Fire | പ്ലൈവുഡ് ഫാക്ടറിയിലെ തീപ്പിടുത്തത്തിൽ 8 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തൽ
● വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് തീപ്പിടുത്തം ആദ്യം റിപോർട് ചെയ്തത്.
● ഫാക്ടറിയിലെ യന്ത്രങ്ങളും സ്റ്റോക്കുകളും പൂർണ്ണമായും നശിച്ചു.
മഞ്ചേശ്വരം: (KasargodVartha) വോർക്കാടിയിലെ ഫറോക് ബോർഡ്സ് ആൻഡ് വുഡ് ഇൻഡസ്ട്രീസ് എന്ന സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ഏകദേശം എട്ട് കോടി രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തൽ. ഫാക്ടറിയുടെ ഭൂരിഭാഗവും പൂർണമായും കത്തിനശിച്ചു. യന്ത്രങ്ങൾ നശിച്ചു. തീ പൂർണമായും അണയ്ക്കാൻ ശനിയാഴ്ച വൈകുന്നേരവും അഗ്നിശമന സേന ശ്രമങ്ങൾ തുടർന്നു.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് തീപ്പിടുത്തം ആദ്യം റിപോർട് ചെയ്തത്. തീ നിയന്ത്രണവിധേയമാക്കാൻ അയൽ സ്റ്റേഷനുകളിൽ നിന്നുള്ള ഒന്നിലധികം ഫയർ യൂണിറ്റുകൾ രാത്രി മുഴുവൻ പരിശ്രമിച്ചു. ഷോർട് സർക്യൂടാണ് തീപ്പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഭാഗ്യം കൊണ്ട് ആർക്കും പരിക്കുകളൊന്നും റിപോർട് ചെയ്തിട്ടില്ലെന്ന് ഫാക്ടറി ഉടമ ഫാറൂഖ് പറഞ്ഞു.
ഫാക്ടറിയിലുണ്ടായിരുന്ന തൊഴിലാളികൾ സുരക്ഷിതമായി രക്ഷപ്പെട്ടു. ഒരു പതിറ്റാണ്ടിലേറെയായി പ്ലൈവുഡ് ഫാക്ടറി നടത്തിവരുന്നു. ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. കൃത്യസമയത്ത് ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. തീപ്പിടിത്തമുണ്ടായ സമയത്ത് ഫാക്ടറിയിൽ പ്ലൈവുഡിൻ്റെ പുതിയ സ്റ്റോകുകളും രണ്ട് കോടി രൂപയുടെ അസംസ്‌കൃത വസ്തുക്കളും ഉണ്ടായിരുന്നു.
ഇതിന് പുറമെ ഫാക്ടറി കെട്ടിടത്തിനും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലേക്ക് പ്ലൈവുഡ് കയറ്റുമതി ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ജോലിക്കാർ. കാസർകോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, ഉപ്പള, കുറ്റിക്കോൽ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ നിന്നായി ഫയർ യൂണിറ്റുകൾ ചേർന്നാണ് തീ അണയ്ക്കാൻ ശ്രമിച്ചത്.
ആവി ഉപയോഗിച്ച് പ്ലൈവുഡ് ഉണക്കിയെടുക്കുന്ന ഡ്രയർ റൂമിൽ നിന്നാണ് തീപ്പിടുത്തമുണ്ടായത്. എന്നാൽ തീപ്പിടുത്തത്തിൻ്റെ കൃത്യമായ കാരണം വ്യക്തമല്ലെന്ന് ഉപ്പള ഫയർ സ്റ്റേഷനിലെ അഗ്നിശമന ഉദ്യോഗസ്ഥൻ പറഞ്ഞു.
#KasaragodFire #PlywoodFactoryFire #AccidentReport #FireSafety #LocalNews #Breaking