കവുങ്ങ് കര്‍ഷകര്‍ക്കുള്ള സഹായധനം ഒരു മാസത്തിനകം: കൃഷിവകുപ്പ് മന്ത്രി
Apr 16, 2012, 14:38 IST

കാസര്‍കോട്: ജില്ലയില്‍ കവുങ്ങ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഒരു മാസത്തിനകം വിതരണം ചെയ്യുമെന്ന് കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ അറിയിച്ചു. സര്‍ക്കാര്‍ ജില്ലയിലെ കവുങ്ങ് കര്‍ഷകര്‍ക്ക് 10 കോടി രൂപയാണ് നഷ്ട പരിഹാരമായി പ്രഖ്യാപിച്ചിരുന്നത്. ഒരു കവുങ്ങിന് 10 രൂപാ വീതമാണ് പരിഹാര ധനം നല്‍കുക.
കാറഡുക്ക ഗ്രാമപഞ്ചായത്തിലെ ചോദമൂലയില്‍ കൃഷി വകുപ്പ് നടപ്പിലാക്കിയ കേരശ്രീ നാളികേര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച മുച്ചിലോട്ട് ഭഗവതി ഓയില്‍ മില്ലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നാളികേരത്തില്‍ നിന്ന് 250 ഓളം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നു. ഇത്തരം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വ്യാപകമാവുന്നതോടെ വന്‍ ലാഭമുണ്ടാക്കാന്‍ കഴിയും. ഇളനീര്‍ പാനീയ ഉപയോഗം വ്യാപകമാകണം. ഇപ്പോള്‍ തന്നെ ഇളനീര്‍ ഔദ്യേഗിക പാനീയമായി പ്രഖ്യാപിച്ചിട്ടുണ്ട്. നാളികേര ഉല്‍പ്പാദനത്തില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണുള്ളത്. ഒന്നും, രണ്ടും സ്ഥാനക്കാരായ തമിഴ്നാടിനെയും ആന്ധ്രാപ്രദേശിനെയും പിന്തള്ളി കേരളം ഒന്നാം സ്ഥാനം എത്തേണ്ടതുണ്ട്. ഉല്‍പ്പാദന ചെലവും തൊഴിലാളി ക്ഷാമവുമാണ് കേരള കര്‍ഷകര്‍ തെങ്ങ് കൃഷിയില്‍ നിന്നു പിന്തിരിയാന്‍ കാരണം-മന്ത്രി പറഞ്ഞു. ബദിയഡുക്ക പഞ്ചായത്തില്‍ ഒരു വന്‍കിട പശു വളര്‍ത്തല്‍ ഫാം ഹൌസ് തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി. ഫാം ഹൌസ് സ്ഥാപിക്കുന്ന സ്ഥലം മന്ത്രി സന്ദര്‍ശിച്ചു.
മില്ലില്‍ ഉല്‍പ്പാദിപ്പിച്ച ഗംഗ ബ്രാന്റ് വെളിച്ചെണ്ണയുടെ ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാ ദേവി നിര്‍വ്വഹിച്ചു. കൃഷി ഡയറക്ടര്‍ ആര്‍.അജിത് കുമാര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എന്‍.പ്രദീപ്, കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത ആര്‍ തന്ത്രി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ തിമ്മയ്യ, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ രേണുകാ ദേവി, പഞ്ചായത്തംഗം സുമതി, സിണ്ടിക്കേറ്റ് സീനിയര്‍ മാനേജര്‍ വി.നാരായണ ഭട്ട്, കെ.എസ്.ഇ.ബി അസിസ്റന്റ് എഞ്ചിനീയര്‍ ബി.വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
30 ലക്ഷം രൂപാ ചെലവില്‍ ആരംഭിച്ച എണ്ണ മില്ലിനു സര്‍ക്കാര്‍ 10 ലക്ഷം രൂപാ സബ്സിഡി അനുവദിച്ചിട്ടുണ്ട്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്.ശിവപ്രസാദ് സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ നാരായണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.
Keywords: Financial assistance, Arkanut farmer, Minister K.P.Mohanan,Kasaragod