മീൻ വില്പന ഇനി സൂക്ഷ്മനിരീക്ഷണത്തിൽ! കാസർകോട്ടെ കേന്ദ്രങ്ങൾ ഏതൊക്കെ?
● സംസ്ഥാനതല മത്സ്യ ഗുണനിലവാര പരിപാലന സമിതിക്ക് രൂപം നൽകി.
● ഫിഷറീസ് ഡയറക്ടറാണ് ഗുണനിലവാര സമിതിയുടെ അധ്യക്ഷൻ.
● തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് രാസവസ്തുക്കൾ ചേർത്ത മീൻ എത്തുന്നത്.
● ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കാൻ കൂടുതൽ സംവിധാനമൊരുക്കും.
കാസർകോട്: (KasargodVartha) മായം കലർന്നതും കേടായതുമായ മത്സ്യങ്ങളുടെ വിൽപന വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 87 മത്സ്യ മാർക്കറ്റുകളെ സർക്കാർ നിയന്ത്രിത വിപണന മേഖലകളായി വിജ്ഞാപനം ചെയ്തു.
ഇതിൽ കാസർകോട് ജില്ലയിൽ ഉൾപ്പെടുന്ന കേന്ദ്രങ്ങൾ ഏതൊക്കെ എന്ന മത്സ്യ ഭക്ഷണ പ്രേമികളുടെ ചോദ്യത്തിന് ഉത്തരമായി, രണ്ട് മത്സ്യ വിപണന കേന്ദ്രങ്ങളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. മത്സ്യസംഭരണം, വിപണനം, ഗുണനിലവാര പരിപാലനം എന്നിവ കാര്യക്ഷമമാക്കുന്നതിനായി 2021-ലെ കേരള മത്സ്യ സംഭരണവും, വിപണനവും, ഗുണനിലവാര പരിപാലനവും വിവിധ ആക്ട്-ഉപ വകുപ്പ് പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് സംസ്ഥാന സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഈ ഉദ്ദേശ്യലക്ഷ്യം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനതല മത്സ്യ ഗുണനിലവാര പരിപാലന സമിതിക്കും രൂപം നൽകിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ 87 മത്സ്യ മാർക്കറ്റുകളിൽ കാസർകോട് ജില്ലയിൽ നിന്ന് മഞ്ചേശ്വരവും കാഞ്ഞങ്ങാടുമാണ് നിയന്ത്രിത വിപണന കേന്ദ്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ജില്ലയിലെ പ്രധാന മത്സ്യ വിപണന കേന്ദ്രങ്ങളായ മഞ്ചേശ്വരം, കാസർകോട്, കാഞ്ഞങ്ങാട് എന്നിവയിൽ നിന്ന് മഞ്ചേശ്വരവും കാഞ്ഞങ്ങാടും ഉൾപ്പെട്ടപ്പോൾ കാസർകോട് മത്സ്യ മാർക്കറ്റിനെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
മത്സ്യ വിപണന കേന്ദ്രങ്ങളിലെ ശുചിത്വമില്ലായ്മയും, കേടായതും, മായം കലർന്നതുമായ മത്സ്യങ്ങളുടെ വിൽപനയിലുമെല്ലാം ഇനി സർക്കാറിന്റെ മത്സ്യ ഗുണനിലവാര സമിതിക്ക് നേരിട്ട് ഇടപെടാനാകും. സംസ്ഥാന ഫിഷറീസ് ഡയറക്ടറാണ് സമിതിയുടെ അധ്യക്ഷൻ. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, ആരോഗ്യവകുപ്പ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടർ എന്നിവരെല്ലാം സമിതിയിൽ അംഗങ്ങളാണ്.

തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് രാസവസ്തുക്കൾ ചേർത്ത മത്സ്യങ്ങൾ കൂടുതലായും സംസ്ഥാനത്തെ മത്സ്യ വിപണന കേന്ദ്രങ്ങളിൽ എത്തുന്നതെന്നാണ് പറയുന്നത്. ഇത് ചെക്ക് പോസ്റ്റുകളിൽ നിരീക്ഷിക്കാൻ ഇനിമുതൽ കൂടുതൽ സംവിധാനം ഒരുക്കുമെന്ന് ബന്ധപ്പെട്ടവർ പറയുന്നുമുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ!
Article Summary: Kerala government designates 87 fish markets as regulated zones, including two in Kasaragod, to curb adulterated fish sales.
#FishQuality #KeralaFisheries #KasaragodNews #FoodSafety #FishMarket #GovernmentAction






