Investigation | യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും കൊടിയ പീഡനമെന്ന് പിതാവ്; പൊലീസ് അന്വേഷണം ആരംഭിച്ചു; മൃതദേഹങ്ങൾ സംസ്ക്കരിച്ചു
* മൂന്നുദിവസം മുമ്പാണ് സ്വന്തം വീട്ടിലേക്ക് വന്നത്
* മൃതദേഹങ്ങൾ പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
ചെര്‍ക്കള: (KasaragodVartha) നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയും മാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുളിയാര്‍ അര്‍ളടുക്ക കോപ്പാളം കൊച്ചിയിലെ രാമചന്ദ്രന്‍ - ലളിത ദമ്പതികളുടെ മകള്‍ ബിന്ദു (28), നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് ശ്രീനന്ദ എന്നിവരാണ് മരിച്ചത്.
ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസികമായും ശാരീരികമായുമുള്ള കൊടിയ പീഡനമാണ് മകള്‍ ബിന്ദുവിന്റെയും കുഞ്ഞിന്റെയും മരണത്തിലേക്ക് നയിച്ചതെന്ന് പിതാവ് രാമചന്ദ്രന്‍ ആരോപിച്ചു. ഇടുക്കി തൊടുപുഴ മലയിഞ്ചി സ്വദേശിയും ഇപ്പോള്‍ ഇസ്രാഈലിൽ ജോലിക്കാരനുമായ ശരത്തിന്റെ ഭാര്യയാണ് ബിന്ദു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊപ്പാളം കൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തിലാണ് ബിന്ദുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ അവശനിലയില്‍ കിടപ്പ് മുറിയിലും കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ഉടന്‍തന്നെ ചെങ്കളയിലെ ആശുപത്രിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബിന്ദു കൈഞരമ്പ് മുറിച്ച് തൂങ്ങിമരിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. എറണാകുളത്തെ കിറ്റസ്‌ക് കംപനിയിലെ സൂപര്‍വൈസറായിരുന്ന ശരത് ഇവിടെ ജോലി ചെയ്തിരുന്ന ബിന്ദുവുമായി പ്രണയത്തിലാവുകയും ആറുവര്‍ഷം മുമ്പ് ഇരുവരും വിവാഹിതരാവുകയുമായിരുന്നു. ഇവര്‍ക്ക് ശ്രീഹരിയെന്ന നാലുവയസുപ്രായമുള്ള മകന്‍ ഉണ്ട്. മൂന്നുദിവസം മുമ്പാണ് ബിന്ദുവും മക്കളും ഇടുക്കിയിലെ ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് വന്നത്. ഓണം, വിഷു ആഘോഷവേളകളില്‍ ബിന്ദുവിനെയും മക്കളെയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാറുണ്ടെന്നും ഇത്തവണ ബിന്ദു വീട്ടിലേക്ക് വന്നശേഷം ഭര്‍തൃമാതാവ് വിളിച്ച് അപവാദം പറയുകയും മകളെ തിരിച്ചയക്കേണ്ടന്നും ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നുവെന്നും പിതാവ് രാമചന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തന്നെക്കുറിച്ച് മാതാപിതാക്കളോട് അപവാദം പറയരുതെന്ന് ബിന്ദു കരഞ്ഞ് കാലുപിടിച്ചിട്ടും ഇല്ലാ കഥകള്‍ പറഞ്ഞതോടെയാണ് മകള്‍ കടുംകൈ ചെയ്തതെന്ന് പിതാവ് വെളിപ്പെടുത്തി. യുവതിയുടെയും കുഞ്ഞിന്റെയും മരണവുമായി ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ബിന്ദുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെടുന്നത്.
തഹസില്‍ദാര്‍ ഇ എം അബൂബകര്‍ സിദ്ദീഖ്, ഡിവൈഎസ്പി ജയന്‍ ഡൊമനിക്, ആദൂര്‍ സി ഐ പി സി സഞ്ജയ് കുമാര്‍, എസ്ഐ അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയത്. ശനിയാഴ്ച രാവിലെ മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടർന്ന് മൃതദേഹങ്ങൾ സംസ്ക്കരിച്ചു.