Infrastructure | കാസർകോട്ടെ ആദ്യത്തെ ആകാശപാത: വിദ്യാനഗറിൽ നിർമാണം ആരംഭിച്ചു
കാല്‍നടക്കാര്‍ക്കായി മേൽപാലം ഒരുങ്ങുന്നു
വിദ്യാനഗർ: (KasargodVartha) സർവീസ് റോഡിന്റെ ഇരുകരകളിലും ഉള്ളവർക്ക് മറുവശം കടക്കാനായി കാല്‍നട ആകാശപാതയുടെ നിർമാണം തുടങ്ങി. ദേശീയപാതയിൽ വിദ്യാനഗർ ഗവ.കോളജിനു സമീപമാണ് കാല്‍നട യാത്രക്കാര്‍ക്കായി റോഡിനുമുകളിലൂടെയുള്ള ജില്ലയിലെ ആദ്യ ആകാശപാത നിർമാണം നടക്കുന്നത്. റെയിൽ പാളത്തിനുമുകളിലൂടെയുള്ള നടപ്പാലങ്ങൾക്ക് സമാനമായ പാലം തന്നെയാവും ഇവിടെയും ഉയരുക.
45 മീറ്റർ നീളവും 5.50 മീറ്റർ ഉയരവും 2.20 മീറ്റർ വീതിയുമുള്ള ഈ മേൽപാലം സ്റ്റീൽ ഫാബ്രിക്കേഷനിൽ നിർമിക്കപ്പെടും. ഇരു ഭാഗത്തു നിന്നുമായി ഒരേ സമയം 70 പേർക്ക് വീതം കയറുകയും ഇറങ്ങുകയും ചെയ്യാന്‍ സാധിക്കും. പ്രധാനമായും ഗവ.കോളജിലെ വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥമാണ് ഇത് സ്ഥാപിക്കുന്നത്. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് അധികൃതരാണ് ഇവിടെ ദേശീയപാത വികസനം നടപ്പിലാക്കുന്നത്.
നേരത്തെ കോളജ് ഭാഗത്തെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിലുണ്ടായ കാലതാമസം കാരണമാണ് ആകാശപാതയുടെ നിര്‍മാണം അനിശ്ചിതമായി വൈകാന്‍ ഇടയാക്കിയത്. ആകാശപാത നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ വിദ്യാര്‍ഥികള്‍ക്കും മറ്റും മറുവശം കടക്കാന്‍ കൂടുതല്‍ ദൂരം യാത്ര ചെയ്ത് ചുറ്റികറങ്ങി വരേണ്ട ദുരിതം ഒഴിവാകും.