Accident | കണ്ണൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിയിച്ച് കാസര്‍കോട് സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു
* മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
കണ്ണൂര്‍: (KasargodVartha) കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിയിച്ച് കാസര്‍കോട് സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു. കണ്ണപുരം പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി 10 ഓടെയാണ് അപകടമുണ്ടായത്. കാസര്‍കോട് ചിറ്റാരിക്കാല്‍ ഭീമനടി സ്വദേശികളാണ് മരിച്ചതെന്ന് വ്യക്തമായി.
കണ്ണൂര്‍ ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ കണ്ണൂര്‍ ഭാഗത്തേക്ക് ഗ്യാസ് സിലിണ്ടറുമായി പോയ ലോറിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ ഉണ്ടായിരുന്ന മൂന്നു പുരുഷന്മാരും ഒരു യുവതിയും പത്തു വയസ്സുള്ള ഒരു കുട്ടിയമടക്കം അഞ്ച് പേരും മരണപ്പെട്ടു.
കോഴിക്കോട് കൃപാലയം സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു സംഘമെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരന്‍ (52), കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ എന്‍ പത്മകുമാര്‍ (59) എന്നിവര്‍ മരിച്ചവരില്‍ രണ്ട് പേരെന്ന് തിരിച്ചറിഞ്ഞു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു സ്ത്രീയെയും 12 വസ്സുകാരനെയും മറ്റൊരു പുരുഷനെയുമാണ് ഇനി തിരിച്ചറിയാനുള്ളത്.
കാർ വെട്ടിപൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.