മദ്യകുപ്പിക്കുവേണ്ടി അടിപിടി; യുവാവിന് പരിക്ക്
Dec 29, 2012, 16:01 IST

വെള്ളരിക്കുണ്ട്: മദ്യകുപ്പിക്കുവേണ്ടിയുള്ള പിടിവലിക്കൊടുവില്‍ യുവാവിനെ തള്ളിവീഴ്ത്തി. വെള്ളരിക്കുണ്ട് പാത്തിയടുക്കം കായക്കുന്നിലെ മുരണയുടെ മകന്‍ കുഞ്ഞിരാമനെയാണ്(40) ചന്ദ്രന്‍, ഷൈജു എന്നിവര്‍ ചേര്‍ന്ന് തള്ളിവീഴ്ത്തിയും അടിച്ചും പരിക്കേല്‍പ്പിച്ചത്.
പാത്തിയടുക്കത്തെ രവി എന്നയാളുടെ വീടിന്റെ നിലംപണി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയില്‍ കുഞ്ഞിരാമന്‍ മദ്യവും വാങ്ങിയിരുന്നു. മദ്യകുപ്പിയുമായി കുഞ്ഞിരാമന്‍ നടന്നുവരുന്നതു കണ്ട ചന്ദ്രനും ഷൈജുവും ഇതില്‍ നിന്നും രണ്ട് പെഗ്ഗ് തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടു. പൊതുവെ മദ്യലഹരിയിലായിരുന്ന രണ്ട് പേര്‍ക്കും ഇത്തരമൊരു അവസ്ഥയില്‍ ഒരു തുള്ളി പോലും തരാന്‍ സാധിക്കില്ലെന്ന് കുഞ്ഞിരാമന്‍ വ്യക്തമാക്കി. ഇതില്‍ പ്രകോപിതരായ ചന്ദ്രനും ഷൈജുവും അങ്ങനെയെങ്കില്‍ മുഴുവനും തങ്ങള്‍ക്ക് വേണമെന്ന് വാശിപിടിച്ച് മദ്യകുപ്പിയില്‍ പിടുത്തമിട്ടു. കുപ്പി കൈവിട്ടുപോകാതിരിക്കാന്‍ കുഞ്ഞിരാമന്‍ മുറുകെ പിടിച്ചെങ്കിലും ചന്ദ്രനും ഷൈജുവും കുപ്പി പിടിച്ചെടുക്കാന്‍ ശ്രമം തുടര്‍ന്നതോടെ പിടിവലി നടന്നു. തുടര്‍ന്ന് മദ്യകുപ്പി കൈക്കലാക്കിയ ശേഷം കുഞ്ഞിരാമനെ ഇരുവരും തള്ളിവീഴ്ത്തുകയായിരുന്നു.
പരിക്കേറ്റെങ്കിലും പാടുപെട്ട് എഴുന്നേറ്റ കുഞ്ഞിരാമന്‍ കുപ്പി തിരിച്ചുപിടിക്കാന്‍ പിറകെ ഓടിയെങ്കിലും രണ്ട് പേരും അപ്പോഴേക്കും കടന്നു കളഞ്ഞിരുന്നു. സാരമായി പരിക്കേറ്റ കുഞ്ഞിരാമനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Vellarikundu, Liquor, Injured, Hospital, Kerala, Kunhiraman, Chandran, Shaiju, Work, Kasargodvartha, Malayalam News.