പോളിംഗിനുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഞായറഴ്ച രാവിലെ മുതല്‍ വോടിംഗ് യന്ത്രങ്ങള്‍ വിതരണം ചെയ്യും; സ്‌ട്രോംഗ് റൂമുകള്‍ പരിശോധിച്ചു
കാസര്‍കോട്: (www.kasargodvartha.com 12.12.2020) തെരെഞ്ഞടുപ്പിന് ഒരു ദിവസം ബാക്കി നില്‍ക്കെ ജില്ലയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രം തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യാന്‍ വരണാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഞായറഴ്ച രാവിലെ മുതല്‍ വോടിംഗ് യന്ത്രങ്ങള്‍ വിതരണം ചെയ്യും.
കാസര്‍കോട് ബ്ലോക് പഞ്ചായത്ത് വരണാധികാരി കാസര്‍കോട് ആര്‍ ഡി ഒ വി ജെ ശംസുദ്ദീന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സജിത് കുമാര്‍, കാസര്‍കോട് നഗരസഭ വരണാധികാരികളായ കാസര്‍കോട് ഡി ഇ ഒ നന്ദികേശന്‍ തുടങ്ങിയവര്‍ കാസര്‍കോടും മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് വരണാധികാരി എ ഡി സി (ജനറല്‍ ) ബെവിന്‍ ജോണ്‍ വര്‍ഗീസ് കുമ്പളയിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവുരുന്നു.
കലക്ടര്‍ ഡോ. ഡി സജിത് ബാബു തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കാസര്‍കോട് ഗവ. കോളജ്, കുമ്പള ജി എച്ച് എസ് എസ്, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌ട്രോംഗ് റൂമുകള്‍ സന്ദര്‍ശിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരിശോധനയ്ക്ക് എത്തിയപ്പോള്‍ കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് വരണാധികാരി ഡി ആര്‍ മേഘശ്രീയും ഒപ്പമുണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ, കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ എന്നിര്‍ കലക്ടറുമായി ചര്‍ച്ച ചെയ്ത് തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തി.