Action | മാലിന്യം വലിച്ചെറിഞ്ഞാൽ കീശ ചോരും; മഞ്ചേശ്വരത്ത് അപ്പാർട്ട്മെന്റ്, ക്വാർട്ടേഴ്‌സ് ഉടമകൾക്ക് വലിയ പിഴ ചുമത്തി
![Fines Imposed for Waste Disposal in Kasaragod](https://www.kasargodvartha.com/static/c1e/client/114096/uploaded/798237a453334b228dc6e2a292a15ac6.jpg?width=823&height=463&resizemode=4)
● മഞ്ചേശ്വരം പഞ്ചായത്തിലാണ് പരിശോധന നടന്നത്.
● സ്വകാര്യ സ്കൂളിന് പ്ലാസ്റ്റിക് കത്തിച്ചതിന് 5000 രൂപ പിഴ ചുമത്തി.
● സൂപ്പർമാർക്കറ്റിന് 5000 രൂപ പിഴ ഈടാക്കി.
കാസർകോട്: (KasargodVartha) ജില്ലയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. പൊതുസ്ഥലങ്ങളിലും സ്വകാര്യസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി മഞ്ചേശ്വരം പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ അപ്പാർട്ട്മെന്റുകൾ, ക്വാർട്ടേഴ്സുകൾ, സ്കൂളുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് പിഴ ചുമത്തി.
മഞ്ചേശ്വരം പഞ്ചായത്തിലെ ഗേരിക്കട്ടെ റോഡിൽ നടത്തിയ പരിശോധനയിൽ അപ്പാർട്ട്മെന്റുകളിൽ നിന്നും ക്വാർട്ടേഴ്സുകളിൽ നിന്നും മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തി. തുടർന്ന് അപ്പാർട്ട്മെന്റ് ഉടമയ്ക്ക് 10000 രൂപയും ക്വാർട്ടേഴ്സ് ഉടമയ്ക്ക് 5000 രൂപയും പിഴ ചുമത്തി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടതിനും കത്തിച്ചതിനും മഞ്ചേശ്വരത്തുള്ള ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് 5000 രൂപ തൽസമയ പിഴ ഈടാക്കി. കൂടാതെ, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് മഞ്ചേശ്വരത്തെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നും 5000 രൂപ തൽസമയ പിഴ ഈടാക്കി.
മാലിന്യം വലിച്ചെറിഞ്ഞ് പരിസരം വൃത്തികേടാക്കിയതിന് സ്വീറ്റ്സ്, ഹോട്ടൽ തുടങ്ങിയ സ്ഥാപന ഉടമകളിൽ നിന്നും പഞ്ചായത്ത് രാജ് ആക്ട് 219 എൻ പ്രകാരം തൽസമയ പിഴ ഈടാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് സ്ഥാപന ഉടമകളുടെ ഉത്തരവാദിത്തമാണെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ കെ വി മുഹമ്മദ് മദനി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രവീൺ രാജ്, സ്ക്വാഡ് അംഗം ഫാസിൽ ഇ കെ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇനിയും ശക്തമായ പരിശോധനകൾ നടത്തുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
#Kasaragod, #WasteDisposal, #Fines, #CleanEnvironment, #LocalNews, #Kerala