാന്തര പ്രവര്‍ത്തനങ്ങള്‍ ജില്ലാ നേതൃത്വത്തിന് കടുത്ത തലവേദനയാണ്. സിപിഎം ബേഡകം ഏരിയാ സമ്മേളനത്തോടെ ശക്തമായ വിഭാഗീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം ജില്ലാനേതൃത്വം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പി ദിവാകരനും ഗോപാലന്‍മാസ്റര്‍ക്കുമെതിരേ റിപ്പോര്‍ട്ട് നല്‍കിയതും ഇപ്പോഴത്തെ ഏരിയാ നേതൃത്വത്തിന് അനുകൂലമായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തതും ബേഡകത്ത് ഒഞ്ചിയംമോഡല്‍ പോരാട്ടം ശക്തമാകാന്‍ കാരണമായിട്ടുണ്ട്. ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് ബേഡകത്ത് വിഎസിനെയും ചന്ദ്രശേഖരനെയും അനുകൂലിച്ചുകൊണ്ട് ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ത്താന്‍ പാര്‍ട്ടിയിലെ എതിര്‍ചേരി ശ്രമം നടത്തിയെങ്കിലും ഔദ്യോഗിക പക്ഷം സംഘടിച്ച് ഈശ്രമം പരാജയപ്പെടുത്തിയതായി സൂചനയുണ്ട്.
Keywords: Flex board, V.S Achuthanandan, T.P.Chandrasekharan, Nileshwaram, Kasaragod