city-gold-ad-for-blogger

മീൻ വണ്ടികൾ റോഡിൽ മലിനജലമൊഴുക്കുന്നു; കാൽനടയാത്രക്കാർക്ക് ചളിയഭിഷേകം, ദുർഗന്ധത്തിൽ പൊറുതിമുട്ടി നാട്

Fish lorry waste water on Kasargod road
Photo: Special Arrangement

● മോട്ടോർ വാഹന വകുപ്പും പോലീസും കണ്ണടയ്ക്കുന്നുവെന്ന് ആക്ഷേപം.
● ചന്ദ്രഗിരി കെഎസ്ടിപി റോഡിലൂടെയാണ് വാഹനങ്ങൾ പ്രധാനമായും പോകുന്നത്.
● നാട്ടുകാർ വണ്ടികൾ തടയുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
● റോഡ് അപകടങ്ങൾക്കും ഇത്തരം വാഹനങ്ങൾ കാരണമാകുന്നുവെന്ന് നാട്ടുകാർ പറയുന്നു.

കാസർകോട്: (KasargodVartha) മീൻ കയറ്റി പോകുന്ന വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന മലിനജലം റോഡിലേക്ക് ഒഴുക്കുന്നത് മൂലം കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനക്കാർക്കും ദുരിതമാകുന്നു. 

മലിനജലം ലോറികളിൽ നിന്ന് റോഡിൽ ഒഴുകിപ്പോകുന്നത് കണ്ടിട്ടും മോട്ടോർ വാഹന വകുപ്പും പോലീസും കണ്ണടയ്ക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. മംഗലാപുരം ഭാഗത്തുനിന്ന് ദിവസേന നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് കാസർകോട് ദേശീയപാത വഴി ചന്ദ്രഗിരി കെഎസ്ടിപി റോഡിലൂടെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലേക്ക് കുതിക്കുന്നത്. 

ഇതിൽ മുക്കാൽ ഭാഗം വാഹനങ്ങളും മീൻ വെള്ളം യാത്രയ്ക്കിടെ റോഡിലേക്ക് തന്നെയാണ് ഒഴുക്കിവിടുന്നത്. ഇതിനായി വണ്ടികളിൽ പ്രത്യേകമായി പൈപ്പുകൾ സ്ഥാപിച്ചിട്ടുമുണ്ട്.

റോഡ് പരിസരത്ത് കൂടി കാൽനടയായി പോകുന്നവർക്ക് മീൻ വെള്ളം റോഡിൽ ഒഴുകുന്നതിനാൽ, പിറകിൽ നിന്ന് വരുന്ന വാഹനം ഈ വെള്ളത്തിലൂടെ കയറുമ്പോൾ അത് തെറിച്ച് വഴിയാത്രക്കാരുടെ മേൽ വീഴുന്നു. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഇതേ അവസ്ഥയാണ്. 

fish lorry waste water nuisance kasargod road pedestrians

ഇതുമൂലം ഓഫീസിലും മറ്റും പോകേണ്ടവർക്കും വിദ്യാർഥികൾക്കും മറ്റും വലിയ ബുദ്ധിമുട്ട് ആണ് സൃഷ്ടിക്കുന്നത്. ഒപ്പം ഉടുപ്പുകളിൽ അസഹ്യമായ ദുർഗന്ധവും ഉണ്ടാകുന്നു.

ഇങ്ങനെ മീൻ വെള്ളം റോഡിൽ ഒഴുക്കി വിടുന്ന വണ്ടികളെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നാട്ടുകാർ തടയുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഡ്രൈവർമാരെ താക്കീത് ചെയ്തു വിടുകയാണ് പതിവ്. ചെറിയ കേസുകൾ എന്ന് കരുതി പോലീസും മോട്ടോർ വാഹന വകുപ്പും ഈ വിഷയത്തിൽ തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വാഹനങ്ങളിൽ ഘടിപ്പിച്ച മലിനജല ടാങ്ക് തുറന്ന് റോഡരികിൽ ഒഴുക്കിവിടുന്ന സംഭവങ്ങളുമുണ്ട്. യാതൊരുമാനദണ്ഡങ്ങളും പാലിക്കതെയാണ് പല മീൻ വണ്ടികളും ചീറിപ്പായുന്നതും മലിനജലം ഒഴുക്കിവിടുന്നതും. റോഡ് അപകടങ്ങൾ സൃഷ്ടിക്കുന്നതിലും ഇത്തരം വാഹനങ്ങൾക്ക് വലിയപങ്കുണ്ട്. ചന്ദ്രഗിരി റോഡിൽ ഈയടുത്തുണ്ടായ പല അപകടങ്ങൾക്കും ഇത്തരം വാഹനങ്ങളാണെന്ന കാര്യം നാട്ടുകാർ ഉറപ്പിച്ചുപറയുന്നു.  കഴിഞ്ഞദിവസം മേല്പറമ്പ് ഉഡുപ്പി റെസ്റ്റോറൻ്റിനുമുൻവശത്ത് മീൻ വെള്ളം ഒഴുക്കിവിട്ടത് ഇതുവഴികടന്നുപോകുന്നവർക്ക് വലിയ ദുർഗന്ധമുണ്ടാകാൻ കാരണമായി. രാത്രിയോടെ കനത്ത മഴവന്നതിനാൽ മാത്രമാണ് ആശ്വാസമായത്.

പോലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് പോലീസുകാരോ വണ്ടിയോ ഇല്ലാതെ എങ്ങനെയാണ് മീൻ വണ്ടികളെ പിന്തുടർന്ന് പിടികൂടുക എന്ന് പോലീസുകാർ തന്നെ ചോദിക്കുന്നുമുണ്ട്.

മീൻ വെള്ളം റോഡിൽ ഒഴുക്കി വിടുന്ന വണ്ടിക്കാർക്കെതിരെ പഞ്ചായത്തിന് കീഴിലുള്ള എൻഫോഴ്സ്മെന്റ് സ്ക്വാഡ് തടഞ്ഞു നിർത്തി പിഴ ഈടാക്കണമെന്ന ആവശ്യവും വഴിയോര യാത്രക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.

Article Summary: News report on fish lorries leaking waste water on Kasargod roads, causing nuisance, foul odor, and safety concerns for the public.

#Kasargod #FishLorry #WasteWater #RoadSafety #PublicNuisance #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia