ചെറുവത്തൂരില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചതിനെ ചൊല്ലി സി.പി.എമ്മില്‍ വിവാദം
May 18, 2012, 16:00 IST

ചെറുവത്തൂര്‍: സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ ചെറുവത്തൂരില്‍ വി എസ് അനുകൂല ഫ്ളക്സ്ബോര്‍ഡ് സ്ഥാപിച്ചതിനെ ചൊല്ലി പാര്‍ട്ടിയില്‍ വിവാദം കൊഴുക്കുന്നു. സംസ്ഥാനത്ത് ഇതിന് മുമ്പ് വി എസ് തരംഗങ്ങള്‍ ഉണ്ടാവുകയും കാസര്‍കോട് ജില്ലയിലെ മറ്റ് പാര്‍ട്ടി ഗ്രാമങ്ങളില്‍ വി എസ് അനുകൂല ഫ്ളക്സ്ബോര്‍ഡുകള്‍ ഉയരുകയും ചെയ്തിട്ടും ഇത്തരത്തിലുള്ള യാതൊരു ചലനവും ഉണ്ടാകാതിരുന്ന ചെറുവത്തൂരില്‍ ഇതാദ്യമായാണ് വി എസിനും ചന്ദ്രശേഖരനും അനുകൂലമായി ഫ്ളക്സ്ബോര്‍ഡ് ഉയര്‍ന്നത്.
ചെറുവത്തൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളിലും വിഭാഗീയത പരസ്യമാകുന്നതിന്റെ സൂചനയാണ് വി എസ് അനുകൂല ഫ്ളക്സ് ബോര്‍ഡ്.
ഇത്തരമൊരു നടപടി പാര്‍ട്ടി നേതൃത്വത്തെ നടുക്കിയിരിക്കുകയാണ്. പരപ്പ, നീലേശ്വരം, ബദിയഡുക്ക, കുമ്പഡാജെ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വിഎസ് അനുകൂല ഫ്ളക്സ്ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനെ വേണ്ടത്ര ഗൌരവത്തോടെ നേതൃത്വം കാണുന്നില്ല. കാരണം വിഎസിന് അനുകൂലമായ നിലപാട് ഈ ഭാഗങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തിപിടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ചെറുവത്തൂരില്‍ ഔദ്യോഗിക നേതൃത്വത്തിന്റെ നിര്‍ദ്ദേശം മറികടന്നുകൊണ്ടുള്ള യാതൊരു പ്രവര്‍ത്തനങ്ങളും ഇതിന് മുമ്പ് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഔദ്യോഗിക പക്ഷത്തിന് യാതൊരു വിലയും കല്‍പ്പിക്കാതെയാണ് ചെറുവത്തൂരില്‍ വി എസ് അനുകൂല ഫ്ളക്സ്ബോര്‍ഡ് ഉയര്‍ത്തിയത്.
സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണോ ഇത്തരത്തില്‍ ഫ്ളക്സ്ബോര്‍ഡ് ഉയര്‍ത്തിയതെന്ന് ജില്ലാ നേതൃത്വം അന്വേഷിക്കുന്നുണ്ട്. ബോര്‍ഡ് സ്ഥാപിച്ചവരെ കണ്ടെത്തുന്നതിന് പാര്‍ട്ടി തല അന്വേഷണം നടന്നുവരികയാണ്. സിപിഎമ്മിന്റെ ഉറച്ച കേന്ദ്രങ്ങളില്‍ ഒന്നായ ചെറുവത്തൂരില്‍ പുറമെനിന്ന് ആരെങ്കിലും വന്ന് ഫ്ളക്സ്ബോര്‍ഡ് സ്ഥാപിക്കാന്‍ ഇടയില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് ചെറുവത്തൂരില്‍ വി എസ് അനുകൂല ഫ്ളക്സ്ബോര്‍ഡ് ഉയര്‍ത്തിയതെന്നാണ് വിവരം. ഈ പ്രശ്നത്തെചൊല്ലി ചെറുവത്തൂരില്‍ സിപിഎമ്മിനകത്ത് ചേരിതിരിവ് രൂക്ഷമായിട്ടുണ്ട്. വി എസ് അനുകൂല ഫ്ളക്സ്ബോര്‍ഡ് ഉയരാന്‍ ഇടയായ സാഹചര്യത്തിന്റെ പേരില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ജില്ലാ നേതൃത്വം വിമര്‍ശനവുമായി രംഗത്തുണ്ട്.
Keywords: VS Flex board, Controversy, CPM, Cheruvathur, Kasaragod