Accident | മീൻപിടുത്ത തോണി കടലിൽ മറിഞ്ഞു; 6 ലക്ഷം രൂപയുടെ നാശനഷ്ടം; തൊഴിലാളികൾ സുരക്ഷിത
തോണിയുടെ രണ്ട് എൻജിനുകളും വലയും നഷ്ടപ്പെട്ടു
ബേക്കൽ: (KasargodVartha) മീൻപിടുത്തത്തിന് പുറപ്പെട്ട തോണി കടലിൽ മറിഞ്ഞു. അപകടത്തിൽ നിന്ന് നാല് മീൻ തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ പള്ളിക്കര കടപ്പുറത്താണ് സംഭവം ഉണ്ടായത്. അബ്ദുൽ ഗഫൂർ എന്നയാളുടെ ഉടമസ്ഥതയിലുള്ള 'മത്തീസ്' എന്ന ബോടാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് തലകീഴായി മറിഞ്ഞത്.
അനന്തു (25), കമലഹാസൻ (50), മുരളി (45), ബാബു (65) എന്നിവരായിരുന്നു തോണിയിലുണ്ടായിരുന്നത്. പ്രദേശവാസികളും മറ്റ് മീൻപിടുത്ത തൊഴിലാളികളും ചേർന്ന് നീണ്ട പരിശ്രമത്തിനൊടുവിലാണ് കയറുകൾ ഉപയോഗിച്ച് തോണി കരയിലേക്ക് വലിച്ചുകൊണ്ടുവന്നത്. രണ്ട് ട്രാക്ടറുകളുടെ സഹായവും ഇതിനായി ഉപയോഗിച്ചു.
അപകടത്തിൽ ഏകദേശം ആറ് ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് ഉടമ അബ്ദുൽ ഗഫൂർ കാസർകോട് വാർത്തയോട് പറഞ്ഞു. തോണിയുടെ രണ്ട് എൻജിനുകളും വലയും നഷ്ടപ്പെട്ടു. തോണിക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.