മത്തി കിട്ടാനില്ല, അയക്കൂറയ്ക്കും ആവോലിക്കും വില കുറഞ്ഞു
● ആയിരം രൂപയിലേറെ വിലയുണ്ടായിരുന്ന മീനുകളാണിത്.
● മത്തിക്ക് ആവശ്യക്കാർ കൂടുതലെങ്കിലും ലഭ്യത കുറഞ്ഞു.
● മത്തിക്ക് കിലോയ്ക്ക് 300 രൂപയിലധികമാണ് വില.
● അയലയ്ക്ക് 200 രൂപയിൽ താഴെയാണ് വില.
● ആഴക്കടൽ മത്സ്യബന്ധനത്തിൽ കൂടുതൽ മത്സ്യം ലഭ്യമായി.
കാസർകോട്: (KasargodVartha) മത്സ്യാഹാര പ്രിയർക്ക് ആശ്വാസമായി മത്സ്യമാർക്കറ്റുകളിൽ മത്സ്യവില കുറഞ്ഞു. ആയിരം മുതൽ 1,500 രൂപവരെ വിലയുണ്ടായിരുന്ന അയക്കൂറയ്ക്കും ആവോലിക്കും ഇപ്പോൾ വില 300 രൂപയിൽ താഴെയാണ്.
ഇപ്പോൾ മാർക്കറ്റിൽ ആവശ്യക്കാർ ഏറെയുള്ളത് മത്തിക്കാണ്. എന്നാൽ, മത്തി ലഭിക്കാനില്ലാത്ത അവസ്ഥയാണ്. ലഭിക്കുന്ന മത്തിക്ക് 300 രൂപയിൽ കൂടുതലാണ് വില. അയല വലുതാണെങ്കിലും 200 രൂപയിൽ താഴെയാണ് വില.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചവിട്ടുവലയ്ക്കും, തോണികൾക്കും ലഭിക്കുന്ന നങ്ക്, കോലി, കൊയല തുടങ്ങിയ മത്സ്യങ്ങൾ ഇപ്പോൾ 200 രൂപയ്ക്ക് ലഭിക്കുന്നുണ്ട്. ഇവയെല്ലാം ഫ്രെഷാണ്. ആഴക്കടൽ മത്സ്യബന്ധനത്തിൽ ധാരാളമായി മത്സ്യം ലഭ്യമായി തുടങ്ങിയതാണ് മത്സ്യവിലയിൽ ഇടിവുണ്ടാകാൻ കാരണം.

അതിനിടെ, ചെറിയ മത്തിക്കുഞ്ഞുങ്ങൾ വിപണിയിൽ എത്തുന്നുണ്ട്. ഇവയെ പിടിക്കുന്നതിന് ഫിഷറീസ് വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇടനിലക്കാർ വഴി വിപണിയിൽ എത്തുന്നുണ്ട്.
ഇതിന് കിലോയ്ക്ക് 100 രൂപയാണ് വില. മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നതിന് നിയന്ത്രണമുള്ളതിനാൽ വലയിൽ കുടുങ്ങിയവയെ കടലിൽ തന്നെ ഒഴുകിവിടുന്ന ബോട്ടുടമകളും ഉണ്ട്. നല്ല മീനുകൾ കുറഞ്ഞ വിലയ്ക്ക് ലഭിച്ചുതുടങ്ങിയതിന്റെ സന്തോഷത്തിലാണ് മത്സ്യപ്രേമികൾ.
മത്സ്യവില കുറഞ്ഞതിനെക്കുറിച്ചുള്ള ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യൂ.
Article Summary: Fish prices drop for premium varieties; Mathi is scarce.
#KeralaFish #FishPrice #Kasaragod #FishMarket #Seafood #KeralaNews






